ആലപ്പുഴ: സാമ്പത്തിക വര്‍ഷാവസാനമായ മാര്‍ച്ചിന് മുന്‍പ് അടയ്ക്കേണ്ടിയിരുന്നതും എന്നാല്‍ ലോക്ഡൗണ്‍ നിരോധനങ്ങള്‍ മൂലം യഥാസമയം അടയ്ക്കാതിരുന്നതുമായ നികുതികള്‍ക്കു പലിശയും പിഴയും ഈടാക്കുന്നു.
മുന്‍കാലങ്ങളില്‍ കെട്ടിടങ്ങളുടെ ആഡംബര നികുതി അടക്കമുള്ളവ അതത് ഇടങ്ങളില്‍ ചെന്ന് നേരിട്ടു പിരിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഈ വര്‍ഷം അതുണ്ടായില്ല. ഫോണില്‍ വിളിച്ചു എത്തുമെന്നു ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെങ്കിലും തുക പിരിക്കാന്‍ പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ എത്തിയില്ല.
എന്നാല്‍ നിശ്ചിത തീയതി കഴിഞ്ഞു ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്നീട് പിന്‍വലിച്ചപ്പോള്‍ നേരിട്ട് ഓഫീസുകളില്‍ നികുതി അടയ്ക്കാന്‍ ചെല്ലുന്നവരില്‍നിന്ന് പലിശ ഈടാക്കുകയാണ്. പലിശ ഒഴിവാക്കണമെന്നു സര്‍ക്കാര്‍ ഉത്തരവില്ലാത്തതിനാല്‍ പലിശ ഈടാക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. അല്ലെങ്കില്‍ അവര്‍ ഓഡിറ്റ് ഒബ്ജക്ഷന് നടപടികള്‍ക്കു വിധേയരാകേണ്ടി വരുമെന്നാണ് പറയുന്നത്. പലിശ ഇപ്പോള്‍ നികുതിദായകന് അടച്ചില്ലെങ്കില്‍ പിന്നീടത് പിഴപ്പലിശയായി ആറിരട്ടിയെങ്കിലുമാകുമെന്നും വിശദീകരിക്കുന്നുണ്ട്.
ഉദ്യോഗസ്ഥര്‍ക്ക് നേരിട്ടെത്തി നികുതി വാങ്ങാന്‍ കഴിയാതിരിക്കുകയും, ഓഫീസുകളിലെത്തി പൊതുജനത്തിന് പണം അടയ്ക്കുകയും കഴിയാതിരുന്നത് ലോക്ഡൗണ്‍ നടപ്പാക്കിയതിനാലാണ്. എന്നിട്ടും നികുതി അടയ്ക്കുന്നത് വൈകി എന്ന കാരണം പറഞ്ഞ പലിശ ഈടാക്കുന്നത് ജനദ്രോഹമാണെന്നാണ് വിമര്‍ശനം. കോവിഡ് പ്രമാണിച്ച് വന്‍കിടക്കാരുടെ വിവിധ കുടിശികകള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ ഉത്തരവുകളിലൂടെ നല്കുമ്പോള് സാധാരണക്കാരുടെ നികുതി തുകയ്ക്ക് അമിത നിരക്ക് ഈടാക്കുന്നത് ന്യായമല്ലെന്നു ആക്ഷേപം ഉയരുന്നു.
അതേസമയം, വില്ലേജ് ഓഫീസുകളില്‍ നികുതിയും മറ്റും നേരിട്ട് പണമായി സ്വീകരിച്ചു രസീത് നല്‍കുന്നില്ല. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അടയ്ക്കാനാണ് നിര്‍ദേശം. അവിടെ സര്‍വീസ് ചാര്‍ജ് കൂടുതലായി നല്‍കേണ്ടി വരുന്നു. വില്ലേജ് ഓഫീസുകളില്‍ എത്തുന്ന ആള്‍ക്കാരുടെ എണ്ണം കുറയ്ക്കാനാണ് ഈ നടപടി. ഇതോടെ അക്ഷയ അടക്കമുള്ള ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: