പത്തനംതിട്ട: മിഥുന മാസപൂജകള്‍ക്കും ഉത്രം ഉല്‍സവത്തിനും ശബരിമല നട തുറക്കുമ്പോള്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്നത് ക്ഷേത്രാചാരാ ലംഘനത്തിനെന്ന് ഭക്തര്‍. ഭക്തര്‍ ദേഹശുദ്ധിയോടെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടത്. എന്നാല്‍ പമ്പയില്‍ കുളിക്കാനോ കൈകാല്‍ കഴുകാനോ പോലും പാടില്ലെന്നാണ് വ്യവസ്ഥ. അതായത് അകലെ നിന്നു പോലും യാത്ര ചെയ്തും ഉറങ്ങിയും വരുന്ന ഭക്തര്‍ കുളിക്കാതെ ദര്‍ശനത്തിന് എത്തണം.
ക്ഷേത്രഭരണാധികാരികള്‍ തന്നെ ശബരിമലയില്‍ ആചാരലംഘനത്തിന് സൗകര്യം ഒരുക്കുന്നത് ഭക്തരില്‍ ആശങ്കയും പ്രതിഷേധവും ഉയര്‍ത്തുന്നുണ്ട്. തിരക്കുപിടിച്ച് ക്ഷേത്രത്തില്‍ ഭക്തരെ കടത്തി ആശങ്ക ഉണ്ടാക്കുന്നതിനുപകരം ക്ഷേത്രദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഭക്തര്‍ ഒന്നടങ്കം പറയുന്നു.
സന്നിധാനത്ത് നെയ്യഭിഷേകം നടത്താന്‍ അനുവാദമില്ല.ഒരു തരത്തിലുമുള്ള പ്രസാദവും നല്കുകയുമില്ല. നെയ്യ് ഒരു പ്രത്യേക സ്ഥലത്ത് സ്വീകരിച്ച് ,ആടിയ ശിഷ്ടം നെയ്യ് ഭക്തര്‍ക്ക് നല്‍കും. അതായത് അഭിഷേകത്തിനായി ഭക്തിപൂര്‍വ്വം കൊണ്ടുവരുന്ന നെയ്യ് പ്രസാദമായി തിരിച്ചുകൊണ്ടുപോകാനാവില്ല. കുളിച്ച് ശുദ്ധിയായി ക്ഷേത്രത്തില്‍ കയറാനോ,പ്രസാദം വാങ്ങാനോ ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് അനുവാദമില്ല. പിന്നെ എന്തിനാണ് ദര്‍ശനത്തിന് പോകുന്നതെന്നാണ് സംശയം. പണസമ്പാദനം മാത്രം ലക്ഷ്യം വച്ചുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം ഉപേക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ശബരിമല നട 14 ന് തുറക്കും
പത്തനംതിട്ട:മിഥുന മാസപൂജകള്‍ക്കും ഉത്രം ഉല്സവത്തിനുമായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം14 ന് വൈകുന്നേരം തുറക്കും.15ന് ആണ് മിഥുനം ഒന്ന്.19 ന് ഉത്രം ഉല്‍സവത്തിനായി ക്ഷേത്രത്തില്‍ കൊടിയേറ്റ് നടക്കും.ആചാരപരമായ ചടങ്ങുകള്‍ മാത്രമായിരിക്കും ഉല്‍സവത്തിന്റെ ഭാഗമായി ഉണ്ടാവുക.28 ന് ആറാട്ട് നടക്കും.അന്നേദിവസം തന്നെ ക്ഷേത്ര നട അടയ്ക്കും.
ഒരു സമയം 50 പേര്‍ക്ക് മാത്രമാണ് തിരുമുറ്റത്ത് പ്രവേശനം. മണിക്കൂറില്‍ 200 ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടും.വെര്‍ച്ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രമെ ഇക്കുറി അയ്യപ്പഭക്തര്‍ക്ക് ശബരിമലയില്‍ ദര്ശനത്തിനെത്താന് സാധിക്കുകയുള്ളൂ.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ വര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദര്‍ശനത്തിനായി ബുക്ക് ചെയ്യുമ്പോള്‍ തന്നെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം.എങ്കില്‍ മാത്രമെ അവര്‍ക്ക് ശബരിമല ദര്‍ശനത്തിനുള്ള അനുമതി ലഭിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: