വടകര: നഗര മധ്യത്തില്‍ ജ്വല്ലറി കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടയില്‍ രണ്ടു പേര് പോലീസിന്റെ പിടിയിലായി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. വടകര കടമേരി സ്വദേശി എടച്ചേരി വീട്ടില്‍ റിജാസ്(29), പ്രായപൂര്‍ത്തിയാകാത്ത 17 വയസുകാരനുമാണ് അറസ്റ്റിലായത്. കടമേരി സ്വദേശിയായ മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞതായും പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും വടകര പി.എസ്. ഹരീഷ് പറഞ്ഞു.
വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ റിജാസിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ രക്ഷിതാക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ. ഞായറാഴ്ച പുലര്‍ച്ചെ വടകര കോണ്‍വെന്റ് റോഡിലെ സോനാ ജ്വല്ലറിക്ക് സമീപം കെഎല്‍ 11 ബിജെ 2537 ഇയോണ്‍ കാര്‍ നിര്‍ത്തിയിട്ടതില്‍ രാത്രികാല പട്രോളിങ്ങിനിടയില്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു. വാഹനത്തിന്റെ സമീപത്തേക്ക് പോലീസ് എത്തിയതോടെ ഒരാള്‍ കാറില്‍ നിന്നും ഇറങ്ങി ഓടി.
റിജാസിനെയും 17 കാരനെയും ചോദ്യം ചെയ്തപ്പോഴാണ് ജ്വല്ലറി കവര്‍ച്ച ആസൂത്രണം ചെയ്യാനുള്ള ഉദ്ദേശമാണെന്ന് അറിഞ്ഞത്. പോലീസ് കാറില്‍ പരിശോധന നടത്തിയപ്പോള്‍ ഷട്ടര്‍ തകര്‍ക്കാനുള്ള വലിയ കമ്പി പാരയും കണ്ടെത്തി. തുടര്‍ന്ന് തൊണ്ടി മുതല്‍ സഹിതം പ്രതികളെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: