കോഴിക്കോട്: ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. കോവിഡ് പ്രതിരോധത്തെ തുടര്‍ന്നുള്ള പ്രതിസന്ധികളുടെ ദുരിതമൊഴിയുന്നതിനിടെയാണ് ജൂലൈ 31 അര്‍ദ്ധരാത്രിവരെ 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിംഗ് നിരോധനവും വരുന്നത്. ഇത് തീരദേശമേഖലയില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതുമൂലം സാമൂഹിക അകലം പാലിച്ച് തൊഴിലാളികള്‍ കടലില്‍ പോയിരുന്നെങ്കിലും മത്സ്യലഭ്യത കുറഞ്ഞതിനാല്‍ അവരുടെ പ്രതീക്ഷകളെല്ലാം തകിടം മറിയുകയായിരുന്നു. ഇതിനിടെ ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും കടല്‍ക്ഷോഭവും ഉള്‍പ്പെടെ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റത്തെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തിയിരുന്നു. ഇനി ട്രോളിംഗ് തീരുന്നതുവരെയും മത്സ്യ തൊഴിലാളികള്‍ക്ക് വറുതിയുടെ നാളുകളാണ്.
കേരള തീരക്കടലില്‍ കരയില്‍ നിന്ന് കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ (22 കി. മീ വരെ) ദൂരത്തേക്കാണ് നിരോധനം. 52 ദിവസത്തിന് ശേഷം ജൂലൈ 31 ന് നിരോധനം അവസാനിക്കുന്നതു വരെ മത്സ്യബന്ധന ബോട്ടുകള്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ല. യന്ത്രവത്കൃത ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും ട്രോളിംഗ് നിരോധനകാലത്തും മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. എന്നാല്‍ ഒരു ഇന്‍ബോര്‍ഡ് വള്ളത്തിനൊപ്പം ഒരു ക്യാരിയര്‍ വള്ളം മാത്രമെ അനുവദിക്കുകയുള്ളു. കോവിഡ് മാനദണ്ഡത്തില്‍ സാമൂഹിക അകലം പാലിക്കണമെന്നതിനാല്‍ യന്ത്രവത്കൃത ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ പോകാവുന്ന തൊഴിലാളികളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. ഈ മേഖലയിലെ അമ്പതു ശതമാനത്തോളം തൊഴിലാളികളെ ഇത്തരം നിയന്ത്രണം പ്രതികൂലമായി ബാധിക്കും. അതിനാല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകളും എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളുമടക്കം 4200 ഓളം ബോട്ടുകള്‍ക്ക് നിരോധനം ബാധകമാകും.
നിയമലംഘനങ്ങള്‍ക്കെതിരെ ഫിഷറീസ് വകുപ്പ് കര്‍ശന നടപടി സ്വീകരിക്കും. നിയമ ലംഘന മുണ്ടാകാതിരിക്കാനും നിരോധനം കര്‍ശനമായി നടപ്പാക്കാനും ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലും തീരദേശ പോലിസ്, മറൈന്‍ എന്‍ഫോഴ്‌മെന്റ് പരിശോധനകള്‍ ഉറപ്പാക്കും.ട്രോളിംഗ് നിരോധനകാലത്ത് കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് കാര്‍ഡ് നിര്‍ബന്ധമായും കരുതണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടാതെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ലൈഫ് ജാക്കറ്റ്, ആവശ്യമായ അളവില്‍ ഇന്ധനം, ടൂള്‍കിറ്റ് എന്നിവ വള്ളങ്ങളില്‍ കരുതണം. പ്രക്ഷുബ്ധമായ കാലാവസ്ഥയില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
കടല്‍ പട്രോളിംഗിനും കടല്‍ സുരക്ഷാ പ്രവര്‍ത്തനത്തിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രോളിംഗ് കാലത്ത് പട്രോളിംഗിനും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാന്‍ മൂന്ന് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും വാടകക്കെടുത്തിട്ടുണ്ട്. ബോട്ടുകള്‍ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി എന്നീ ബേസുകളും ഫൈബര്‍വള്ളം ചോമ്പാല്‍ ബേസ് കേന്ദ്രീകരിച്ചുമാണ് പ്രവര്‍ത്തിക്കുക. കണ്‍ട്രോള്‍റൂം നമ്പര്‍: 0495 2414074, 9496007038.
പ്രതികരിക്കാൻ ഇവിടെ എഴുതുക: