അമ്പൂരി: അതിര്‍ത്തി ഗ്രാമമായ പത്തുകാണിയില്‍ കൊറോണ ബാധയുണ്ടെന്ന് സ്ഥിരീകരിച്ച യുവതിയും മകളും വെള്ളറട സിഎച്ച്സി ഒപിയില്‍ വന്നതു സംബന്ധിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു.
തമിഴ്നാട് പത്തുകാണി സ്വദേശിനിയായ 45 കാരിയും 15 വയസുള്ള മകളും 18 വയസ്സുള്ള മകനും തമിഴ്നാട് ആശാരിപള്ളം മെഡിക്കല്‍ കോളേജില്‍ ഈ മാസം 16ന് പനിയുമായി എത്തുകയായിരുന്നു. 17 ന് വൈകിട്ട് കൊറോണ സ്ഥിരീകരിച്ചു. യുവതിയും മകളും പനിക്ക് മരുന്നു ലഭിക്കുന്നതിനായി ജൂണ്‍ 13ന് ഉച്ചയ്ക്ക് 12 നും 1 നുമിടക്ക് വെള്ളറട സിഎച്ച്സിയില് എത്തിയിരുന്നു.മകള്‍ക്കായിരുന്നു അപ്പോള്‍ പനി ഉണ്ടായിരുന്നത്. കൂട്ടപ്പു എന്നാണ് രജിസ്റ്ററില്‍ സ്ഥലപേര് നല്‍കിയിരിക്കുന്നത്. ജൂണ്‍ 13ന് ഇവരെ തമിഴ്നാട് അതിര്‍ത്തിയായ ആറുകാണിയില്‍ നിന്നും ഓട്ടോയില്‍ കൊണ്ടുവന്നത് അമ്പൂരി ശൂരവകാണി സ്വദേശി ആണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുജനാണ് വിവരം അമ്പൂരി ജൂനിയര്‍ പിഎച്ച്എന്നെ അറിയിച്ചത്. തുടര്‍ന്ന് ഒപി രജിസ്റ്റര്‍ പരിശോധിച്ച് ഇവര്‍ ജൂണ്‍ 13ന് സിഎച്ച്സി ഒപിയില്‍ എത്തി എന്ന് ഉറപ്പിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറെ സൂപ്പര്‍വൈസര്‍ ഫോണില്‍ ബന്ധപ്പെട്ട് വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇവര്‍ മറ്റൊരിടത്തും കയറിയില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. തിരികെ യുവതിയുടെ സഹോദരന് കാട്ടാക്കട സ്വദേശിയുടെ വാഹനത്തില്‍ ആറുകാണിയില്‍ ഇവരെ എത്തിച്ചു. ഡ്രൈവറെയും കുടുംബത്തെയും ക്വാറന്റൈനില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്.
ജൂണ്‍ 13ന് മോര്‍ണിംഗ് ഷിഫ്റ്റിലെ ഡ്യൂട്ടി ജീവനക്കാരുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. സന്ദര്‍ശന സമയത്ത് ഒപിയില്‍ എത്തിയവരെ കണ്ടെത്തി ക്വാറന്റൈന് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഒപിയില്‍ എത്തിയവരുടെ വിവരം ശേഖരിച്ചിട്ടുണ്ട്. ആ സമയത്തുള്ള ജീവനക്കാരെ ക്വാറന്റൈന് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം നടത്തേണ്ടുന്നതടക്കമുള്ള കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അതോടൊപ്പം ആശാരിപള്ളം മെഡിക്കല്‍ കോളേജില്‍ നിന്നും നേരിട്ടുള്ള വിവരശേഖരണവും നടത്തും. പ്രൈമറി കോണ്ടാക്ടിനെ കണ്ടെത്തി സ്രവപരിശോധന നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സെക്കന്‍ഡറി കോണ്ടാക്ടിനെ പരമാവധി കണ്ടെത്തി ക്വാറന്റൈന് ചെയ്യിക്കുന്നതിനും രോഗലക്ഷണം ഉള്ളവരെ പരിശോധന നടത്തുന്നതിനും നടപടി സ്വീകരിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: