തിരുവനന്തപുരം: ഇങ്ങനെയൊരു ഇടിത്തീ വരുമെന്ന് ആരും വിചാരിച്ച് കാണില്ല. കാലനില്ലാത്ത കാലം എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ചിരിയില്ലാത്ത കാലവുമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. നയാ പൈസ കൊടുക്കാതെ ആരില്‍ നിന്നും കിട്ടുന്ന ഒന്നായിരുന്നു. കൊറോണ വൈറസ് ചിരിയെയും തൂക്കിയടിച്ചു. ഇനി അറിഞ്ഞൊരു ചിരിക്ക് എന്ന് സാധിക്കുമെന്ന് കൊറോണ തന്നെ മനസ്സുവയ്ക്കണം. അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍ ചുണ്ടിനു മുന്നില്‍ ഗ്ലാസ് പിടിപ്പിച്ച മാസ്ക് എങ്കിലും വേണമെന്നാണ് ചിരിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലുള്ളവരുടെ വിദഗ്ദ്ധ അഭിപ്രായം.
കല്യാണ ചിരി, രാഷ്ട്രീയ ചിരി, വ്യാപാര ചിരി, പരിചയ ചിരി, സൗഹൃദ ചിരി ഇങ്ങനെ പോകുന്ന ചിരിയുടെ വക ഭേദങ്ങള്‍. ഈ ചിരികളെല്ലാം ഇപ്പോള്‍ മാസ്ക്കിനുള്ളിലാണ്. കൊറോണക്കാലത്ത് ചിരി പുറത്തറിയിച്ചേ മതിയാകൂ എന്ന് വാശിപിടിക്കുന്നവരുമുണ്ട്.
ചിരിയില്‍ എപ്പോഴും ഒന്നാം സ്ഥാനത്താണ് രാഷ്ട്രീയചിരി. കോവിഡ് മാസ്ക്ക് ഏറെ വിനയായതും ഇക്കൂട്ടര്‍ക്കാണ്. തങ്ങളുടെ അംഗബലം വര്ദ്ധിപ്പിച്ചിരുന്നതില് മുന്തിയ സ്ഥാനം ചിരിക്കുണ്ടായിരുന്നു. ഗ്രൂപ്പ് കളിക്കാരെ കണ്ടം ചാടിക്കുന്നതില്‍ ചിരി ചില്ലറയല്ല പങ്ക് വഹിച്ചിരുന്നത്. കൂട്ടത്തില്‍ നില്ക്കുന്ന അണികളില്‍ ആരെയെങ്കിലും കണ്ട് ചിരിക്കാതെ പോയതോടെ പുലിവാലു പിടിച്ച നേതാക്കളും കൂട്ടത്തിലുണ്ട്. അണികളെ കൂട്ടുന്ന ചിരിക്ക് മാസ്ക്ക് വിനയായപ്പോള്‍ മറ്റ് കൂട്ടര്‍ക്ക് മാസ്ക്ക് ഇപ്പോള്‍ രക്ഷകനാണ്.
മാസ്ക്ക് നൂലമാല മാറുന്നതുവരെ നേതാക്കളുടെ ഉദ്ഘാടനങ്ങള്‍ക്ക് തിരിക്ക് കുറയുമെന്നാണ് ഗവേഷകരുടെ വിശദീകരണം. ചെറുതു മുതല്‍ വന്‍കിട ഉദ്ഘാടനങ്ങള്‍ക്കു വരെ മാര്‍ക്കറ്റ് കുറയും. ചിരിച്ചിട്ടാണോ, മനസ്സില്ലാ മനസ്സോടെയാണോ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതെന്ന് തിരിച്ചറിയണമെങ്കില്‍ മാസ്ക്ക് മാറണം. അതിനാല്‍ മനം നിറഞ്ഞ ഉദ്ഘാടനത്തിനും ഇനി ദിവസങ്ങള്‍ കാത്തിരിക്കേണ്ടതായി വരും.
മാസ്ക് ഏറ്റവും രക്ഷകരായത് വധൂ വരന്മാര്ക്കാണ്. അനുഗ്രഹിക്കാന്‍ വരുന്നവര്‍, സുഹൃത്തുക്കള്‍, നാട്ടുകാര്‍, ബന്ധുക്കള്‍, തുടങ്ങി അടുപ്പം ഉള്ളവരോടും ഇല്ലാത്തവരോടും ലേശവും പിശുക്ക് കാണിക്കാതെ ചിരിക്കണം. വിവാഹ സ്വീകരണ പരിപാടികള്‍ കഴിയുമ്പോഴേക്കും ചിരിച്ച് ചിരിച്ച് ഇവരുടെ കവിളുകള്‍ വേദനിച്ച് ഒരു പരുവത്തിലാകും. അതിനാല്‍ ലോക് ഡൗണ്‍ തീര്‍ന്നാലും താലികെട്ട് ചടങ്ങിനും തങ്ങളുടെ ഫോട്ടോ എടുക്കലിനും മാത്രമെ മാസ്ക്ക് മാറ്റാവൂഎന്ന തീരുമാനം എടുക്കണമെന്നാണ് കുറി കുറിച്ച് കാത്തിരിക്കുന്ന നവവധൂവരന്മാരുടെ അപേക്ഷ.
സുഹൃത്തുക്കളാകാനും സൗഹൃദം പുതുക്കാനും പരിചയപ്പെടാനുമൊക്കെ ചിരിയ്ക്കുള്ള പങ്ക് ചെറുതല്ല. ഇപ്പോള്‍ മാസ്ക്ക് ആളെ തിരിച്ചറിയിക്കുന്നുമില്ല. മിക്കവരും നടത്തവും നോട്ടവുമൊക്കെ തിരിച്ചറിഞ്ഞാണ് സൗഹൃദം പുതുക്കുന്നത്. സര്‍ക്കാര്‍ ചിരിയിലും കുറവ് വന്നു. ഓഫീസുകളില്‍ എത്തി കാര്യം സാധിക്കുന്നതില്‍ കൈക്കൂലിയേക്കാള്‍ ചിരി സഹായകരമായിരുന്നു. അതിനാല്‍ നിരന്തരം കാര്യ സാധ്യത്തിനായി ഓഫീസുകളില്‍ പോകുന്നവര്‍ മാസ്ക്കിനു ഒരു പരിഹാരം ഉണ്ടായിട്ട് പോയാല്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്് .ജീവനക്കാര്‍ക്ക് മാസ്ക്ക് ഇപ്പോള്‍ രക്ഷകനാണ്. കാര്യ സാധ്യത്തിനായി ഓഫീസില്‍ എത്തുന്ന പരിചയക്കാരില്‍ നിന്നും രക്ഷനേടാം.
ചിരിച്ച് കളിയാക്കി, കൊഞ്ഞനം കുത്തി ഇതിനുമൊക്കെ മാസ്ക്ക് പരിഹാരമുണ്ടാക്കി. പോലീസുകാരും ഇത് സമ്മതിക്കുന്നു. പെട്ടെന്ന് സംഘര്‍ഷം ഉണ്ടാക്കുന്ന കാര്യങ്ങളാണിത്. അതിനാല്‍ പോലീസുകാരുടെ പണി കുറയ്ക്കാന്‍ മാസ്ക്ക് സഹായകരമായെന്ന് പോലീസ് വിലയിരുത്തുന്നു.
ചിരിച്ചിട്ടേ പോകൂ എന്നുള്ളവര്‍ പുതിയ സംവിധാനം കണ്ടെത്തി എന്നാണ് വിവരം. മാസ്ക്കിന്റെ ചുണ്ട് വരുന്ന ഭാഗത്ത് ചെറു പുഞ്ചിരി പതിപ്പിച്ച മാസ്ക്കുകള്‍ തരപ്പെടുത്തി ഉപയോഗിക്കുന്നുണ്ട്. ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും പരാതിയുണ്ടാകില്ല. എത്രയായാലും തന്നെക്കണ്ടപ്പോള്‍ ചിരിച്ചല്ലോ എന്ന് ആശ്വസിക്കാം.
അജിബൂധന്നൂര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: