തിരുമല: മാലിന്യങ്ങള്‍ നിറഞ്ഞ് കാളിന്ദിയായ ഒരു കുളം. ആ കുളത്തെ സുന്ദരിയാക്കി നാടിന് സമ്മാനിച്ച സന്തോഷത്തിലാണ് തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ തിരുമല അനില്‍.
തിരുമല-മങ്കാട്ടുകടവ് റോഡില്‍ അണ്ണൂരിലാണ് നാടിന്റെ നൊമ്പരമായി പഴവൂര്കുളം എന്ന വലിയകുളം. കഴിഞ്ഞ 75 വര്‍ഷമായി ആരും തിരിഞ്ഞു നോക്കാതെ ഈ ജലാശയം നാട്ടുകാര്‍ മാലിന്യം വലിച്ചെറിയുന്ന കുപ്പത്തൊട്ടിയായിരുന്നു. തൃക്കണ്ണാപുരം വാര്‍ഡില്‍ മത്സരിക്കുമ്പോള്‍ തിരുമല അനില്‍ അണ്ണൂര്‍ നിവാസികള്‍ക്ക് നല്കിയ ഉറപ്പായിരുന്നു പഴവൂര്കുളത്തിന്റെ നവീകരണം. ചാരാച്ചിറകുളം കഴിഞ്ഞാല്‍ നഗരത്തിലെ ഏറ്റവും വലിയ കുളമാണ് ഇത്. ഒരേക്കര്‍ വിസ്തൃതിയുള്ള കുളം. പണ്ട് പ്രദേശവാസികള്‍ കൃഷിക്ക് ആശ്രയിച്ചിരുന്ന ജലസംഭരണി. തിരുമല അനില്‍ കുളത്തിന്റെ രക്ഷകനായി രംഗത്തെത്തിയപ്പോള്‍, ഒപ്പമെത്തി ഒരു നാടും.
തിരുമല അനില്‍ നഗരസഭയെ പഴവൂര്‍ കുളത്തിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തി. ആ പോരാട്ടം ഒടുവില്‍ വിജയിച്ചു. കുളത്തിന്റെ നവീകരണത്തിന് 2018-19ല്‍ ഒന്നരക്കോടി അനുവദിച്ചു. ചേറും മാലിന്യങ്ങളും നീക്കി. സുരക്ഷാവേലിയും പടവുകളും ഒരുക്കി. കുളത്തിന് ചുറ്റും തറയോട് പാകി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്ക്കും പ്രഭാതസവാരിക്കും സായാഹ്ന നടപ്പിനുമുള്ള ഇടനാഴിയായി പഴവൂര്‍ കുളത്തിന്റെ വശങ്ങളില് ഒരുക്കി.
മൂന്നു തവണ വലം വച്ചാല്‍ ഒരു കിലോമീറ്റര്‍. മത്സ്യഫെഡ് 10000 മീന്‍ കുഞ്ഞുങ്ങളെ കുളത്തില്‍ ഉടന്‍ നിക്ഷേപിക്കാമെന്ന് ഉറപ്പു നല്‍കിയതായി അനില്‍കുമാര്‍ പറയുന്നു. ഇതോടെ പഴവൂര്‍ കുളം മത്സ്യകൃഷിയിലേക്ക് തിരിയും.
2019-20 ലെ തിരുമല അനിലിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 45 ലക്ഷം രൂപ കുളത്തിന്റെ തുടര്‍ നവീകരണത്തിന് മാറ്റി വച്ചിട്ടുണ്ട്. കുളത്തിന്റെ വശങ്ങളിലുള്ള ഭൂമിയില്‍ മൂന്ന് ഷട്ടില്‍ കോര്‍ട്ടുകള്‍, ഒരു ഓപ്പണ്‍ ജിം എന്നിവ സ്ഥാപിക്കാന്‍ ഈ തുക വിനിയോഗിക്കും. കുളത്തിന്റെ ഒരു ഭാഗം നീന്തല്‍ പരിശീലനത്തിന് മാറ്റാനും ശ്രമം നടക്കുന്നതായി കൗണ്‍സിലര്‍ പറയുന്നു. അക്ഷരാര്‍ത്ഥത്തില്‍ സുന്ദരിയായ പഴവൂര്‍ കുളത്തിന് അരികത്ത് ഇനി കളികളും വ്യായാമ മുറകളും ആരവമുയര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: