തിരുവനന്തപുരം: ശ്രീകാര്യത്തെ ഫ്ളൈഓവറിന് സ്ഥലമേറ്റെടുക്കലിന് ആവശ്യമായ തുകയുടെ ആദ്യ ഗഡു കിഫ്ബി കൈമാറി. നിർദിഷ്ട ഫ്ളൈഓവറിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതിന് ആവശ്യമായ തുകയുടെ ആദ്യ ഗഡുവായ 35 കോടി രൂപയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ കിഫ്ബി ഡിഎംഡി വിക്രംജിത്ത് സിങ് കെആർടിഎൽ ചീഫ് ജനറൽ മാനേജർ ആനന്ദ് ഇളമണിന് കൈമാറിയത്. ഈ തുക സ്ഥലം വിട്ടുനൽകിയവർക്ക് വിതരണം ചെയ്യുന്നതിനായി ജില്ലാ ഭരണകൂടത്തിന് കൈമാറും. സ്ഥലം വിട്ടുനൽകിയവർക്ക് സമയബന്ധിതമായി പണം വിതരണം ചെയ്യും.
പദ്ധതി പൂർത്തിയാകുന്നതോടെ തിരുവനന്തപുരം നഗരത്തെ കഴക്കൂട്ടവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിൽ ഒന്നായ ശ്രീകാര്യം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
നാലുവരി ഫ്ളൈ ഓവറാണ് പദ്ധതിയുടെ ഭാഗമായി ശ്രീകാര്യത്ത് ഉയരുക. ഇരുവശത്തും 7.5 മീറ്റർ വീതം ആകെ 15 മീറ്ററാണ് ഫ്ളൈഓവറിന്റെ വീതി. ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകൾ ഉണ്ടാകും. 535 മീറ്ററാണ് ഫ്ളൈഓവറിന്റെ മൊത്തം നീളം. ശ്രീകാര്യം ജംഗ്ഷന്റെ സമഗ്രവികസനവും പദ്ധതിയിൽ ഉൾപ്പെടും. നിർദിഷ്ട ലൈറ്റ് മെട്രോയുടെ സാങ്കേതിക ആവശ്യകതകൾ ഉൾക്കൊള്ളിച്ചാണ് ഫ് ൈഓവർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
135.37 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. സ്ഥലമേറ്റെടുക്കലിനുള്ള തുകയും ഇതിൽ ഉൾപ്പെടും. 1.34 ഹെക്ടർ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരും.
സ്ഥലമേറ്റെടുക്കൽ പ്രക്രിയയ്ക്കൊപ്പം പദ്ധതിയുടെ വിശദമായി സാങ്കേതിക പഠനവും ടെൻഡർ നടപടി ക്രമങ്ങളും പുരോഗമിക്കുകയാണ്. മറ്റു രണ്ടു പ്രധാന പദ്ധതികളായ പട്ടം, ഉള്ളൂർ ഫ്ളൈ ഓവറുകളുടെ പ്രവർത്തികളും താമസമില്ലാതെ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: