തിരുവനന്തപുരം: തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐയുടെ ഇടിമുറി ഒഴിപ്പിച്ച് സ്റ്റാറ്റിറ്റിക്സ് ഡിപ്പാർട്ട്മെന്റ് ലൈബ്രറിയാക്കിയതിലുള്ള വൈരാഗ്യത്തിൽ അക്രമം അഴിച്ചുവിട്ട കേസിൽ എസ്എഫ്ഐ നേതാക്കളും പ്രവർത്തകരുമടക്കം ഏഴ് പ്രതികൾക്ക് അറസ്റ്റ് വാറണ്ട്.
എസ്എഫ്ഐ നേതാക്കളായ സർകലാശാല യൂണിയൻ ചെയർമാൻ എ.ആർ. റിയാസ് മുഹമ്മദ്, കോളേജ് യൂണിയൻ ചെയർമാൻ ജോബിൻ ജോസ്, എസ്എഫ്ഐ പ്രവർത്തകരായ റിയാസ് വഹാബ്, ചന്ദു അശോക്, സച്ചു രാജപ്പൻ, അക്ബർഷാ, സുഹിയാൻ എന്നീ പ്രതികൾക്കെതിരെയാണ് അറസ്റ്റ് വാറണ്ട്. എല്ലാ പ്രതികളെയും ജൂലൈ 13നകം അറസ്റ്റ് ചെയ്യാനാണ് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. ഉത്തരവ് നടപ്പിലാക്കാൻ സിറ്റി കന്റോൺമെന്റ് സർക്കിൾ ഇൻസ്പെക്ടറോട് മജിസ്ട്രേട്ട് എ. അനീസ നിർദേശിച്ചു.
2019 നവംബർ-ഡിസംബർ മാസത്തിലാണ് എസ് എഫ്ഐ വ്യാപക അക്രമം അഴിച്ചുവിട്ടത്. പരീക്ഷ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടികളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും വിരട്ടിയോടിക്കുകയും ചെയ്തു. ഈ സംഭവത്തോടൊപ്പം ഡിസംബർ അവസാനവാരം അധ്യാപകരെയും വിദ്യാർഥികളെയും അസഭ്യം വിളിച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ഏഴ് എസ്എഫ്ഐക്കാർക്കെതിരെ പ്രത്യേക കുറ്റപത്രം കന്റോൺമെന്റ് പോലീസ് സമർപ്പിച്ചു.
റിയാസ്, ആദർശ്, മുഹമ്മദ് ഷാഹിൻ, ഇർഫാൻ മുഹമ്മദ്, ചന്ദു അശോക്, നന്ദു, അക്ബർഷാ എന്നീ ഏഴ് പ്രതികൾക്കെതിരായാണ് കുറ്റപത്രം സമർപ്പിച്ചത്. ഈ കേസിൽ ഏഴ് പേരെയും കോടതിയിൽ ഹാജരാക്കാനും കന്റോൺമെന്റ്സർക്കിൾ ഇൻസ്പെക്ടറോട് കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: