തിരുവനന്തപുരം: കേരളത്തിലെ വിശ്വാസികളായ ഹിന്ദു സമൂഹത്തെ മനപൂര്‍വം വ്രണപ്പെടുത്താനുളള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. നിലവിലെ സാഹചര്യം മനസിലാക്കി ക്ഷേത്രങ്ങള്‍ തുറക്കേണ്ടന്ന് ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍ വരാത്ത നൂറുകണക്കിന് ക്ഷേത്ര കമ്മിറ്റികള്‍ തീരുമാനിച്ചു കഴിഞ്ഞു. എന്നിട്ടും താങ്കള്‍ മുന്നോട്ടുപോകുന്നത് വിശ്വാസികളെ ലക്ഷ്യം വെച്ചല്ല, ഇവിടെവീഴുന്ന കാണിക്കയില്‍ കണ്ണുടക്കിയാണെന്ന് കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്.ദേവസ്വം ബോര്‍ഡിനു കീഴിലുളള ക്ഷേത്രങ്ങള്‍ തുറക്കാനുളള തീരുമാനം കേരളത്തിലെ ഇടതുസര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് അദേഹം പറഞ്ഞു.
കേരളത്തിലെ ഇടതുസര്‍ക്കാര്‍ വിശ്വാസികള്‍ക്കെന്ന പേരില്‍ കാട്ടിക്കൂട്ടുന്നതിന്റെ ചേതോവികാരം എന്താണെന്ന് താങ്കള്‍ മനസില്‍ വിചാരിക്കുംമുമ്പു തന്നെ മാനത്തുകാണുന്നവരാണ് കേരളത്തിലെ ഹിന്ദു സമൂഹമെന്ന് താങ്കള്‍ ഇനിയെങ്കിലും തിരിച്ചറിയണമെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശ്രീ പിണറായി വിജയന് ,
ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോര്‍ഡിനുകീഴിലുളള ഹിന്ദു ക്ഷേത്രങ്ങള്‍ തുറക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ തീരുമാനിച്ചത്? ഇക്കാര്യം വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും ക്ഷേത്രഭരണസമിതികള്‍ ആവശ്യപ്പെട്ടോ? ഇതൊന്നുമില്ലാതെ ക്ഷേത്രങ്ങള്‍ തുറക്കാനുളള താങ്കളുടെ നിലപാട് ദുരുദ്ദേശപരമാണ്. അത് വിശ്വാസികളായ കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്.
കൊവിഡ് രോഗം നാള്‍ക്കുനാള്‍ കേരളത്തില്‍ കൂടുകയാണ്.സാമാന്യ സാമൂഹിക അകലം ഉറപ്പാക്കാന്‍ പോലും താങ്കളുടെ സര്‍ക്കാരിന് കഴിയുന്നില്ല. കേരളത്തിന്റെ കൊവിഡ് പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്പിളക്കി,ഒടുവില്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ ക്ഷേത്രങ്ങള്‍ തുറന്ന് തടിതപ്പാനാണോ നീക്കം? അതിന്റെ ആദ്യ സൂചന ദേവസ്വം മന്ത്രിയുടെ നാവിന് തുമ്പത്തുനിന്നുതന്നെ ഇന്ന് പുറത്തുവന്നു. ക്ഷേത്രങ്ങള്‍ തുറക്കാന്‍ ഉത്തരവിട്ടത് കേന്ദ്ര സര്‍ക്കാരാണ്, താങ്കളുടെ സര്‍ക്കാരിന് പങ്കില്ല എന്നാണ് ദേവസ്വം മന്ത്രി പറഞ്ഞത്.
രാജ്യമാകമാനമുളള പൊതുമാനദണ്ഡമാണ് കേന്ദ്ര സര്‍ക്കാരിറക്കുന്നത്. ഇക്കാര്യത്തില്‍ പ്രാദേശിക സാഹചര്യം മനസിലാക്കി ഉത്തരവിറക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. താങ്കളുടെ ഭരണകൂടത്തിന്റെ ചുമതലയാണത്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചാണ് ഉത്തരവിറക്കിയതെങ്കില്‍ ക്വാറന്റീന് കാര്യത്തിലടക്കം കേരളം എന്തുകൊണ്ട് കേന്ദ്ര മാനദണ്ഡം അതേപടി നടപ്പാക്കിയില്ല? 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് വേണമെന്ന മാനദണ്ഡത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വെളളം ചേര്‍ത്തത് ആരും തിരിച്ചറിയില്ല എന്ന് കരുതരുത്.
കേരളത്തിലെ വിശ്വാസികളായ ഹിന്ദു സമൂഹത്തെ മനപൂര്‍വം വ്രണപ്പെടുത്താനുളള നീക്കമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. നിലവിലെ സാഹചര്യം മനസിലാക്കി ക്ഷേത്രങ്ങള്‍ തുറക്കേണ്ടന്ന് ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍ വരാത്ത നൂറുകണക്കിന് ക്ഷേത്ര കമ്മിറ്റികള്‍ തീരുമാനിച്ചു കഴിഞ്ഞു. എന്നിട്ടും താങ്കള്‍ മുന്നോട്ടുപോകുന്നത് വിശ്വാസികളെ ലക്ഷ്യം വെച്ചല്ല, ഇവിടെവീഴുന്ന കാണിക്കയില്‍ കണ്ണുടക്കിയാണെന്ന് കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടൊന്നേ പറയാനുള്ളൂ…ദേവസ്വം ബോര്‍ഡിനു കീഴിലുളള ക്ഷേത്രങ്ങള്‍ തുറക്കാനുളള തീരുമാനം കേരളത്തിലെ ഇടതുസര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം.
കേരളത്തിലെ ഇടതുസര്‍ക്കാര്‍ വിശ്വാസികള്‍ക്കെന്ന പേരില്‍ കാട്ടിക്കൂട്ടുന്നതിന്റെ ചേതോവികാരം എന്താണെന്ന് താങ്കള്‍ മനസില്‍ വിചാരിക്കുംമുമ്പു തന്നെ മാനത്തുകാണുന്നവരാണ് കേരളത്തിലെ ഹിന്ദു സമൂഹമെന്ന് താങ്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം ! മുഖ്യമന്ത്രിയെന്ന നിലയിലുളള അന്തസും മാന്യതയും താങ്കള്‍ കാണിക്കണം. ഈശ്വര വിരോധികളായ സിപിഎമ്മിന്റെ പാര്‍ട്ടി സെക്രട്ടറിയല്ല, കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഇനിയെങ്കിലും താങ്കള്‍ സ്വയം തിരിച്ചറിയണം !
പ്രതികരിക്കാൻ ഇവിടെ എഴുതുക: