കട്ടപ്പന: ഇടുക്കി കട്ടപ്പന വാഴവര കൗന്തി കണിയാംപറമ്പില്‍ അനീഷ് ജയന്റെ മകള്‍, വാഴവര ഗവ. ഹൈസ്കൂള്‍ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി അനുഷയ്ക്ക് സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ക്ലാസ്സുകളേപ്പറ്റി കേട്ടറിവേയുള്ളൂ. അവള്‍ക്ക് അടച്ചുറപ്പുള്ള വീടില്ല, വൈദ്യുതിയോ, ടിവിയോ, മൊബൈലോ ഒന്നുമില്ല. നാലു തൂണില്‍, പ്ലാസ്റ്റിക്ക് കൊണ്ടുമറച്ച, വീടെന്നുപോലും പറയാനാവാത്ത ഷെഡ്ഡിനുള്ളില്‍ കഴിയുന്ന അനുഷ ഇത്തരത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് അവസരം കിട്ടാത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പ്രതീകമാണ്.
സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഏര്‍പ്പെടുത്തിയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഇത്തരത്തില്‍ ആയിരങ്ങളാണ് പഠനസൗകര്യം ലഭിക്കാതെ നിരാശരാകുന്നത്. ഇവരുടെ ദുഃഖങ്ങള്‍ കണ്ടില്ലെന്ന് നടിച്ചാണ് എല്ലാം ശരിയായെന്ന് അധികൃതര്‍ വീമ്പിളക്കുന്നത്.
വീടിന് സമീപത്തുകൂടി വൈദ്യുതി ലൈന്‍ കടന്നു പോകുന്നുണ്ടെങ്കിലും ഇവര്‍ക്ക് ഇതുവരെയും വൈദ്യുതി ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷം മുന്‍പ് വാങ്ങിയ അഞ്ചു സെന്റ് പുരയിടത്തില്‍ പ്ലാസ്റ്റിക് ഷെഡ് നിര്‍മിച്ചാണ് ഭാര്യയും അമ്മയും മക്കളും അടങ്ങുന്ന അനീഷിന്റെ ആറംഗ കുടുംബം കഴിയുന്നത്. കൂലിവേല ചെയ്താണ് അനീഷ് കുടുംബം പോറ്റുന്നത്. സ്ഥലത്തിന്റെ പട്ടയത്തില്‍ ചില പ്രശ്നങ്ങള്‍ കാരണം ഇവര്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റോ വീട്ടുനമ്പറോ റേഷന്‍ കാര്‍ഡോ കിട്ടിയിട്ടില്ല. ഇതെല്ലാം പഞ്ചായത്തില്‍ നിന്ന് വീട് അനുവദിച്ച് ലഭിക്കുന്നതിനും തടസ്സമായിരിക്കുകയാണ്. പട്ടയത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി അപേക്ഷകളും പരാതികളും നല്കി കാത്തിരിക്കുകയാണ് ഈ കുടുംബം.
കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ഇവിടം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയ അവസരത്തില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടോ എന്ന് സ്കൂള്‍ അദ്ധ്യാപകരും പിടിഎയും ഉറപ്പു വരുത്തുവാന്‍ എത്തിയപ്പോള്‍ ഈ കുടുംബത്തിന്റെ അവസ്ഥ നേരിട്ടറിഞ്ഞിരുന്നു. തൊട്ടടുത്ത വീടുകളിലോ മറ്റെന്തെങ്കിലും സൗകര്യപ്രദമായ സ്ഥലത്തോ ചെന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ സംബന്ധിക്കാനായിരുന്നു അവരുടെ നിര്‍ദേശം. എന്നാല്‍ അതിന് പുല്‍മേട്ടിലൂടെ കിലോമീറ്ററുകള്‍ താണ്ടണം. നിലവില്‍ ഇത് പ്രായോഗികവുമല്ല. ഇതോടെ പഠനം മുടങ്ങുമെന്ന ആശങ്കയിലാണ് അനീഷയും അച്ഛനമ്മമാരും.
മകളുടെ പഠനത്തിന് വഴിയൊരുക്കണമെന്ന് അപേക്ഷിച്ച് ഇടുക്കി ജില്ല കളക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്കാന് ഒരുങ്ങുകയാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: