ഇരിട്ടി: നഗരത്തിലും സമീപപ്രദേശങ്ങളിലും ലോക്ഡൗണ്‍ ഇളവുകളിലെ സമയക്രമം പാലിക്കാതെ തുറന്ന് വെച്ച വ്യാപാര സ്ഥാപനങ്ങള്‍ പോലിസ് പൂട്ടിച്ചു. ഇരിട്ടി നഗരത്തില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെ മാത്രം പ്രവര്‍ത്തിക്കാനാണ് നഗരസഭാ സുരക്ഷ സമിതിയുടെ തീരുമാനം. ഇതിനു വിരുദ്ധമായി നാല് മണിക്ക് ശേഷവും തുറന്ന് വെച്ച ബേക്കറി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളാണ് എസ് ഐ ദിനേശന് കോതേരിയുടെ നേതൃത്വത്തില്‍ അടപ്പിച്ചത്.
നഗരസഭാ പരിധിയിലെ പുന്നാടും കഴിഞ്ഞ ദിവസം ഉളിയില്‍ ടൗണിലും ഇത്തരത്തില്‍ സമയക്രമം തെറ്റിച്ച് തുറന്ന് വെച്ച കടകള്‍ പോലിസ് പൂട്ടിക്കുകയും താക്കിത് നല്‍കുകയും ചെയ്തിരുന്നു. പായം പഞ്ചായത്തിലെ വള്ളിത്തോടും കടകള്‍ പൂട്ടിച്ചു. വരും ദിവസങ്ങളില്‍ വീണ്ടും നിയമ ലംഘനം കാണിച്ചാല്‍ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം സ്ഥാപനഉടമകള്ക്കെതിരെ കേസ്സെടുക്കുമെന്ന് പോലിസ് പറഞ്ഞു.
അതേസമയം നഗരത്തില്‍ പുറത്തു നിന്നെത്തുന്ന വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ പഴയബസ്റ്റാന്ഡിലെ ഓപണ്‍ ഓഡിറ്റോറിയം ഒരു മാസത്തേക്ക് പേപാര്ക്കിംങ് ആക്കിമാറ്റിയിരുന്നുവെങ്കിലും പല വാഹനങ്ങളും നിയമം പാലിക്കാതെ റോഡരികില്‍ തന്നെയാണ് നിര്‍ത്തിയിട്ടതെന്നും നാളെ മുതല്‍ അനിയന്ത്രിത പാര്‍ക്കിംങിനെതിരെ നടപടിയെടുക്കുമെന്നും പോലിസ് പറഞ്ഞു.
ഇരിട്ടിയോട് ചേര്‍ന്നുള്ള മുഴക്കുന്ന്,തില്ലങ്കേരി, പടിയൂര്‍ പഞ്ചായത്തുകള്‍ കണ്ടെയന്റ്മന്റ് സോണുകളാകുകയും നഗരത്തിലെ വ്യാപാരിക്കുള്പ്പടെ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരികരിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിയമലംഘനം കര്‍ശനമായി നേരിടാന്‍ തന്നെയാണ് പോലിസ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: