കൊല്ലം: കൊല്ലം ബസ് വര്‍ക്കേഴ്സ് അസോസിയേഷന് പട്ടിണി സമരത്തിലേക്ക്. ലോക്ഡൗണ്‍ നിബന്ധനകള്‍ മൂലം സ്വകാര്യ ബസുകള്‍ പലതും സര്‍വ്വീസ് നിര്‍ത്തിവച്ച സാഹചര്യത്തില്‍ തൊഴില്‍സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന ആവശ്യവുമായാണ് സമരം. തിങ്കളാഴ്ച സര്‍വ്വീസ് മുടക്കാതെയാണ് സമരം നടത്തുക. യാചകവേഷത്തില്‍ കളക്ട്രേറ്റിനു മുന്നില്‍ കോവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ടാകുമിതെന്ന് അസോസിയേഷന് ജനറല്‍ കണ്‍വീനര്‍ അജിത് അറിയിച്ചു.
ലോക് ഡൗണ്‍ കാലത്ത് സംസ്ഥാനസര്‍ക്കാര്‍ ബസ് തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച സഹായധനം കൂടുതലും അനര്‍ഹരാണ് കൈപ്പറ്റിയിരിക്കുന്നത്. ഇതേക്കുറിച്ച് സമഗ്രഅന്വേഷണം വേണം. ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാതെ നിലവിലെ സാഹചര്യത്തില്‍ സര്‍വ്വീസ് നടത്താന്‍ കഴിയില്ല. ഇന്ധനവില വര്‍ദ്ധനവനുസരിച്ച് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാത്തതിനാല്‍ സര്‍വീസുകള്‍ നഷ്ടത്തിലാണ്. സര്‍വ്വീസുകള്‍ നഷ്ടത്തിലായതിനാല്‍ തൊഴിലാളികളെ കുറയ്ക്കുകയാണ്. തൊഴില്‍ നിലനിര്‍ത്താന്‍ കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സഹായിക്കുമെങ്കിലും സ്വകാര്യബസുകളിലെ തൊഴിലാളികളെ സംരക്ഷിക്കാന്‍ യാതൊരു നടപടികളും ഉണ്ടാകുന്നില്ല.
ക്ഷേമനിധികള്‍ അടയ്ക്കുന്ന തൊഴിലാളികളാണോ ബസുകളില്‍ ജോലി നോക്കുന്നതെന്ന് പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാകണം. നിലവില്‍ ബസുകളില്‍ ജോലി നോക്കുന്നവരുടെ പേരിലല്ല ക്ഷേമനിധി അടയ്ക്കുന്നത്. ലോക് ഡൗണ്‍ മൂലം തൊഴില്‍ ഇല്ലാതായതോടെ തൊഴിലാളി കുടുംബങ്ങള്‍ ഭൂരിഭാഗവും പട്ടിണിയിലാണ്. എത്രയും വേഗം സ്വകാര്യ ബസ് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ജനറല്‍ കണ്‍വീനര്‍ അജിത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: