കോഴിക്കോട്: വജ്രം അനധികൃതമായി വില്ക്കാന് ശ്രമിച്ച കേസില്‍ മുഖ്യപ്രതി ഉടന്‍ വലയിലാകുമെന്ന് പോലീസ്. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷമീര്‍ ആണ് കേസിലെ മുഖ്യപ്രതി. ഇയാളുടെ മൊബൈല്‍ നമ്പര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട് . ഈ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു.
ഒരു കോടിയോളം രൂപ മൂല്യമുള്ള വജ്രം വില്ക്കാന് ശ്രമിക്കുന്നതിനിടെ മലപ്പുറം വേങ്ങര ഊരകം കാപ്പില്‍ താജ്മഹല്‍ ഹൗസില്‍ എം. അബ്ദുറഹ്മാനെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മതിയായ രേഖകളില്ലാതെ വജ്രം വില്ക്കാന് ശ്രമിച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. വജ്രം തനിക്ക് നല്‍കിയത് ഷമീര്‍ ആണെന്ന് പോലീസിനോട് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങിയത്.
വജ്രം വില്‍പ്പനക്ക് പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസ് സംശയിക്കുന്നു. 5.3 ഗ്രാം തൂക്കമുള്ള വജ്രക്കല്ലാണ് പോലീസ് പിടികൂടിയത്. ഒന്നര സെന്റീമീറ്ററുള്ള വജ്രം അപൂര്‍വമാണത്രെ. ഈ വജ്രത്തിന്റെ പേരില്‍ വലിയ സാമ്പത്തിക തട്ടിപ്പും നടന്നിട്ടുണ്ട്. എറണാംകുളം സ്വദേശിയില്‍ നിന്ന് ഷമീര്‍ വജ്രം കബളിപ്പിച്ചെടുക്കുക യായിരുന്നുവത്രെ. സാമ്പത്തിക തട്ടിപ്പില്‍ നാല് പേര് ഉള്‍പ്പെട്ടതായാണ് സൂചന. വജ്രം പോലീസ് കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: