പത്തനാപുരം: മൊബൈല്‍ കണക്ഷനുകള്‍ക്ക് റേഞ്ചില്ലാത്തതിനാല്‍ മലയോര മേഖലയില്‍ വിദ്യാര്‍ഥികളുടെ പഠനം പരിധിക്ക് പുറത്തായി.
പിറവന്തൂര്‍ പഞ്ചായത്തിലെ കടശ്ശേരി ആയിരത്തുമണ്‍, വേളായിക്കോട്, കറവൂര്‍, ചെമ്പനരുവി തുടങ്ങിയ മേഖലകളിലെ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ പഠനമാണ് പ്രതിസന്ധിയിലായത്. സ്വകാര്യ നെറ്റ്വര്ക്കുകള് മലയോരവാസികളെ തീര്‍ത്തും കയ്യൊഴിഞ്ഞപ്പോള്‍ ആകെയുള്ള ആശ്രയമായ ബിഎസ്എന്‍എല്‍ കൊണ്ടും ഇവിടുത്തുകാര്‍ക്ക് യാതൊരു പ്രയോജനവുമില്ല. നെറ്റ്വര്‍ക്ക് തകരാര്‍ മൂലം വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം പൂര്‍ണ്ണമായും മുടങ്ങിയ സ്ഥിതിയാണ്. അധ്യാപകര്‍ വാട്സ്അപ് ഗ്രൂപ്പുകള്‍ വഴി നല്കുന്ന നിര്‍ദേശങ്ങളും വിവിധ തരം വര്‍ക്കുകളും ഇവരുടെ ഫോണുകളില്‍ ലഭിക്കുന്നില്ല. ഇതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
കാറ്റടിച്ചാല്‍ വൈദ്യുതി മുടക്കം പതിവാണ്. ഇതിനാല്‍ ടെലിവിഷനിലൂടേയും പഠനം നടത്താന്‍ സാധിക്കാതെയായി. നിരവധി തവണ കെഎസ്ഇബി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും തിരിഞ്ഞുനോക്കിയട്ടില്ല. പഠനം മുടങ്ങിയതോടെ വിദ്യാര്‍ഥികളുടെ ആശങ്ക ഇരട്ടിയായി. പഠനം മുടങ്ങിയ സാഹചര്യത്തില്‍ അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് ഈ വിദ്യാര്‍ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: