ഇടുക്കി: സംസ്ഥാനത്ത് കാലവര്‍ഷം എത്തി നാല് ദിവസം പിന്നിടുമ്പോള്‍ ലഭിച്ചത് 108% അധികമഴ. പാലക്കാട് ഒഴികെയുള്ള ജില്ലകളിലെല്ലാം മഴ കനത്തു. സംസ്ഥാനത്താകെ ശരാശരി 4.97 സെ.മീ. മഴ കണക്ക് കൂട്ടിയപ്പോള്‍ ലഭിച്ചത് 10.32 സെ.മീ. മഴയാണ്.
ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്. 32 സെ.മീ, കണ്ണൂര്‍-23, പത്തനംതിട്ട-10.51, തിരുവനന്തപുരം-17.87, ആലപ്പുഴ-10.6, മലപ്പുറം- 7.51, എറണാകുളം-7, തൃശൂര്‍-6.2, വയനാട്- 5.45, കൊല്ലം-5.11, വീതം മഴ ലഭിച്ചപ്പോള്‍ പാലക്കാട് 2.28 സെ.മീ. മഴയും പെയ്തിറങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം ജൂണ്‍ ആദ്യം മഴ എത്തുന്നതിനും മഴ കൂടാനുമുള്ള പ്രധാന കാരണം നിസര്‍ഗ ചുഴലിക്കാറ്റാണ്.
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വടകരയിലാണ് 12 സെ.മീ. വേനല്‍മഴ താരതമ്യേന കുറഞ്ഞ വടക്കന്‍ ജില്ലകളിലാണ് മഴ കൂടിയത്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മഹാരാഷ്ട്ര-മദ്ധ്യപ്രദേശ് അതിര്‍ത്തിയിലെത്തിയ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞതിനാല്‍ വരും ദിവസങ്ങളില്‍ മഴ കൂടാനുള്ള സാധ്യതയുണ്ട്.
അതേ സമയം വരുന്ന വാരം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയുണ്ട്. ഇത് എട്ടാം തീയതിയോടെ ഒഡീഷ തീരത്ത് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: