തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ തിരിച്ചെത്തിയവരില്‍ 35,327 പേര് തൊഴില്‍ നഷ്ടപ്പെട്ടു വന്നവരാണെന്ന് മുഖ്യമന്ത്രി പിണരായി വിജയന് അറിയിച്ചു.ആകെ വന്ന 71,958 പേരില്‍ 1524 മുതിര്‍ന്ന പൗരന്മാരും 4898 ഗര്‍ഭിണികളും 7193 കുട്ടികളുമുണ്ട്.
മെയ് നാലിനാണ് ചെക്ക്പോസ്റ്റുകള്‍ വഴിയും ഏഴുമുതലാണ് വിമാനങ്ങളിലൂടെയും 14 മുതലാണ് ട്രെയിന്‍ മുഖേനയും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി ആളുകള്‍ മടങ്ങിയെത്തിത്തുടങ്ങിയത്. പത്തുമുതല്‍ കപ്പലുകളും വന്നു. മെയ് നാലുമുതല്‍ ജൂണ്‍ 19 വരെ വൈറസ് ബാധിതരായ 2413 പേരില്‍ 2165 പേരും പുറത്തുനിന്നു വന്നവരാണ്.
മെയ് ഏഴുമുതല്‍ 401 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് ആളുകളുമായി കേരളത്തിലെത്തിയത്. ഇതില്‍ 225 ചാര്‍ട്ടേഡ് വിമാനങ്ങളാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി 176 വിമാനങ്ങള്‍ വന്നു. ആകെ 71,958 പേരാണ് വിദേശങ്ങളില്‍നിന്ന് ഇങ്ങനെ കേരളത്തിലെത്തിയത്. സംസ്ഥാനത്തിനു പുറത്തുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിലിറങ്ങി 137 പേര് എത്തിയിട്ടുണ്ട്.
ഇതുവരെ 124 സമ്മതപത്രങ്ങളിലൂടെ 1048 വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. യുഎഇയില്‍നിന്ന് 154 വിമാനങ്ങളിലായി 28,114 പേരാണ് മടങ്ങിയെത്തിയത്. കുവൈത്ത് 60 വിമാനം – 10,439 പേര്, ഒമാന്‍ 50 വിമാനം – 8,707 പേര്, ഖത്തര്‍ 36 വിമാനം – 6005 പേര്, ബഹ്റൈന്‍ 26 വിമാനം – 4309 പേര്, സൗദി 34 വിമാനം – 7190 പേര്. ഇത് ഗള്‍ഫ് നാടുകളില്‍നിന്ന് എത്തിയവരാണ്. മറ്റു രാജ്യങ്ങളില്‍നിന്ന് 44 വിമാനങ്ങളിലായി 7,184 ആളുകള്‍ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: