ന്യൂദല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളിലേക്ക് വഴിവെച്ചത് ചൈനയുടെ പ്രകോപനമെന്ന് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ച് മുന്നോട്ട് വന്നതോടെ ഇന്ത്യന്‍ സൈന്യം ഇത് തടയുന്നതിനായി ഇടപെടയുകയായിരുന്നു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പിപി14 എന്ന ഇന്ത്യന്‍ പട്രോളിങ് സംഘം ഗാല്‍വാന്‍ താഴ്വരയിലെ 14-ാം പോയിന്റില്‍ പരിശോധനയ്‌ക്ക് എത്തിയപ്പോഴാണ് ചൈനീസ് പട്ടാളം പ്രദേശം കൈയേറി മുന്നേറുന്നതായി മനസ്സിലാക്കുകയായിരുന്നു. എന്നാല്‍ ചൈനീസ് സൈന്യവുമായി ആദ്യം ചര്‍ച്ച ചെയ്ത ഇന്ത്യന്‍ സംഘം പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചത്. ഇത് പ്രകാരം ചൈന തങ്ങളുടെ പി5 എന്ന പോയിന്റിലേക്ക് പിന്മാറാമെന്ന് സമ്മതിച്ചു. ഇതോടെ ഇരു സംഘങ്ങളും പിരിഞ്ഞു.
എന്നാല്‍ ഇന്ത്യന്‍ പട്രോളിങ് സംഘം തിരികെ പോയെന്ന് മനസിലാക്കിയ ഉടന്‍ ചൈനീസ് പട്ടാളം ഇതേ പോയിന്റിലേക്ക് തിരികെ വന്നു. ചൈനയുടെ നീക്കം തിരിച്ചറിഞ്ഞ് കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ സ്ഥലത്തേക്ക് എത്തുകയും സംഘര്‍ഷം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലഡാക്കിലെ ഏറ്റുമുട്ടലില്‍ അന്തരിച്ച സൈനികര്‍ക്ക് രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
അതിനിടെ ലഡാക് അതിര്‍ത്തിയില്‍ കടന്നുകയറിയ ചൈന സൃഷ്ടിച്ചിരിക്കുന്ന അന്തരീക്ഷത്തിനെതിരെ ആശങ്കയറിയിച്ച് ഐക്യരാഷ്‌ട്രസഭ മേധാവി അന്റോണിയോ ഗുട്ടറസ്. ‘ചൈന നിയന്ത്രണരേഖയില്‍ നടത്തിയിരിക്കുന്ന അക്രമങ്ങളിലും തുടര്‍ന്നുണ്ടായ മരണങ്ങളിലും കടുത്ത ആശങ്ക അറിയിക്കുകയാണ്. അതിര്‍ത്തിയില്‍ ഇരുകൂട്ടരും പരമാവധി ഒഴിഞ്ഞു നില്‍ക്കുകയും സംയമനം പാലിക്കുകയും വേണം. ഇരു രാജ്യത്തിന്റേയും സൈനിക മേധാവികള്‍ പരസ്പരം ചര്‍ച്ച നടത്തുന്നു എന്ന വിവരം വളരെയേറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്’ ഗുട്ടറസ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം ചൈനീസ് അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കാനുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഇന്ന് നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന മന്ത്രിമാരുമായി ഇന്ന് വീണ്ടും സ്ഥിതി ഗതികള്‍ വിലയിരുത്തും. സംഘര്‍ഷം നടന്ന ഗാല്‍വന്‍ താഴ് വരയില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍മാറിയതായി കരസേന ഇന്നലെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു.ചൈനയുടെ പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ചൈനക്ക് വന്‍ നാശമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: