തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ തറവാട്ടിൽ 1863 ഓഗസ്റ്റ് 28നാണ് അയ്യങ്കാളി ജനിച്ചത്. എഴുതാനും വായിക്കാനും ആദ്യകാലത്ത് വശം ഇല്ലായിരുന്നെങ്കിലും സ്വപ്രയത്നം കൊണ്ട് അയ്യങ്കാളി എഴുതാനും വായിക്കാനും പഠിച്ചു. തന്റെ ധീഷണാവൈഭവത്തിലൂടെ അദ്ദേഹം അന്നത്തെ കേരളത്തിലെ ബുദ്ധിമാന്മാരുടെ നിരയില്‍ കടന്നെത്തുകയായിരുന്നു. ബുദ്ധി വൈഭവവും ഊര്‍ജ്ജസ്വലതയും ഉത്തമ കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. അടിച്ചമര്‍ത്തപ്പെട്ടും ചൂഷിതരായും സാമൂഹ്യാചാരങ്ങളുടെ ബലിയാടുകള്‍ ആയും കഴിയേണ്ടി വന്ന ഒരു ജനതയെ പരിഷ്കാരത്തിന്റെ വെള്ളി വെളിച്ചത്തില്‍ എത്തിക്കുവാന്‍ ആവശ്യമായി അയ്യങ്കാളി കണ്ട ഏക മാര്‍ഗ്ഗം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ അജ്നാനത്തില്‍ നിന്നും അടിമത്തത്തില്‍ നിന്നും മോചനം ഉള്ളൂ എന്നദ്ദേഹം തിരിച്ചറിഞ്ഞു. അധ കൃതന് ‘അക്ഷരം പടിച്ചുകൂട’ എന്ന സവര്‍ണ്ണ കല്പ്പനക്കെതിരെ അദ്ദേഹം വിദ്യാഭ്യാസ സ്വാതന്ത്ര്യ സമരം നയിച്ചത് അതുകൊണ്ടാണ്. സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസ സ്വാതന്ത്ര്യവും ഒരേ സമയത്ത് ലഭിക്കേണ്ടിയിരുന്നു. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്ന സാമൂഹ്യം, നീതി ന്യായം, ആരോഗ്യം, സാമ്പത്തികം, തൊഴില്‍, പാര്‍പ്പിടം തുടങ്ങിയ എല്ലാ മേഖലകളിലും അയ്യങ്കാളി തിരുത്തല്‍ ശക്തിയായി നിലകൊണ്ടു.
തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യങ്കാളിയായിരുന്നു. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാൻ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളിൽ അധഃസ്ഥിത വിഭാഗങ്ങളിൽപ്പെട്ടവർ പണിക്കിറങ്ങിയില്ല. തുടക്കത്തിൽ സ്വയം കൃഷിയിറക്കി പിടിച്ചുനിൽക്കാൻ മാടമ്പിമാർ ശ്രമിച്ചെങ്കിലും അതു പരാജയമായി. ഒടുവിൽ പ്രതികാരബുദ്ധിയോടെ അവർ പാടങ്ങൾ തരിശിട്ടു. തൊഴിലില്ലാതെ കർഷകത്തൊഴിലാളികൾ ദുരിതക്കയത്തിലായി. എന്നാൽ മാടമ്പിമാർക്കെതിരെയുള്ള സമരത്തിൽനിന്നും പിൻവലിയാൻ അവർ കൂട്ടാക്കിയില്ല. ഒടുവിൽ ജന്മിമാർ കീഴടങ്ങി. തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടതോടെ 1905-ൽ സമരം ഒത്തുതീർപ്പായി. അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കർഷകത്തൊഴിലാളി മുന്നേറ്റത്തിനു ഊർജ്ജം പകർന്നു നൽകിയത്.
അയ്യങ്കാളിയുടെ ആദ്യകാല പ്രവർത്തനങ്ങളുടെ നല്ലൊരു ശതമാനവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. അധഃസ്ഥിത വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അയ്യന്‍കാളി നടത്തിയ പ്രക്ഷോഭഫലമായാണ് സര്‍ക്കാര്‍ സ്കൂളില്‍ എല്ലാവര്ക്കും വിദ്യാഭ്യാസം അനുവദിച്ചുകൊണ്ട് രാജകീയ വിളംബരമുണ്ടായത്. ഇത് 1910ലായിരുന്നു.
ജാതി പരിഗണന കൂടാതെ എല്ലാവര്ക്കും സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ന്നു പഠിക്കാം എന്ന വിളംബരത്തിനെതിരെ ഒരു വിഭാഗം സവര്‍ണസമൂഹം സടകുടഞ്ഞെഴുന്നേറ്റു. അവര്‍ണര്‍ സാക്ഷരരായാല്‍ പാടങ്ങളിലെ പണി ആരു ചെയ്യുമെന്നവര്‍ ചോദിച്ചു. ഇതിനെതിരെ സമരത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട് മഹാത്മാ അയ്യന്‍കാളി പറഞ്ഞു: ”ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില് നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിനു പകരം അവിടെ പുല്ലും കളയും വളരും.” ആരും പണിക്കിറങ്ങിയില്ല. ലോകത്തിലാദ്യമായി ഭൂരഹിത കര്‍ഷകര്‍, ഒരു കര്‍ഷക കലാപകാരിയുടെ നേതൃത്വത്തിന് പിന്നില്‍ സംഗീതവും സംഗരായുധവുമായി നീങ്ങുകയും നിവരുകയുമായിരുന്നു. ഒട്ടിയ വയറും ഉജ്ജ്വല സ്വപ്നങ്ങളുമായി ഒരു വര്‍ഷം നീണ്ടുനിന്ന സമരത്തിനൊടുവില്‍ അയ്യന്‍കാളിയുമായുണ്ടാക്കിയ ഒരു ഉടമ്പടിയിലൂടെ വിദ്യാഭ്യാസ വിളംബരം സാര്‍ഥകമായി.
1911ല്‍ അദ്ദേഹം ശ്രീമൂലം പ്രജാസഭ അംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.പിന്നീടു നീണ്ട 25 വര്‍ഷക്കാലം അദ്ദേഹത്തിന്റെ ശബ്ദം അഥവാ കേരളത്തിലെ അധകൃതന്റെ ശബ്ദം അന്ന് നിയമസഭ കൂടിയിരുന്ന ഇന്നത്തെ വി ജെ ടി ഹാളില്‍ മുഴങ്ങിയിരുന്നു. നിയമസഭാ സാമാജികനായി തീര്‍ന്നതോടെ സഭയില്‍ കയറി കുത്തിയിരുന്നു ആനുകൂല്യങ്ങളും പറ്റി സുഖമായി ജീവിക്കുകയായിരുന്നില്ല കാളി എന്ന് അദ്ദേഹത്തിന്റെ ജീവ ചരിത്രം വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും.സഭക്കകത്തും പുറത്തും ഒരുപോലെ സമരം നയിക്കുകയായിരുന്നു കാളി. 1932ല്‍ ശ്രീമൂലം പ്രജാസഭ അവസാനിക്കുകയും 1933 മുതല്‍ ശ്രീചിത്തിര തിരുനാള്‍ സ്റ്റേറ്റ് അസംബ്ലി നിലവില്‍ വരികയും ചെയ്തു. പ്രായപരിധി നോക്കാതെ വിദ്യാഭ്യാസമുള്ള മുഴുവന്‍ അധഃസ്ഥിതര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കണമെന്നും, വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ ഫീസും ഇളവു ചെയ്യണമെന്നും അവര്‍ക്ക് ലപ്സംഗ്രാന്‍ഡും സ്കോളര്‍ഷിപ്പും നല്‍കണമെന്നും, ഉയരാനുള്ള എല്ലാ അവസരങ്ങളും നിഷേധിക്കപ്പെട്ട അധഃസ്ഥിതര്‍ വിദ്യാഭ്യാസത്തിലൂടെയും, കരകൗശല വിദ്യയിലൂടെയും, ഖാദിവസ്ത്ര നിര്‍മാണത്തിലൂടെയും, വ്യാപാര വ്യവസായങ്ങളിലൂടെയും മുന്നോട്ടു വരണമെന്നും സര്‍ക്കാര്‍ ഈ വിഷയങ്ങളില്‍ ഈ വിഭാഗം ജനങ്ങള്‍ക്ക് വേണ്ട പരിശീലനവും സാമ്പത്തിക സഹായവും നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 1932 മാര്‍ച്ച് 18ന് അയ്യന്‍കാളി നിയമസഭയില്‍ ചെയ്ത പ്രസംഗം പ്രൗഢഗംഭീരമായിരുന്നു. തര്‍ക്കിക്കേണ്ടിയും വാദിക്കേണ്ടിയും വരുന്നിടത്ത് അങ്ങനെയും പോരാടേണ്ടിടത്തു പോരാടിയും മാറി നില്ക്കേണ്ടിടത്തു മാറി നിന്നുമൊക്കെ വളരെ തന്ത്രപരമായി നടത്തിയ ഇടപെടലുകളാണു സമരവിജയങ്ങളുടെ വലിയൊരു കൂട്ടം തീര്‍ത്തത്.
കീഴ്ജാതിക്കാരുടെ അവശതകൾക്കു പരിഹാരം കാണാനുള്ള ശ്രമം തിരുവതാംകൂറിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽതന്നെ തുടങ്ങിയിരുന്നു. ഇന്നത്തെ കന്യാകുമാരി ജില്ലയിൽ വൈകുണ്ഠസ്വാമി തുടക്കം കുറിച്ച സമത്വസമാജം ഈ ലക്ഷ്യം വച്ചുള്ളതായിരുന്നു. പിന്നീടു തിരുവതാംകൂറിന്റെ മണ്ണിൽ ഒട്ടേറെ നവോത്ഥാന നായകർ കടന്നുവന്നു. ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, ഡോ. പല്പു, മഹാകവി എൻ. കുമാരനാശാൻ, അയ്യൻകാളി തുടങ്ങിയവർ തങ്ങളുടെ പ്രബോധനങ്ങളിലൂടെ ജാതിചിന്തയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കി. ഇവയ്ക്കുപുറമേ അയ്യൻകാളിയെയും ടി.കെ. മാധവനെയും പോലുള്ളവർ നിയമസഭയിലും അവർണ്ണർക്കുവേണ്ടി ശബ്ദമുയർത്തി.
പൊതു നിരത്തുകള്‍ അവര്‍ണര്‍ക്ക് വിലക്കപ്പെട്ടതിനെതിരെ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. അവര്‍ണ്ണര്‍ പൊതുനിരത്തുകളില്‍ ഇറങ്ങരുതെന്ന സവര്‍ണ ശാസനക്കെതിരെയുള്ള കീഴാള ജനതയുടെ ഉണര്‍വായിരുന്നു വില്ലുവണ്ടി സമരം. സവര്‍ണ്ണ ശാസനകളെ വെല്ലുവിളിച്ചു കൊണ്ട് അയ്യങ്കാളിയുടെ നേതൃത്വത്തില്‍1893ല്‍ വില്ല് വണ്ടി യാത്ര നടന്നു. അക്കാലത്ത് വില്ലുവണ്ടികള്‍ സവര്‍ണ്ണര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. രണ്ട് കൂറ്റന്‍ കാളകളെ പൂട്ടിയ വില്ലുവണ്ടിയില്‍ മുണ്ടും മേൽമുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ച്, വെങ്ങാനൂർനിന്നും കവടിയാർ കൊട്ടാരംവരെ പൊതുനിരത്തിലൂടെ അദ്ദേഹം വില്ലുവണ്ടി ഓടിച്ചു പോയി. സവർണ്ണ ജാതിക്കാർ ഈ യാത്ര തടഞ്ഞു. അയ്യങ്കാളി തന്റെ കയ്യിലുണ്ടായിരുന്ന കത്തി വലിച്ചൂരി സവർണ്ണരെ വെല്ലുവിളിച്ചു. അയ്യങ്കാളിയെ എതിരിടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹം ആരേയും കൂസാതെ തന്റെ വണ്ടിയിൽ യാത്ര തുടർന്നു. ആക്രമിക്കാൻ തയ്യാറായ സവര്‍ണ്ണ മാടമ്പിത്തതിന്റെ വിരിമാറിലൂടെ അയ്യങ്കാളി ഓടിച്ച വില്ലുവണ്ടി അധ: സ്ഥിത ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ക്ക് പുത്തനുണര്‍വേകി. സാമൂഹ്യ അനീതികളെ പരസ്യമായി ധിക്കരിച്ച് അവര്‍ണ്ണര്‍ക്ക് സ്വാഭിമാനത്തോടെ ജീവിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കാന്‍ അയ്യങ്കാളി നടത്തിയ ത്യാഗോജ്വലമായ സമരത്തുടക്കമായിരുന്നു വില്ലുവണ്ടി സമരം. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന വില്ലുവണ്ടി സമരത്തിന്റെ വിജയം തിരുവിതാംകൂറിന്റെ നവോഥാന സമര ചരിത്രത്തിന്റെ തിളക്കമാര്‍ന്ന ഒരേടാണ്.
നാൽപതു വയസു മുതൽ അയ്യങ്കാളി കാസരോഗബാധിതൻ ആയിരുന്നു. രോഗബാധയെ തഴഞ്ഞു അദ്ദേഹം തന്റെ സമുദായത്തിനായി ഓടിനടന്നു. 1941 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി. അതിസാരത്തിന്റെ അസ്ക്യത അദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചു.
1941 ജൂൺ 18-ാം തിയതി ബുധനാഴ്ച അദ്ദേഹം ജൻമോദ്ദേശം പൂർത്തിയാക്കി ഇഹലോകവാസം വെടിഞ്ഞു. കാലയവനികക്കുള്ളിൽ അദ്ദേഹം മറയുമ്പോൾ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന് ആത്മവിശ്വാസവും ആത്മധൈര്യവും ആത്മാഭിമാനവും നൽകിയിട്ടാണ് ആ മഹാനുഭവൻ അരങ്ങൊഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: