പത്തനംതിട്ട: പമ്പയടക്കം സംസ്ഥാനത്തെ നദികളില്‍ പ്രളയകാലത്ത് അടിഞ്ഞുകൂടിയ എക്കലും ചെളിയും അതിന്റെ മറവില്‍ മണലും വാരാനുള്ള സര്‍ക്കാര്‍ തീരുമാനം നദികളുടെ മരണമണി മുഴക്കും. ഇന്ന് ലോകപരിസ്ഥിതിദിനം ആചരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ വിവാദ നീക്കം. നദികളില്നിന്ന്മണല് ഒഴിവാക്കി എക്കലും ചെളിയും മാത്രം നീക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇതെങ്ങനെ ചെയ്യുമെന്ന് പരിസ്ഥിതി വിദഗ്ദ്ധരും ഇതിനുചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ആശങ്കപ്പെടുന്നു.
2012 മുതല്‍ നിലച്ച മണല്‍ഖനനം പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട 35 നദികളില്‍ മണല്‍ ഓഡിറ്റിംഗ് നടന്നുവരികയാണ്. ഇതിനോടകം 15 എണ്ണത്തില്‍ മണല്‍ഖനനത്തിന് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങി. ഇതിനു പിന്നാലെയാണ് എല്ലാ നദികളില്‍ നിന്നും എക്കലും ചെളിയും നീക്കം ചെയ്യാനും ഉത്തരവ്.
വീണ്ടും പ്രളയമുണ്ടാകുമെന്ന പ്രവചനങ്ങളുടെ മറവില്‍, ദുരന്ത നിവാരണ നടപടിയെന്ന നിലയിലാണ് എക്കലും ചെളിയും നീക്കുന്നത്. ഭരണം തീരാന്‍ ഒരുവര്‍ഷം അവശേഷിക്കേ തിടുക്കപ്പെട്ട് സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ മാറ്റാനുള്ള നീക്കത്തില്‍ ദുരൂഹതയുണ്ട്. തെരഞ്ഞെടുപ്പുകള്‍ വിളപ്പാടകലെ എത്തി നില്ക്കുമ്പോള് പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കാനുള്ള നടപടിയാണിതെന്നാണ് സംശയം. കരാറുകാരില്‍ നിന്ന് പണം പരിച്ച് അനുമതി നല്കിയാല് മതിയാകും. ദുരന്ത നിവാരണത്തിന്റെ മറവില്‍ മണല്‍കൊള്ളക്കാണ് വഴി തുറക്കുന്നത്.
2018ലെ പ്രളയം കഴിഞ്ഞതിന്ശേഷം2019ലും വെള്ളപ്പൊക്കം ഉണ്ടായിരുന്നു. ആസമയത്തുപോലും നദികളിലെ എക്കലും ചെളിയും മാറ്റാന്‍ തയ്യാറാകാത്തവര്‍ ഇപ്പോള്‍ ധൃതഗതിയിലാണ് നീക്കം നടത്തുന്നത്. നദികളില്‍ നിന്ന് മണല്‍ വാരണമെങ്കില്‍ വിദഗ്ദ്ധ സമിതി മണല്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് തയാറാക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.വനപ്രദേശത്തെ നദികളില്‍ നിന്നും മണല്‍ വാരണമെങ്കില്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും വേണം. നദിയില്‍ നിന്ന് എക്കല്‍ നീക്കിയാലും വനമേഖലയില്‍ നിന്ന് അത് പുറത്തുകൊണ്ടു പോകുന്നതിന് വന നിയമം ബാധകമാണ്. നദിയില്‍ നിന്ന് മാറ്റാന്‍ മാത്രമെ ഡിസാസ്റ്റര്‍ മാനേജ് മെന്റ് നിയമപ്രകാരം കഴിയുകയുള്ളൂ.കഴിഞ്ഞ അര നൂറ്റാണ്ടുകൊണ്ട് നദികളിലെ മണല്‍ മുഴുവന്‍ വാരിതീര്ത്തിരുന്നു. പ്രളയത്തില്‍ അതിന്റെ ഒരു ശതമാനം പോലും വന്നടിഞ്ഞിട്ടില്ലെന്നും പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: