തിരുവനന്തപുരം: രാജവാഴ്ചയുടെ ഒളിമങ്ങാത്ത ചരിത്രം ഓർമപ്പെടുത്തുന്ന പ്രകാശസ്മാരകമാണ് രാമരായർ വിളക്ക്. പാളയത്ത് നിന്ന് മ്യൂസിയത്തിലേക്ക് തിരിയുന്ന റോഡിന് നടുവിലാണ് ഈ വഴിവിളക്ക് സ്ഥിതി ചെയ്യുന്നത്.
തിരുവിതാംകൂർ രാജവംശത്തിന്റെ തേരോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണ് പാളയം. ശ്രീമൂലം തിരുനാളിന്റെ ദിവാനായിരുന്ന രാമരായരുടെ സ്മരണയ്ക്കായി സ്ഥാപിക്കപ്പെട്ടതാണ് രാമരായർ വിളക്ക്. തിരുവിതാംകൂർ ഉദ്യോഗസ്ഥനായിരുന്ന രാമരായരുടെ മകൻ ഉദാര ശിരോമണി എന്നറിയപ്പെട്ട പത്മനാഭറാവുവാണ് വിളക്ക് സ്ഥാപിച്ചത്. ആദ്യകാലത്ത് എണ്ണയൊഴിച്ച് തെളിയിച്ചിരുന്ന വിളക്ക് ആധുനികതയുടെ കുതിച്ചുചാട്ടത്തിൽ വൈദ്യുതിയിലായി പ്രകാശം പരത്തൽ.
തിരുവിതാംകൂർ കൊട്ടാരത്തിലേക്ക് പാളയം മുതൽ കവടിയാർ വരെ ഇത്തരം നിരവധി വിളക്കുകൾ ഉണ്ടായിരുന്നെങ്കിലും അതൊക്കെ കാലക്രമേണ നശിച്ചു. ചിലത് കണ്ണടച്ചു ചരിത്രശേഷിപ്പായി ഇന്നും നിലകൊള്ളുന്നു. കൊട്ടാരസേനകൾ വൈകുന്നേരങ്ങളിൽ നടത്തുന്ന ബാന്റ് സംഗീതം കേൾക്കാനായി എത്തുന്നവർക്ക് മടങ്ങിപ്പോകാനായി സ്ഥാപിച്ചതാണീ വഴിവിളക്കുകൾ എന്നും ഒരു വാദമുണ്ട്. വെങ്കലത്തിൽ പണിത വിളക്കുകാലിനു മുകളിലായി ചില്ലുഗോളം പോലെ മൂന്നു വിളക്കുകളാണുള്ളത്.
പാതയോരങ്ങളിൽ ഫ്ളൂറസെന്റ്, നിയോൺ ബൾബുകൾ വെള്ളിവെളിച്ചം വിതറിത്തുടങ്ങിയ പുതിയ കാലത്ത് രാജമുദ്ര പതിഞ്ഞ ഈ വിളക്കുകളെപ്പറ്റി ആരും ചിന്തിക്കാതെയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: