അഞ്ചല്‍: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന സംഭവത്തില്‍ പ്രധാന പ്രതികളായ സൂരജ്, പാമ്പ് പിടുത്തക്കാരന് സുരേഷ് എന്നിവരെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. മെയ് ഏഴിനാണ് ഏറം വെള്ളിശ്ശേരില്‍ വീട്ടില്‍ ഉത്ര(25)യെ ഭര്‍ത്താവ് സൂരജ് വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊത്തിച്ചുകൊന്നത്.
ക്രൈംബ്രാഞ്ചാണ് പ്രധാനമായും കേസന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി പാമ്പിന്റെ പോസ്റ്റുമാര്‍ട്ടം നടത്തിയിരുന്നു. പ്രായപൂര്‍ത്തിയായതും ഒരാളെ കൊല്ലാന്‍ പ്രാപ്തമായതുമായ മൂര്‍ഖന്‍ പാമ്പാണ് ഇതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. മാംസത്തിന്റെ അവശിഷ്ടവും വിഷപ്പല്ലും തലച്ചോറും പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ആയുധമില്ലാത്ത കൊലപാതകമെന്ന നിലയില്‍ അന്വേഷണസംഘം പാമ്പിനെ ആണ് ആയുധമായി പരിഗണിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.
പാമ്പിന്റെ തന്നെ കടിയേറ്റാണ് മരിച്ചതെന്നും പട്ടിണിക്കിട്ട പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചതാണന്നും സൂരജ് വനംവകുപ്പ് ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. ഉത്രയുടെ വീട്ടിലെത്തിച്ച സൂരജിനെ കിടപ്പുമുറിയിലും വീട്ടുപരിസരത്തും പാമ്പിനെ കുഴിച്ചെടുത്ത സ്ഥലത്തും കൊണ്ടുപോയി തെളിവെടുത്തു. നാല്‍പ്പതിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംരക്ഷണയില്‍ ജാഗ്രതയോടെയായിരുന്നു തെളിവെടുപ്പ്. അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി.ആര്. ജയന്റെ നേതൃത്തില്‍ ഉള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: