തിരുവനന്തപുരം: ഇടയാർ കുന്നുമണലിൽ പോലീസ് പിക്കറ്റ് കഴിഞ്ഞദിവസം സാമൂഹ്യവിരുദ്ധർ അടിച്ചു തകർത്തു. സാമുദായിക സംഘർഷത്തിന് വഴിയൊരുക്കാനുള്ള ശ്രമമെന്ന് നാട്ടുകാർ. സംഘർഷ സാധ്യതയുള്ള സ്ഥലമായതിനാലാണ് ഇവിടെ പോലീസ് പിക്കറ്റ് സ്ഥാപിച്ചത്. എന്നാൽ നാലുമാസത്തോളമായി ഇവിടെ പോലീസിനെ നിയോഗിച്ചിട്ടില്ല. പൊഴികടന്നെത്തിയവരാണ് അക്രമത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. ജൂൺ 11ന് നടന്ന ആക്രമത്തിന് പിന്നിലുള്ളവരെ പിടികൂടാൻ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.
പതിനൊന്നിന് ഉച്ചയോടെയാണ് കുന്നുമണലിലെ പോലീസ് പിക്കറ്റ് അക്രമികൾ അടിച്ചു തകർത്തത്. അടിച്ചുപൊട്ടിക്കുന്ന ശബ്ദം നാട്ടുകാർ കേട്ടെങ്കിലും വള്ളം നന്നാക്കുന്നതെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് പോലീസ് പിക്കറ്റാണ് തകർത്തതെന്ന് മനസിലാക്കുന്നത്.
പോലീസുകാർ ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും മേശയുമെല്ലാം അക്രമികൾ അടിച്ചുതകർത്തു. ഫാൻ ഉപയോഗിക്കാൻ ആകാത്തവിധം നശിപ്പിച്ചു. കൃത്രിമ തടി കൊണ്ടുള്ള ചുമരുകൾ എല്ലാം പാടെ തകർത്തു.
സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് പിക്കറ്റ് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ നാലുമാസമായി ഇവിടെ പോലീസിനെ നിയോഗിച്ചിട്ടില്ല. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ പോലീസിനെ വിനിയോഗിക്കേണ്ടി വന്നതിനാലാണ് ഇവിടെ പോലീസുകാരെ ഡ്യൂട്ടിക്കിടാൻ കഴിയാത്തത് എന്നാണ് പോലീസ് പറയുന്നത്. ഈ അവസരം മുതലെടുത്താണ് സാമൂഹ്യവിരുദ്ധർ പൊഴികടന്ന് ഇവിടെയെത്തുന്നത്. ചീട്ടുകളിക്കും മദ്യപാനത്തിനുമുള്ള കേന്ദ്രമാക്കി ഇവിടം മാറ്റുകയായിരുന്നു.
സമീപത്തെ പുരയിടത്തിലെ തെങ്ങുകളിലെ കരിക്കും തേങ്ങയും നഷ്ടപ്പെടുന്നതും പതിവാണ്. പൂന്തുറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തിയിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും എത്തി പരിശോധിച്ചു.
പാർവതിപുത്തനാർ കടലിൽ പതിക്കുന്ന 300 മീറ്ററോളം ഭാഗം മണൽ നിറഞ്ഞു കിടക്കുന്ന പൊഴിയിലൂടെയാണ് സാമൂഹ്യവിരുദ്ധർ കുന്നുമണലിൽ എത്തുന്നത്. 2013ൽ ഇടയാറിൽ പൂന്തുറ നിന്നും പൊഴി കടന്നെത്തിയ അക്രമി സംഘം 30 ഓളം വീടുകൾ അടിച്ചുതകർത്തിരുന്നു.
ആ കേസുകൾ ഇന്നും നിലനിൽക്കുകയുമാണ്. ആ സംഭവത്തിനു ശേഷമാണ് ഇവിടെ സ്ഥിരമായി പോലീസ് പിക്കറ്റ് സ്ഥാപിച്ചത്. നാലുപോലീസുകാർ അന്നുമുതൽ ഇവിടെ ഡ്യൂട്ടിയ്ക്കുണ്ടായിരുന്നു. നിലവിൽ പോലീസ് പിക്കറ്റ് ഇല്ലാത്തതാണ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങാൻ കാരണം. എത്രയും വേഗം പോലീസ് പിക്കറ്റ് പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: