തൊടുപുഴ: മണ്‍സൂണ്‍ 13 ദിവസങ്ങള്‍ പിന്നിടുമ്പോഴും വൈദ്യുതി ബോര്‍ഡിന്റെ സംഭരണികളിലേക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ നാലിലൊന്നില്‍ താഴെ മാത്രം. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ 337.2 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളം അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തുമെന്നാണ് കെഎസ്ഇബിയുടെ എറണാകുളത്തെ ലോഡ് ഡെസ്പാച്ച് സെന്റര്‍ കണക്കുകൂട്ടിയിരുന്നത്.
എന്നാല്‍ ഇന്നലെ വരെ ഒഴുകിയെത്തിയതാകട്ടെ 81.457 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം മാത്രമാണ്. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനക്കാത്തതാണ് നീരൊഴുക്ക് നിര്ജീവമാകാന് കാരണം. ഈ മാസം ആകെ 843 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ പ്രതീക്ഷ. വൈദ്യുതോല്പ്പാദനത്തിനെടുത്ത വെള്ളത്തിന്റെ പകുതിയില്‍ താഴെ മാത്രമാണ് ഇന്നലെ സംഭരണികളില്‍ ഒഴുകിയെത്തിയത്.
ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ 10.72 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിച്ചപ്പോള് ഒഴുകിയെത്തിയതാകട്ടെ 2.93 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളമാണ്. 965.475 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം നിലവില്‍ എല്ലാ സംഭരണികളിലുമായുണ്ട്. മൊത്തം ശേഷിയുടെ 23 ശതമാനമാണിത്. ഇടുക്കി പദ്ധതിയില്‍ സംഭരണശേഷിയുടെ 33% വെള്ളമുണ്ട്.
ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഷോളയാറിന്റെ വൃഷ്ടിപ്രദേശത്താണ്, 1.3 സെ.മീ. ആനയിറങ്കല്‍, പെരിങ്ങല്‍കുത്ത്, കക്കാട്, ചെങ്കുളം, ലോവര്‍ പെരിയാര്‍, മാട്ടുപ്പെട്ടി അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ ഇന്നലെ മഴ പെയ്തില്ല. സംസ്ഥാനത്ത് ഇന്നലെ 19.24 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള് 8.02 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: