അടിമാലി: കൊച്ചി – ധനുഷ്ക്കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ്പിൽ വീണ്ടും വൻ മലയിടിച്ചിൽ. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.
മുൻപ് മലയിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾ ഉൾപ്പെടെ നശിച്ച ഭാഗത്തിനും മലയിൽക്കള്ളൻ ഗുഹയ്ക്ക് ഇടയിലായാണ് ഇടിച്ചിൽ ഉണ്ടായിരിക്കുന്നത്. കൂറ്റൻ പാറയും മണ്ണും മലയടി വാരത്ത് കിളവിപാറയിൽ താമസിക്കുന്ന പളനിവേലിന്റെ വീടിന് സമീപം വരെ എത്തിയതായാണ് പ്രാഥമിക വിവരം. ഇവരെ രാവിലെ സ്ഥലത്ത് നിന്ന് മാറ്റി. പ്രദേശത്ത് നിന്നും അഞ്ച് മിനിട്ടോളം ഭീകരമായ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു.
മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം രണ്ടാഴ്ചചയോളമായി നിരോധിച്ചിരിക്കുകയാണ്. കോടികൾ മുടക്കി നിർമിച്ച റോഡിൽ മണ്ണിടിച്ചിൽ നിരന്തര ഭീഷണിയാവുന്ന സ്ഥിതിയാണുള്ളത്. അന്തർ സംസ്ഥാന പാതയായതിനാൽ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലെ ദിനംപ്രതി കടന്നു പോകുന്നത്. മഴക്കാലമല്ലാത്ത സമയങ്ങളിലും മലയിടിച്ചിൽ ഉണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഏതു നിമിഷവും മലയിടിച്ചിലുണ്ടാകാമെന്ന സ്ഥിതിഗതാഗതത്തിന് വെല്ലുവിളിയുയർത്തുന്നു.തികച്ചും അശാസ്ത്രീയമായ രീതിയിൽ പാറയിടിച്ചതാണ് സ്ഥിതി വഷളാക്കിയത്.
കരാറുകാരൻ പാത നിർമാണത്തിന്റെ പേരിൽ വ്യാപകമായി പാറ പൊട്ടിച്ച് വിൽപ്പന നടത്തുകയും മൊബൈൽ ക്രഷർ സ്ഥാപിയ്ക്കുകയും ചെയ്തതിനെതിരെ ഉണ്ടായ പരാതിയുടെ അടിസ്ഥാനത്തിൽ അന്നത്തെ ദേവികുളം സബ് കളക്ടറെ അന്വേഷണത്തിനായി ഏർപ്പെടുത്തുകയും ചെയ്തിരുന്നു.പരാതിയിൽ കഴമ്പുണ്ടെന്നും, അനാവശ്യമായി പാറ ഖനനം നടത്തിയെന്നും അന്വേഷത്തിൽ കണ്ടെത്തി റിപ്പോർട്ട് നൽകിയിരുന്നു. പ്രാദേശിക രാഷ്ട്രീയ നേതാക്കൾ സഞ്ച് കളക്ടറുടെ റിപ്പോർട്ടിനെതിരെ രംഗത്തെത്തിയത് വിവാദമായിരുന്നു.
ഗ്യാപ്പ് റോഡ് വഴി ബൈസൺവാലി അടക്കം ഉള്ള പ്രദേശങ്ങളിലേക്ക് യാത്ര നിരോധിച്ചു. ഇതുവഴി ഇന്ന് രാത്രി മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ കാൽനട യാത്ര പോലും പാടില്ല. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് ദേവികുളം പോലീസ് അറിയിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: