കണ്ണൂര്‍: കണ്ണൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റൈനില്‍. വിദേശത്ത് നിന്നെത്തിയവരെ വിമാനത്താവളത്തില്‍ നിന്നു കൊണ്ടുവന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. രോഗബാധിതനായ ഡ്രൈവർ കണ്ണൂരിലെ ഡിപ്പോയില്‍ വിശ്രമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസും ഓഫീസ് കെട്ടിടവും അണുവിമുക്തമാക്കിയിട്ടുണ്ട്.
രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാരും ക്വാറന്റൈനിലാണുള്ളത്. മെയ് 27ന് തജാക്കിസ്ഥാനില്‍ നിന്നു കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ വിദ്യാര്‍ത്ഥികളെയാണ് കൊല്ലത്തേക്ക് കൂട്ടികൊണ്ടുപോയത്. വിദ്യാര്‍ത്ഥികളില്‍ രണ്ടുപേര്‍ക്ക് കോവിഡ് രോഗബാധയുളളതായി ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച മുഴക്കുന്ന് സ്വദേശിയായ ഡ്രൈവറെ ജൂണ്‍ എട്ടാം തീയ്യതി കൊല്ലത്ത് നിന്ന് നേരിട്ട് വിളിച്ചറിയിച്ചതായി പറയപ്പെടുന്നു.
ഡിപ്പോ അധികൃതര്‍ ഇക്കാര്യം അറിഞ്ഞില്ലെന്നാണ് ഇവരുടെ വിശദീകരണം. സ്രവ പരിശോധനയ്ക്ക് സ്രവം നല്കിയ ശേഷം 10 ന് ഡിപ്പോയില്‍ എത്തുകയും നിരവധി ജീവനക്കാരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ജീവനക്കാര്‍ ഡിപ്പോയിലെത്തി ഒപ്പിടണമെന്ന അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇയാള്‍ ഡിപ്പോയിലെത്തിയതെന്നറിയുന്നു.
ഡിപ്പോയില്‍ മെക്കാനിക്കല്‍ വിഭാഗത്തിലുള്ളവരുള്പ്പെടെയുളള 40 പേരുമായി ഇയാള്‍ക്ക് സമ്പര്‍ക്കമുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 40 പേരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. രോഗവ്യാപനമുണ്ടായ സാഹചര്യത്തില്‍ ഡിപ്പോ തല്‍ക്കാലത്തേക്കെങ്കിലും അടച്ചിടണമെന്ന ആവശ്യവും തൊഴിലാളികളുടെ ഭാഗത്തു നിന്നുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: