ചങ്ങനാശ്ശേരി: സംസ്ഥാനത്തെ കോളേജുകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന, അധ്യാപന സമയം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് എന്‍എസ്എസ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുളള ഉത്തരവ് ഉന്നത വിദ്യാഭ്യാസ മേഖലയെ പൂര്‍ണ്ണമായി തകര്‍ച്ചയിലേക്ക് നയിക്കും.
കൊറോണ നിര്‍വ്യാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയമാറ്റവും തമ്മിലുള്ള ബന്ധം അജ്ഞാതമായി നിലനില്‍ക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
കൊറോണ മൂലം പൊതുഗതാഗതം ഭാഗികമായി മാത്രം നിലവിലുള്ള സംസ്ഥാനത്ത് അധ്യാപന സമയം 8.30ന് തുടങ്ങി 1.30 വരെയാക്കി. ഭക്ഷണം കഴിക്കാന്‍ പോലും ഇടവേള നല്‍കാതെ നടത്തുന്ന ക്രമീകരണങ്ങള്‍ അധ്യാപകര്‍ക്കോ,അനധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാകള്‍ക്കോ ഒട്ടും അംഗീകരിക്കാനാവില്ല. 1.30 മുതല്‍ 3.30 വരെ നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം തന്നെ സമയപരിധി നോക്കാതെ ഇപ്പോഴും കോളേജുകളില്‍ നടക്കുന്നുണ്ട്.
പേമാരി, വെള്ളപ്പൊക്കം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ ഓരോന്നായി നിരന്തരം ബാധിക്കുന്ന മലയോര, തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സ്ഥിതി കൂടുതല്‍ ദുരിതപൂര്ണ്ണമാക്കാനെ ഈ ഉത്തരവ് ഉപകരിക്കൂ എന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളുടെ ഗാര്‍ഹിക, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിശദമായ പഠനം നടത്താതെ അധ്യയന വര്‍ഷം തുടങ്ങി 9-ാം ദിവസം ഇറക്കിയ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഒട്ടേറെ പാവപ്പെട്ട കുട്ടികള്‍ക്ക് പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: