1962 ഒക്ടോബര്‍ 20 മുതല്‍ നമ്മുടെ ദേശത്തേക്ക് ചീനയുടെ ആക്രമണം ഉണ്ടായി. സര്‍ക്കാര്‍ ഈ ആക്രമണത്തെ അപ്രതീക്ഷിതമായ ഒന്നായി കരുതിയെങ്കിലും യഥാര്‍ത്ഥത്തില്‍ അത് അപ്രതീക്ഷിതമായിരുന്നില്ല. ചീന, തിബത്ത് ആക്രമിച്ചപ്പോഴും കീഴടക്കിയപ്പോഴും ചീനയ്ക്ക് നമ്മോട് ഉദാരമായ നിലപാടല്ല ഉള്ളതെന്ന് വ്യക്തമായിരുന്നു. ഒരു ഭാഗത്ത് റഷ്യയും മറ്റു ഭാഗങ്ങളില്‍ സമുദ്രവും അതിര്‍ത്തികളായുള്ള ചീനയ്ക്ക് ദുര്‍ബലമായ തിബത്തിലേക്ക് നീങ്ങുക മാത്രമായിരുന്നു സാമ്രാജ്യ വികസനത്തിനുള്ള ഒരേയൊരു മാര്‍ഗം.
ബ്രിട്ടീഷുകാര്‍ തിബത്തിന്റെ സ്വതന്ത്രമായ പദവി നിലനിര്‍ത്തിപ്പോരാന്‍ ശ്രമിച്ചിട്ടുണ്ട്. ഭാരതത്തിനും ചീനയ്ക്കും ഇടയില്‍ ഇടനാട് ആവശ്യമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ബ്രിട്ടീഷുകാര്‍ ചെയ്തതെല്ലാം ഇല്ലായ്മ ചെയ്യാനുള്ള ഉത്സാഹത്തള്ളലില്‍ നമ്മുടെ നേതൃത്വം ചീനയ്ക്ക് തിബത്തിനുമേല്‍ പരമാധികാരം അംഗീകരിച്ചു. എന്നിട്ടും ചീന കുറേക്കൂടി മുന്നോട്ട് നീങ്ങുകയും നമ്മുടെ നാട്ടിലേക്ക് ആക്രമിച്ചുകടന്ന് 12,000 ചതുരശ്ര നാഴിക വരുന്ന പ്രദേശം അനധികൃതമായി കൈവശമാക്കുകയും ചെയ്തു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ നാടിനോട് തുറന്ന ശത്രുഭാവം അവര്‍ പ്രകടിപ്പിച്ചുപോന്നു.
മുന്നറിയിപ്പുകളെ അവഗണിച്ചു
ഒന്നാമതായി ചീന വികസന മോഹമുള്ള രാഷ്ട്രമായിരുന്നെന്ന് ഓര്‍മിക്കണം. അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സ്വഭാവമാണത്. ആ മഞ്ഞരാക്ഷസനെ ഉണര്ത്തരുത്. ഉണര്‍ത്തിയാല്‍ അത് മനുഷ്യരാശിക്ക് ആകമാനം ഗുരുതരമായ ആപത്തുകള്‍ വരുത്തുമെന്ന് 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് നെപ്പോളിയന് മുന്നറിയിപ്പ് നല്‍കിയതാണ്. ബ്രിട്ടീഷുകാര്‍ ഈ നാട് വിട്ടുപോയാല്‍ അധികം താമസിക്കാതെ ചീന ഭാരതത്തെ ആക്രമിക്കുമെന്ന് 70 വര്‍ഷം മുമ്പ് സ്വാമി വിവേകാനന്ദന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചീന നമ്മുടെ മണ്ണില്‍ പല തന്ത്രസ്ഥാനങ്ങളിലും ആക്രമണം നടത്തിയിട്ടുണ്ടെന്ന് സംഘത്തിലുള്ള നാം കഴിഞ്ഞ എട്ടുവര്‍ഷമായി മുന്നറിയിപ്പ് നല്കിക്കൊണ്ടിരുന്നു. അന്നാരും നമ്മെ വിശ്വസിക്കാന്‍ തയ്യാറായില്ല. നാം ഭ്രാന്തന്മാരെപ്പോലെ സംസാരിക്കുകയാണെന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപര്‍ ആക്ഷേപിച്ചു. എന്നിട്ട് ഇന്ന് നമ്മുടെ നേതാക്കന്മാര് പറയുന്നു, നമുക്കിത് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയായിപ്പോയെന്ന്. ചീനയുടെ സഹജമായ വികസന ദാഹത്തോട് ലഹരിപിടിപ്പിക്കുന്ന കമ്യൂണിസ്റ്റ് ആശയവും കൂടിച്ചേര്‍ന്നിരിക്കുന്നു. കമ്യൂണിസമാവട്ടെ അങ്ങേയറ്റം അക്രമപരവും വികസനമോഹം നിറഞ്ഞതും സാമ്രാജ്യത്വ പരവുമായ തത്വസംഹിതയാണ്. അങ്ങനെ നോക്കിയാല്‍ കമ്യൂണിസ്റ്റ് ചീനയെന്നത് ആക്രമണോത്സുകമായ രണ്ട് പ്രവണതകളുടെ വിസ്ഫോടകമായ സംയോജനമാണ്.
മഞ്ഞവിപത്തിന്റെ പ്രകൃതം
ചീനയുടെ ഈ ആക്രമണം ഈശ്വരന് കനിഞ്ഞരുളിയ ഉര്വശീശാപമാണെന്ന് ചിലര്‍ പറയുന്നു. കാരണം, തന്മൂലം നമ്മുടെ ജനത ഉണരുകയും ഒരൊറ്റ ദേശീയ വ്യക്തിയെപ്പോലെ ഒന്നായി നില്‍ക്കുകയും ചെയ്തുവത്രേ. ശരിയാണ്, കാലഘട്ടത്തിന്റെ വെല്ലുവിളി അത്ഭുതകരമാം വിധം ജനങ്ങള്‍ ചെവിക്കൊള്ളുകയും ഒറ്റ വ്യക്തിയെപ്പോലെ അത്യന്തം നിശ്ചയ ദാര്‍ഢ്യത്തോടെ ശത്രുവിനെ തൂത്തെറിയാന്‍ സന്നദ്ധരാവുകയും ചെയ്തു. എന്നാല്‍ ആ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രാവര്‍ത്തിക രൂപമെന്തായിരിക്കണമെന്നോ, തങ്ങളെന്തു ചെയ്യണമെന്നാണ് രാഷ്ട്രം പ്രതീക്ഷിക്കുന്നതെന്നോ അവര്‍ക്കറിയില്ലായിരുന്നു.
സര്‍വ്വസാധാരണ മാനുഷിക ഗുണങ്ങളായ ദയ, സഹതാപം, മനുഷ്യജീവനോടുള്ള ബഹുമാനം ഇതൊന്നും തൊട്ടുതെറിച്ചിട്ടില്ലാത്ത കൂട്ടമാണ് ചീനക്കാര്‍. മാവോ-സെ-തൂങ് ആദ്ദേഹത്തിന്റെ ആഗ്രഹം ഒരിക്കല്‍ പ്രകടിപ്പിക്കുകയുണ്ടായി. നവീനങ്ങളായ എല്ലാ ആണവായുധങ്ങളും യഥേഷ്ടം പ്രയോഗിച്ചുകൊണ്ടുള്ള ആഗോളയുദ്ധം മനം കുളിര്‍ക്കെ കാണാനുള്ള ആഗ്രഹം. ഈ യുദ്ധത്തില്‍ അമേരിക്ക, റഷ്യ മുതലായ യൂറോപ്യന്‍ രാജ്യങ്ങളിലെ ജനതയാകെ തുടച്ചുനീക്കപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. ആ നരമേധത്തില്‍ 40 കോടി ചീനക്കാര്‍ ചത്തൊടുങ്ങിയാല്‍ തന്നെ ലോകത്തെ ഭരിക്കാന്‍ 25 കോടി ചീനക്കാര്‍ ശേഷിക്കും. ഇതാണ് മാവോചിന്ത. മനുഷ്യരുടെ ജീവനാശത്തെക്കുറിച്ച് അവര്‍ വേവലാതിപ്പെടുന്നില്ല. ചീനര്‍ ചതിയരാണ്, വൃത്തികെട്ടവരാണ് എന്നൊക്കെ ആക്ഷേപിക്കുന്നതും വ്യര്‍ഥമാണ്. അടിക്ക് അടി കൊടുക്കാന്‍ കഴിയാത്ത ദുര്‍ബലന്റെ ശാപവാക്കുകളായേ അവ പരിഗണിക്കപ്പെടുകയുള്ളൂ. നാം ആ താണതരം മനോവൃത്തിയിലേക്ക് അധപ്പതിക്കരുത്.
ഇച്ഛാശക്തിയെ ദൃഢീകരിക്കുക
ഇതിനൊന്നാമതായി വേണ്ടത് രാഷ്ട്രവ്യാപിയും നിശ്ചയദാര്ഢ്യമുറ്റതും സംഘടിതവുമായ പ്രയത്നത്തിനുവേണ്ടി ജനങ്ങളുടെ ഇച്ഛാശക്തിയെ ഉരുക്കിന് സമമാക്കുകയാണ്. ഈ സമരം ഒരുപക്ഷേ നീണ്ടതും കടുത്തതുമാകാം. ദുരിതങ്ങളേല്ക്കാനും ത്യാഗങ്ങളനുഷ്ഠിക്കാനും നാമോരോരുത്തരും തയ്യാറാകേണ്ടിവരും. നമുക്കേവര്‍ക്കും ഈ ബുദ്ധിമുട്ടുകള്‍ മ്ലാനത കൂടാതെ പുഞ്ചിരിയോടെ ഉറച്ചുനിന്ന് നേരിടാം.
ആധുനിക യുദ്ധത്തില്‍ സമ്പൂര്‍ണ രാഷ്ട്രം മറ്റൊരു സമ്പൂര്‍ണ രാഷ്ട്രത്തോട് പൊരുതുന്നുവെന്ന് നാം ഓര്‍ക്കണം. രണ്ട് സേനകള്‍ തമ്മിലുള്ള പോരാട്ടം മാത്രമല്ല ഇത്. ശാസ്ത്രജ്ഞന്മാരും വ്യവസായികളും തൊട്ട് തൊഴിലാളികളും കൃഷിക്കാരും വരെയുള്ള ഓരോരുത്തര്‍ക്കും ദേശത്തിന് വേണ്ടി സമര്‍പ്പണഭാവത്തോടെ നീണ്ടകാലത്തേക്ക് കഠിനാധ്വാനം ചെയ്യേണ്ടി വരും.
നേതൃത്വം പരീക്ഷിക്കപ്പെടുന്നു
രണ്ടാമതായി ആവശ്യമുള്ളത് ഉറച്ച നേതൃത്വമാണ്. ഇന്നത്തെ പ്രതിസന്ധി കണ്ട് തളരുകയോ സന്ധിസംഭാഷണത്തിന് ഒരുങ്ങുകയോ ചെയ്യാത്ത ദൃഢചിത്തതയുള്ള നേതൃത്വം കൂടിയേ തീരൂ. ചില ഉന്നത നേതാക്കന്മാര്ക്ക് സമാധാനാശയങ്ങളോട് എന്തെന്നില്ലാത്ത പ്രേമമാണ്. തന്മൂലം, ചീന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അടിപതറിപ്പോയി. എന്തുവിലകൊടുത്തും സമാധാനം വേണമെന്ന് ആഗ്രഹിക്കുന്നു. ഇങ്ങനെ ‘സമാധാനത്തെ എന്ത് വിലകൊടുത്തും വാങ്ങുന്ന’ പ്രക്രിയയിലൂടെയാണ് നമുക്ക് കശ്മീരിന്റെ മൂന്നിലൊന്ന് നഷ്ടപ്പെട്ടതും.
നമ്മുടെ മണ്ണില്‍ ഊന്നി നില്ക്കാന് ചീനയ്ക്ക് അനുവാദം നല്കുകയാണെങ്കില് അതവര്‍ക്ക് മറ്റൊരു തയ്യാറെടുക്കലിന് സമയം കൊടുക്കുകയും കൂടുതല്‍ സ്ഥലങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ഉപയോഗപ്പെടുത്താവുന്ന താവളം ലഭ്യമാക്കുകയും ആയിരിക്കും ഫലം. എന്നന്നേക്കുമായി നമ്മുടെ ദേശീയ സുസ്ഥിതിയെ തകര്‍ക്കുന്ന നടപടിയായിരിക്കും അത്.
ശത്രുവിന്റെ തന്ത്രങ്ങള്‍ ശ്രദ്ധിക്കുക
ചീനക്കാര്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ നമ്മുടെ ജനങ്ങള്‍ക്കിടയിലുണ്ടായ ആത്മവീര്യത്തകര്ച്ച കണക്കിലെടുക്കുമ്പോള്‍ ഈ മുന്നറിയിപ്പുകള്‍ അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു. അത് ശത്രുവിന്റെ തന്ത്രമായിരുന്നു. ഭദ്രത കൈവന്നെന്ന ധാരണയില്‍ നമ്മെ മയക്കുന്നതിനും അതുവഴി നമ്മുടെ യുദ്ധ യത്നങ്ങളെ ക്ഷീണിപ്പിക്കുന്നതിനും തത്സമയം ഓര്‍ക്കാപ്പുറത്ത് ചാടിവീഴുന്നതിനുമാണിങ്ങനെ ചെയ്തത്. ആ ചാട്ടം മുമ്പത്തേക്കാള്‍ ശക്തമായിരിക്കാം. നാടാകെ അവരുടെ കൈയില്‍ അമരുകയും ചെയ്യും. ഇതാണവരുടെ തന്ത്രം.
കമ്യൂണിസ്റ്റ് കാപട്യം
മൂന്നാമതായി നാടിനകത്തു തന്നെയുള്ള ഭീഷണിയെക്കുറിച്ച് നാം അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നമ്മുടെയിടയില്‍ ധാരാളം ആളുകള്‍ ചീനയുടെ ആക്രമണത്തെ സ്വാഗതം ചെയ്യുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം ചീനക്കാര്‍ അവരുടെ പുണ്യവാളന്മാരും ചീനപ്പട്ടാളം അവര്‍ക്ക് വിമോചന സേനയും ആകുന്നു. അവരില്‍ ചില ഉന്നത നേതാക്കള്‍, ശരിയായ അക്രമി ചീനയല്ല ഭാരതമാണെന്ന് തുറന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തു. ഇവിടെ ധര്‍മ്മരാജ്യം സ്ഥാപിക്കുന്നതിനായി ചൗ-എന്‍-ലായിയുടെ രൂപത്തില്‍ ഭഗവാന് ശ്രീകൃഷ്ണന് ഭൂമിയില്‍ അവതരിച്ചിരിക്കുകയാണ് എന്നുവരെയുള്ള അത്യന്തം വിഷമയമായ പ്രചാരണങ്ങളാണ് കമ്യൂണിസ്റ്റുകള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തുന്നത്.
ചീനാപ്രഹേളിക
ചീന പെട്ടെന്ന് അപ്രതീക്ഷിതമായ വിധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ സൂത്രവും ഇതാണ്. അവര്‍ സ്വയം വിജയിച്ചു നില്‍ക്കുമ്പോഴാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്. ഇതെന്ത് കഥയെന്ന് ലോകം അമ്പരന്നു. അത്യത്ഭുതകരമായ മഹാസംഭവമല്ലേ ഇത്? വിജയി, താന്‍ വിജയിച്ചു നില്ക്കുമ്പോള് യുദ്ധം നിര്‍ത്തുക! ലോകസമാധാനത്തിനുള്ള അഭിലാഷം നോക്കൂ. ഇത്തരുണത്തില്‍ ആ തൊഴുത്തില്‍ കുത്ത് ചൂഷണം ചെയ്തുകൊണ്ട് എളുപ്പത്തില്‍ ഇവിടം കീഴടക്കാമെന്നായിരുന്നു അവരുടെ ആഗ്രഹം. എന്നാല്‍ അവരെ അത്ഭൂതപ്പെടുത്തി ഈ നാട് ഒറ്റക്കെട്ടായി ഉണര്‍ന്ന് നില്‍ക്കുകയും ആക്രമണകാരികളെ പുറന്തള്ളുമെന്ന് ഉഗ്രപ്രതിജ്ഞ എടുക്കുകയും ചെയ്തുവല്ലോ. ഇത് ചീനക്കാര്‍ പ്രതീക്ഷിച്ചിരുന്നതല്ല. അതുകൊണ്ട് ആക്രമണം പിന്‍വലിക്കുന്നതാണ് ഉത്തമമെന്ന് അവര്‍ കരുതി.
കാവല്‍ക്കാരനെ ബലപ്പെടുത്തുക
നമ്മുടെ വടക്കനതിര്‍ത്തിയില്‍ വളരെയധികം ബലപ്പെടുത്തേണ്ട ഒരു ബന്ധമുണ്ട്. നേപ്പാളാണത്. നമ്മുടെ ദേശീയ ജീവിത രീതിയുമായി അനാദികാലം മുതലേ പൊരുത്തപ്പെട്ടുപോന്ന നാടാണ് നേപ്പാള്‍. അവരെ ഞെരുക്കി കൊല്ലാനുള്ള എല്ലാ ശ്രമങ്ങളേയും ചെറുക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. നേപ്പാളിന്റെ സ്വാതന്ത്ര്യവും പരമാധികാരവും അഭംഗുരം നിലനിര്‍ത്തിപ്പോരുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്.
നമ്മുടെ ആഭ്യന്തരവും ബാഹ്യവുമായ എല്ലാ നയങ്ങളുടേയും ഉരകല്ല് പരിപാവനമായ മാതൃഭൂമിയുടെ സംരക്ഷണമാകട്ടെ. ഇതിന് നമ്മുടെ അതിര്‍ത്തികള്‍ ഉല്ലംഘിച്ചുകൊണ്ട് കടന്നാക്രമണം ആവശ്യമായി വരികയാണെങ്കില്‍ ഒട്ടും സങ്കോചം കൂടാതെ അത് നാം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: