കണ്ണൂര്‍: ബ്ലാത്തൂരില്‍ കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന് മതിയായ ചികിത്സയും പരിചരണവും നിഷേധിച്ചതായും മരണം സംബന്ധിച്ച് പ്രത്യേകസംഘം അന്വേഷിക്കണമെന്നും ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അതീവജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളും നിലവിലുള്ള കണ്ണൂരിലാണ് പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥ കൊണ്ട് കെ.പി. സുനില്‍ മരണപ്പെട്ടതെന്ന് സുനിലിന്റ തന്നെ ശബ്ദ സന്ദേശത്തിലൂടെ ബോധ്യമാകുന്നുണ്ട്. മതിയായ ചികിത്സയും ആവശ്യത്തിന് ഭക്ഷണവും സുനിലിന് നിഷേധിച്ചിട്ടുണ്ട്.
ഞായറാഴ്ച ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ കടുത്ത ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നുവെന്ന മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളുടെ വിശദീകരണം തൃപ്തികരമല്ല. ന്യുമോണിയ ഉണ്ടെന്നും എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞാല്‍ വാര്‍ഡിലേക്ക് മാറ്റാന്‍ കഴിയുമെന്നും മറ്റു ഗുരുതരമായ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നുമാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്.
മരണകാരണം ഡിഎംഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിച്ചാല്‍ പോരാ. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കണം. മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥയും ചികിത്സ നിഷേധവും അന്വേഷണ വിധേയമാക്കണം. പ്രശ്നത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെടണമെന്നും കെ.കെ. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: