ചാത്തന്നൂര്‍: ആറ്റിങ്ങലില്‍ അപകടത്തില്‍ സൂഹൃത്തുക്കള്‍ മരിച്ചത് കല്ലുവാതുക്കല്‍ പ്രദേശത്തെയാകെ ദുഃഖത്തിലാഴ്‌ത്തി. ഉറ്റ സുഹൃത്തുക്കളായിരുന്ന മൂന്നു യുവാക്കളാണ് മരണപ്പെട്ടത്. കൊറോണ ബാധ മൂലം കല്ലുവാതുക്കല്‍ പഞ്ചായത്തിലെ നാലു വാര്‍ഡുകള്‍ ഇപ്പോഴും ഹോട്ട് സ്‌പോട്ടാണ്. ഇവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മരണവിവരം അറിഞ്ഞവര്‍ക്ക് സ്ഥലത്തെത്താനോ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ സാധിച്ചില്ല. അവരവരുടെ വീടുകളിലിരുന്ന് വിതുമ്പാന്‍ മാത്രമേ ഭൂരിഭാഗം പേര്‍ക്കും കഴിയുന്നുള്ളു.
ഹോട്ട്‌സ്‌പോട്ടായ കല്ലുവാതുക്കല്‍ ടൗണ്‍ വാര്‍ഡിലാണ് മരിച്ച അസീമിന്റെ വീടും കടയുമുള്ളത്. പൊതുപ്രവര്‍ത്തന രംഗത്തും രാഷ്‌ട്രീയ-ജീവകാരുണ്യരംഗത്തും സജീവമായിരുന്ന അസീം ഊഷ്മളബന്ധം ഏവരുമായി കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു. ബിജെപി ന്യൂനപക്ഷമോര്‍ച്ചയുടെ മണ്ഡലം വൈസ്പ്രസിഡന്റായിരുന്നു അസീം.
കല്ലുവാതുക്കലില്‍ അസാറാ എന്ന പേരില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്നു. നടയ്‌ക്കല്‍ സ്വദേശിയായ ഒരു യുവാവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം കഴക്കൂട്ടത്തിനടുത്തുള്ള വധുവിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ആറ്റിങ്ങല്‍ ടിബിജംഗ്ഷനു സമീപം കാറും പാല്‍ ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. അസീമിന്റെ കാറിലായിരുന്നു യാത്ര. വധൂവരന്‍മാര്‍ക്ക് ആശംസകള്‍ ചേര്‍ന്ന ശേഷം കളിയും ചിരിയുമായി മടങ്ങിയ സംഘത്തിലെ മൂന്നു സുഹൃത്തുക്കള്‍ അപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത പലര്‍ക്കും വിശ്വസിക്കാനാകുന്നില്ല.
കല്ലുവാതുക്കല്‍ പോലെ തന്നെ അടുത്ത സ്ഥലമായ നടയ്‌ക്കല്‍ അടുതല ഗ്രാമ നിവാസികളും ഞെട്ടലോടെയാണ് മനേഷിന്റെയും പ്രിന്‍സിന്റെയും മരണവാര്‍ത്ത കേട്ടത്. വാര്‍ത്ത എത്തിയതോടെ അടുതലയും പരിസരവും ശോകമൂകമായി. പാരിപ്പള്ളിയിലുള്ള കടയിലെ ജീവനക്കാരനായിരുന്നു മനേഷ്. ഡ്രൈവറായി ജോലി നോക്കുകയായിരുന്നു പ്രിന്‍സ്. ഇരുവരും കുടുംബത്തിന്റെ അത്താണികളായിരുന്നു. കാറിലുണ്ടായിരുന്ന എട്ടുപേരില്‍ രണ്ടുപേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: