കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ വട്ടിപ്പന മല തുരന്നു തീരുന്നു. ലോക്ഡൗണ്‍ കാലത്തും നിലയ്ക്കാത്ത വെടിയൊച്ചകളാണ് ഇവിടെ നിന്നും ഉയര്‍ന്നു കേട്ടത്. കാലവര്‍ഷം കനക്കുന്നതോടെ പ്രദേശവാസികള്‍ക്ക് ഉറക്കമില്ലാ രാത്രികളാണ്. മറ്റൊരു ദുരന്തം അകലയല്ലെന്ന ഭീതിയിലാണ് അവര്‍. നാട്ടുകാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും വലിയ എതിര്‍പ്പുകളുണ്ടായിട്ടും ജിയോളജി വകുപ്പിന്റെ ഉത്തരവുകള്‍ ലംഘിച്ചും കൊണ്ടും മലയില്‍ ഖനനം തുടരുകയാണ്. കൊച്ചി സ്വദേശിയുടെ സദിര് ഗ്രാനൈറ്റ് കമ്പനിയാണ് കരിക്കല്‍ ഖനനം നടത്തുന്നത്.
രണ്ടു തവണ ഉരുള്‍പൊട്ടലുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്ത മേഖലയാണിത്. 1984ലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേരാണ് മരിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 2000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മലയോര മേഖല അതീവ ദുര്‍ബല പ്രദേശമാണെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. വയനാട്ടിലെ ബാണാസുര സാഗര്‍ ഡാമിനോട് ചേര്‍ന്നു നില്ക്കുന്ന മലയാണിത്. ഈ മലയുടെ മറുഭാഗത്താണ് ബാണാസുര സാഗര്‍. ഇവിടെ നടക്കുന്ന ഓരോ സ്ഫോടനവും ബാണാസുര ഡാമിന് ഭീഷണിയാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇരുന്നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന കുണ്ടുതോട് പ്രദേശം ഈ ക്വാറിക്ക് താഴെയായാണ് സ്ഥിതി ചെയ്യുന്നത്. കുണ്ടുതോട് അങ്ങാടിയില്‍ നിന്ന് നോക്കിയാല്‍ പണ്ട് പച്ചപ്പ് മാത്രമായിരുന്ന മേഖലകളില്‍ ഇപ്പോള്‍ കാണുന്നത് തുരന്നുകിടക്കുന്ന മലയുടെ ഭാഗം മാത്രമാണ്.
2011 ല്‍ പ്രവര്‍ത്തനാനുമതി ലഭിച്ച ക്വാറി പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പിന്നീട് പഞ്ചായത്ത് ഖനനത്തിലുള്ള ലൈസന്‍സ് പുതുക്കി നല്‍കിയില്ല. പക്ഷേ രേഖകള്‍ ഹാജരാക്കി ഹൈക്കോടതിയില്‍ നിന്ന് ക്വാറിയുടെ പ്രവര്‍ത്തനത്തിനായി കമ്പനി ലൈസന്‍സ് നേടിയെടുക്കുകയായിരുന്നു. എന്നാല്‍ രേഖകള്‍ നേരായ മാര്‍ഗ്ഗത്തിലൂടെയല്ല നേടിയെടുത്തതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ കുണ്ടുതോട് യുപി സ്കൂളില്‍ വിദ്യാര്‍ത്ഥികളെ പോലും കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. വട്ടിപ്പന മറ്റൊരു കവളപ്പാറയാകുമോ എന്ന ഭീഷണിയിലാണ് ആ പ്രദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: