മാഡ്രിഡ്: ബെല്‍ജിയം താരം എഡന്‍ ഹസാര്‍ഡിന്റെ മികവില്‍ റയല്‍ മാഡ്രിഡ് ലാ ലിഗയില്‍ വിജയത്തോടെ തിരിച്ചെത്തി. ഐബറിനെ അവര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. കിരീട സാധ്യത നിലനിര്‍ത്തുന്ന റയല്‍ ഈ വിജയത്തോടെ 28 മത്സരങ്ങളില്‍ അമ്പത്തിയൊമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 28 മത്സരങ്ങളില്‍ അറുപത്തിയൊന്ന് പോയിന്റുള്ള ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്.
കൊറോണ മഹാമാരിക്ക് തൊട്ടുമുമ്പ് പരിക്കേറ്റ് കളിക്കളം വിട്ട എഡന്‍ ഹസാര്‍ഡിന്റെ ശക്തമായ തിരിച്ചുവരവാണ് റയലിന് വിജയമൊരുക്കിയത്. കളം നിറഞ്ഞുകളിച്ച ഈ ബെല്‍ജിയം താരം രണ്ട് ഗോളിന് വഴിയൊരുക്കി. ടോണി ക്രൂസ്, സെര്‍ജിയോ രാമോസ്, മാഴ്സെലോ എന്നിവരാണ് റയലിനായി ഗോളുകള്‍ കുറിച്ചത്. ബിഗാസാണ് ഐബറിന്റെ ആശ്വാസ ഗോള്‍ നേടിയത്.
തുടക്കം മുതല്‍ റയല്‍ ആധിപത്യം സ്ഥാപിച്ചു. നാലാം മിനിറ്റില്‍ തന്നെ അവര്‍ ലീഡും നേടി. ടോണി ക്രൂസാണ് ലക്ഷ്യം കണ്ടത്. മുപ്പതാം മിനിറ്റില്‍ റയല്‍ രണ്ടാം ഗോള്‍ കുറിച്ചു. ഇത്തവണ രാമോസാണ് ഗോള്‍ നേടിയത്്. എഡന്‍ ഹസാര്‍ഡ് നല്കിയ പാസ് മുതലാക്കിയാണ് രാമോസ് ലക്ഷ്യം കണ്ടത്.
ഏഴു മിനിറ്റുകള്‍ക്ക് ശേഷം മൂന്നാം ഗോളും പിറന്നു. ബ്രസീലിയന്‍ സ്ട്രൈക്കര്‍ മാഴ്സെലോ ഗോള്‍മുഖത്തിന് അടുത്തുനിന്ന് തൊടുത്തുവിട്ട ഷോട്ട് ഗോളായി മാറുകയായിരുന്നു. ഗോള്‍ നേടിയ മാഴ്സെലോ കളിക്കളത്തില്‍ മുട്ടുകുത്തിനിന്ന് വംശീയാധിക്ഷേപത്തിനെതിരായ പോരാട്ടത്തിന് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു.
ഇടവേളയ്ക്ക് റയല്‍ 3-0 ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഐബറിന്റെ ബിഗാസ് ഒരു ഗോള്‍ മടക്കി. മറ്റൊരു മത്സരത്തില്‍ അത്ലറ്റിക് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിനെ സമനിലയില്‍ പിടിച്ചു നിര്‍ത്തി. സ്കോര്‍: 1-1. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാഴ്സ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് മയോര്‍ക്കയെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: