തൃശൂര്‍: കൊവിഡ് സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നോര്‍ത്ത് ചാലക്കുടി കോമ്പാറക്കാരന്‍ ചാക്കോയുടെ മകന് ഡിന്നി ചാക്കോ(42) ആണ് മരിച്ചത്. തൃശൂര്‍ ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 17 ആയി.
മെയ് 12ന് മാലിയില്‍ നിന്നെത്തിയ ഡിന്നി ചാക്കോയ്ക്ക് മെയ് 16നാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇയാള്‍ക്ക് പ്രമേഹവും ഉണ്ടായിരുന്നു. ഡിന്നിക്കൊപ്പം ഭാര്യയ്ക്കും മകനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അമ്മ ഇപ്പോഴും കൊവിഡ് ചികിത്സയില്‍ കഴിയുകയാണ്. ഭാര്യയും മകനും രോഗമുക്തി നേടി.
തൃശൂര്‍ ജില്ലയില്‍ ഞായറാഴ്ചയും കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചിരുന്നു. 87കാരനാണ് ഇന്നലെ മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിച്ച ഉടനെയായിരുന്നു മരണം. ഇയാളെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 40 പേര് നിരീക്ഷണത്തിലാണ്. മുംബൈയില്‍ നിന്നെത്തിയ വയോധിക നേരത്തെ തൃശൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ചു മരിച്ചിരുന്നു.
ലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് ദ്രുതപരിശോധന നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ സാമൂഹ്യവ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദ്രുതപരിശോധന ഏറെ നിര്‍ണായകമാണ്.
ലക്ഷണങ്ങളില്ലാത്ത രോഗികളെ തിരിച്ചറിയാല്‍ ദ്രുതപരിശോധനയിലൂടെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: