മണ്ണാര്‍ക്കാട്: മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരുവാരകുണ്ട് വനത്തില്‍ നിന്നും മലയണ്ണാന്, കരിങ്കുരങ്ങ് എന്നിവയെ വേട്ടയാടിയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ഇവരില്‍ നിന്ന് ലൈസന്‍സില്ലാത്ത ഒരു നാടന്‍തോക്കും പിടികൂടി.
അരക്ക് പറമ്പ് തെണ്ടിയില്‍ വീട്ടില്‍ അയ്യപ്പന് (34), തെങ്കര ആലപ്പാട് വീട്ടില്‍ സന്തോഷ് (57) എന്നിവരെയാണ് പിടികൂടിയത്. മണ്ണാര്‍ക്കാട് റെയഞ്ച് ഫോറസ്റ്റ് ഓഫീസര്‍ യു. ആഷിക് അലിയുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.പി. മുരളീധരനും സംഘവുമാണ് പിടികൂടിയത്. അയ്യപ്പന്റെ വീട്ടില്‍ നിന്നാണ് ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് കണ്ടെടുത്തത്.
സന്തോഷ് തത്തേങ്കലം പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കശുമാവിന് തോട്ടത്തിലെ വാച്ചറാണ്. ഫെബ്രുവരിയിലാണ് സംഭവം നടന്നത് . കേസില്‍ 16 പ്രതികളാണുള്ളത് . ഒരാഴ്ച മുമ്പ് തെങ്കര സ്വദേശി അനില്‍കുമാര്‍ (50) നെ അറസ്റ്റ് ചെയ്തിരുന്നു ഇതിനു മുന്‍പ് നാല് പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
തത്തേങ്കലം വനമേഖലയില്‍ നായാട്ടു സംഘം സജീവമാണെന്നത് സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. നായാട്ടു സംഘം മൂന്ന് തവണ തത്തേങ്കലം വനമേഖലയില്‍ വന്നിട്ടുണ്ടെന്നും, പിടിയിലായവര്‍ അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഡിഎഫ്ഒ കെ.കെ.സുനില്‍കുമാര്‍ പറഞ്ഞു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്. സജിവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എസ്. പ്രസാദ്, വി.കെ. അരുണ്‍, വി. രഞ്ജന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: