പാനൂര്‍: സ്വഭാവദൂഷ്യത്തിന് പുറത്താക്കിയ സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മറ്റിയംഗമായിരുന്ന അധ്യാപകന് വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ നല്കുന്ന പരിപാടിയുടെ ഉദ്ഘാടകനായി. ഇതിനെതിരെ പാട്യത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. പാട്യം ഗോപാലന് സ്മാരക ക്ലബിന്റെ പേരില്‍ നടന്ന പരിപാടിയിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ അധ്യാപകനെ ഉദ്ഘാടകനാക്കിയത്. ഇയാളെ അനുകൂലിക്കുന്നവര്‍ക്ക് സ്വാധീനമുള്ള സാംസ്ക്കാരിക കേന്ദ്രമാണിത്. ക്ലബ് പ്രസിഡണ്ട് സുധീര്‍ ബാബു, സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രിഗേഷ്, ലോക്കല്‍ കമ്മറ്റി അംഗം ഷൈജു തുടങ്ങിയവരൊടൊപ്പമാണ് ടെലിവിഷന്‍ നല്കുന്ന പരിപാടിയില്‍ ഈ അധ്യാപകന് ഉദ്ഘാടകനായത്. ഇതു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കം പുറത്താക്കിയ അധ്യാപകനെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സാംസ്ക്കാരിക കേന്ദ്രത്തിന്റെ പരിപാടിയില്‍ പങ്കെടുപ്പിച്ചത് ശരിയായില്ലെന്ന് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ജോലി സ്ഥിരപ്പെടുത്താനുള്ള ആവശ്യവുമായി വീട്ടിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് ഏരിയാകമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കമ്മറ്റി അധ്യാപകനെതിരെ ഏതാനും ദിവസം മുമ്പ് അച്ചടക്ക നടപടിയെടുത്തത്. ഇതിനെ ചൊല്ലി മേഖലയിലെ സിപിഎമ്മിനുള്ളിലുടലെടുത്ത ഭിന്നത പുറത്താക്കിയ നേതാവിനെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിച്ചതോടെ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. പാര്‍ട്ടി പുറത്താക്കിയ നേതാവിനെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് പാട്യം, കൊട്ടയോടി, ഓട്ടച്ചിമാക്കൂല്‍ ഭാഗങ്ങളില്‍ സിപിഎമ്മിനുളളില്‍ ഉയര്‍ന്നിരിക്കുന്നത്. സ്വഭാവദൂഷ്യത്തിന് പുറത്താക്കിയ നേതാവ് വേദിയില്‍;
പ്രതികരിക്കാൻ ഇവിടെ എഴുതുക: