കുവൈറ്റ് സിറ്റി : കേരളത്തില്‍ നിന്നും കുവൈത്തില്‍ തിരിച്ചെത്തിയ 3 നഴ്സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.കൊച്ചിയില്‍ നിന്നും കുവൈത്ത് എയര്‍ വെയ്സ് വിമാനത്തില്‍ എത്തിയ 323 ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ പരിശോധനയില്‍ 3 നഴ്സുമാര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇവരില്‍ ഒരാള്‍ അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും മറ്റു രണ്ടു പേര് സബാഹ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരാണു. 3 പേരെയും ചികിത്സയ്ക്കായി ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റി. ബാക്കി മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരേയും ജാബര്‍ അല്‍ അഹമദ് പ്രദേശത്തെ ഒരു കെട്ടിടത്തില്‍ ക്വാറന്റൈന് ചെയ്തു.
കൊറോണ സ്ഥിരീകരിച്ചതില്‍ ഒരാള്‍ തിരുവല്ല മാന്നാര്‍ സ്വദേശി ആണ്.
വിമാന സര്‍വ്വീസ് നിര്‍ത്തലാക്കിയത് കാരണം അവധി കഴിഞ്ഞ് തിരിച്ചു വരാന്‍ കഴിയാതെ ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചു വരുന്നതിനു കഴിഞ്ഞ ദിവസമാണു കുവൈത്ത് സര്‍ക്കാര്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.
ഇവരെ നാട്ടില്‍ നിന്നു മതിയായ കൊറോണ പരിശോധനക്ക് വിധേയരാക്കാതെ കയറ്റി അയച്ചെന്നാണ് ആരോപണം.
കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന ഒരു മലയാളിയുള്‍പ്പെടെ 6 പേര്‍കൂടി ഇന്ന് മരണമടഞ്ഞു
എറണാകുളം വൈപ്പിന്‍ സ്വദേശി പാട്രിക് ഡിസൂസയാണ് കൊറോണ ചികിത്സയിലിരിക്കെ മരിച്ചത്. 59 വയസ്സായിരുന്നു. രോഗബാധയേത്തുടര്‍ന്ന് മുബാറക് അല്‍ കബീര്‍ ആശുപത്രിയിലായിരുന്നു ഇദ്ദേഹം. അല്‍ ഹാജരി കമ്പനിയിലെ ജീവനക്കാരനാണു. അല്‍ ഹാജരി കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ സ്റ്റെല്ല കുവൈത്തിലാണു.
ഇന്ന് പുതുതായി 520 പേരാണ് രോഗബാധിതരായത്. ഇതോടെ ആകെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 34,952 പേരായി. ഇതില്‍ 9723 പേര് ഇന്ത്യാക്കാരാണ്. 911 പേര് കൂടി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 25,048 പേരായി. പുതിയതായി രോഗ ബാധ കണ്ടെത്തുന്ന വരില്‍ കൂടുതലും സ്വദേശികളാണ് രണ്ടാമത് ഇന്ത്യാക്കാരിലും. ഇന്നും 232 കുവൈറ്റ് സ്വദേശികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗബാധയേറ്റവരുടെ രാജ്യങ്ങള്തിരിച്ച് ഈജിപ്ത്കാര് 39, ബംഗ്ലാദേശികള്‍ 53, ഇന്ത്യാക്കാര്‍ 86 മറ്റുള്ളവര്‍ വിവിധ രാജ്യക്കാരുമാണ്.
ചികിത്സയില്‍ കഴിഞ്ഞിരുന്ന 9,619 പേരില്‍ 172 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: