കണ്ണൂര്‍: പ്രവാസികള്‍ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ കണ്ണൂരില്‍ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നു. പ്രവാസികളേയും വഹിച്ചു കൊണ്ടുളള വന്ദേഭാരത് മിഷന്റെ വിമാനങ്ങളും ചാര്‍ട്ടെഡ് ഫ്ളൈറ്റുകളും ദിനംപ്രതി എത്തിക്കൊണ്ടിരിക്കെ കണ്ണൂര്‍ വിമാനത്താവളത്തിലും പ്രതിരോധ സംവിധാനങ്ങള്‍ തകിടം മറിഞ്ഞു.
വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെത്തിയ യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട യാതൊരു പ്രൊട്ടോകോളും അധികൃതര്‍ ഒരുക്കിയില്ലെന്ന ആരോപണം ഉയര്‍ന്നു. സാമൂഹ്യ അകലം പാലിക്കാതെയും ശരിയായ രീതിയില്‍ പരിശോധനങ്ങള്‍ നടത്താതെയും കൂട്ടത്തോടെ യാത്രക്കാരെ കടത്തിവിട്ടതായാണ് ആരോപണം.
ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്നും പരാതിയുണ്ട്. കൂടുതല്‍ ചാര്‍ട്ടഡ് വിമാനങ്ങള്‍ ഒന്നിച്ചെത്തിയതോടെ യാത്രക്കാരുടെ കൂക്കിവിളികളും പരാതികളും ഉയര്‍ന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വിദേശത്തുളളവരും അന്യസംസ്ഥാനത്തുളളവരുമായ കൂടുതല്‍ പേര് ജില്ലയിലെത്തിയതോടെ സര്‍ക്കാര്‍ സംവിധാനങ്ങളെ വേണ്ടത്ര ജാഗ്രതയോടെ ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ ജില്ലാ ഭരണകൂടം ബുദ്ധിമുട്ടുകയാണ്.
മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും സ്വന്തം നാട്ടിലെത്തിയ പ്രവാസികളുടെ ഗതിയാണിതെന്നും സംസ്ഥാനത്ത് സര്‍ക്കാര്‍ ക്വാറന്റൈനുമില്ല ഹോം ക്വാറന്റൈനുമില്ല സാമൂഹ്യ അകലവുമില്ല പോകാന്‍ വാഹനവുമില്ല ഒരു ഉേദ്യാഗസ്ഥന് പോലുമില്ലെന്നും വീഡിയോയ്ക്ക് അടിക്കുറിപ്പായി വിമാനത്താവളത്തിലെത്തിയ പ്രവാസികളില്‍ ചിലര്‍തന്നെ എഴുതി ചേര്‍ത്തിട്ടുണ്ട്. വൈകുന്നേരത്തെ പത്രസമ്മേളനവും പിആര്‍ ഏജന്‍സികളുടെ മിടുക്കും സൈബര്‍ സഖാക്കളുടെ തള്ളും കൊണ്ട് ജനങ്ങളെ കബളിപ്പിക്കാമെന്ന് കരുതുന്നവര്‍ക്ക് തെറ്റിയെന്നും വെറുതെയല്ല പ്രവാസികളുടെ വരവ് മുടക്കുന്നതെന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതായും കുറിപ്പില്‍ പറയുന്നു.
വിമാനത്താവളത്തില്‍ മാത്രമല്ല ജില്ലയിലാകമാനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാത്ത സാഹചര്യമാണ് നിലവിലുളളത്. ക്വാറന്റൈന് കേന്ദ്രങ്ങളിലെ അസൗകര്യങ്ങളെ കുറിച്ചും ഇവിടങ്ങളില്‍ നിന്ന് കോവിഡ് പരിശോധനയ്ക്ക് ആശുപത്രികളിലെത്തിക്കുന്നതിനെ കുറിച്ചും പരിശോധിച്ചവരെ തിരിച്ച് വീട്ടിലെത്തിക്കുന്നതിനെ ചൊല്ലിയും പരാതികളുയരുന്നുണ്ട്. ക്വാറന്റൈയിനില്‍ കഴിയുന്നവരുടെ വീടുകളുടേയും മറ്റും നിരീക്ഷണവും വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന ആക്ഷേപവും പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും ഉയരുന്നുണ്ട്. മാത്രമല്ല ആശുപത്രികളിലെ സൗകര്യങ്ങളുമായി ബന്ധപ്പെട്ടും ചികിത്സയുമായി ബന്ധപ്പെട്ടും പല മേഖലയിലും പരാതി നിലനില്‍ക്കുന്നുണ്ട്. കോവിഡ് രോഗം സ്ഥിരീകരിച്ച് മരണപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥന് വേണ്ട ചികിത്സയും ശ്രദ്ധയും ലഭിച്ചില്ലെന്ന് സഹോദരന്‍തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: