പാലക്കാട്: ജില്ലയില്‍ കൊറോണ വ്യാപനം ശക്തമായതോടെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് കോറോണ ചികിത്സ കേന്ദ്രമാക്കാന്‍ തീരുമാനം. ഇതിനുള്ള നടപടികള്‍ തുടങ്ങി. 100 കിടക്കകളുള്ള വാര്‍ഡാണ് ആദ്യം സജ്ജമാക്കുക.
കൊറോണ പോസിറ്റീവ് ആയവരെയാണ് ഇവിടെ ചികിത്സിക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തിനായി മാങ്ങോട് കേരള മെഡിക്കല്‍ കോളെജ്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് എന്നീ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കും. ഗുരുതരാവസ്ഥയിലുള്ള കൊറോണ രോഗികളെ ചികിത്സിക്കുന്നതിന് വെന്റിലേറ്റര്‍,ഐസിയു സൗകര്യങ്ങള്‍ ഉള്‍പ്പെടെ ജില്ലാശുപത്രിയില്‍ പ്രത്യേക കൊറോണ ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കും.
പ്രതിദിനം കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും ജില്ലാശുപത്രിയില്‍ തന്നെ മറ്റു ചികിത്സകളും നടത്തുന്നത് സുരക്ഷാ വീഴ്ചക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് തീരുമാനം. ഒപി ചികിത്സയും ജില്ലാശുപത്രിയില്‍ തുടരും.
ജില്ലാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ രോഗം സ്ഥിരീകരിച്ചതോടെയാണ് കൊറോണ ചികിത്സാകേന്ദ്രം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്.
ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊറോണ രോഗികളെ മാറ്റുമ്പോള്‍ ഓക്സിജന്‍ കണക്ഷന്, ഐസിയു, വെന്റിലേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.
മെഡിക്കല്‍ കോളേജില്‍ കൊറോണ പരിശോധന സംവിധാനം ഉടന്‍ തുടങ്ങും. ക്രമീകരണങ്ങളുടെ ഭാഗമായി ജീവനക്കാരെയും ഉടന്‍ പുനര്‍വിന്യസിക്കും.
1000 ടെസ്റ്റുകള്‍: പരിശോധനാഫലം 45 മിനിറ്റനകം
പാലക്കാട്: സമൂഹവ്യാപന സാധ്യത മനസ്സിലാക്കാന്‍ അഞ്ച് വിഭാഗങ്ങളിലായി റാപിഡ് ആന്റിബോഡി ടെസ്റ്റുകള്‍ നടത്തും. ഇത്തരത്തില്‍ 1000 ടെസ്റ്റുകള്‍ നടത്തി 45 മിനിറ്റിനകം പരിശോധനാ ഫലം ലഭ്യമാക്കും. ഒരു ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യന്, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെ ഇതിനായി നിയോഗിക്കും.
പിസിആര്‍ ടെസ്റ്റ് നടത്തുന്നതിന് താല്‍ക്കാലിക മെഷീന് ലഭ്യമായിട്ടുണ്ട്. ഗവ. മെഡിക്കല്‍ കോളേജില്‍ ഇതിനായുള്ള ലാബ് സജ്ജീകരിച്ചു വരുന്നു.
നിലവില്‍ തൃശൂരിലും ആലപ്പുഴ എന്‍ഐവിയിലുമാണ് പരിശോധനയ്ക്കായി സാമ്പിളുകള്‍ അയക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: