കേരള ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബോളറായ സന്ദീപ് വാരിയര്‍ കേരളം വിടുന്നു. തമിഴ്നാടിന് വേണ്ടി കളിക്കാനാണ് സന്ദീപ് കേരളം വിടുന്നത്. ഇക്കാര്യം അദേഹം കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) കഴിഞ്ഞ ദിവസം അറിയിച്ചു. പ്രശ്നങ്ങളെ തുടര്‍ന്നല്ല കേരള ടീമില്‍ നിന്നും മാറുന്നതെന്ന് സന്ദീപ് വാരിയര്‍ പറഞ്ഞു.
2012 മുതല്‍ രഞ്ജി ട്രോഫി ടീം അംഗമായ സന്ദീപ് (29) 57 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 186 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പ് കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമി ഫൈനലിലെത്തിയപ്പോള്‍ 44 വിക്കറ്റുമായി പേസ് ആക്രമണത്തിന്റെ കുന്തമുന സന്ദീപായിരുന്നു.
വിജയ ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിനായി കൂടുതല്‍ വിക്കറ്റും വീഴ്ത്തി (6 മത്സരങ്ങളില്‍12).ഇന്ത്യന്‍ എ ടീമിലും ഇടം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം അംഗമാണ്. രണ്ടു വര്‍ഷം മുന്‍പ് ക്യാപ്റ്റന്‍ സച്ചിന് ബേബിക്കെതിരെ കേരള ടീമിലുണ്ടായ പടയൊരുക്കത്തിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ടവരില്‍ സന്ദീപും ഉള്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: