ന്യൂദല്‍ഹി: കേരളത്തിലെ ഇടതുസര്‍ക്കാര്‍ അടക്കം നടപ്പാക്കിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം പിന്തിരിപ്പനാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ. കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ അധ്യാപനവും വിദ്യാഭ്യാസവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പിബി പുറത്തിറക്കിയ പ്രസ്താവന കുറ്റപ്പെടുത്തുന്നു. എന്നാല്‍ പാര്‍ട്ടി ഭരിക്കുന്ന കേരളത്തിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയെപ്പറ്റി പിബി മൗനം പാലിക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയെ എതിര്‍ക്കുമ്പോഴും ജൂലൈ മാസം ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കേന്ദ്രകമ്മിറ്റി നടത്താന്‍ പിബി യോഗം തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ പിബി യോഗം ചേര്‍ന്നതും ഓണ്‍ലൈനായി ആയിരുന്നു.
പരമ്പരാഗത സ്കൂള്‍, കോളേജ് വിദ്യാഭ്യാസ രീതിക്ക് പകരമായി രാജ്യത്തിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന ഡിജിറ്റല്‍ വിഭജനം വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നടപ്പാക്കരുത്. പാര്‍ട്ടി എല്ലാക്കാലത്തും എതിര്ത്തിട്ടുള്ളതാണിത്. എല്ലാവര്ക്കും സാങ്കേതിക സൗകര്യങ്ങള്‍ ലഭ്യമാകുന്നതു വരെ ഇത്തരം വിദ്യാഭ്യാസ രീതികള്‍ പാടില്ല. വിദ്യാഭ്യാസരംഗത്തെ ഡിജിറ്റല്‍ വിഭജനം പാര്‍ട്ടി അംഗീകരിക്കില്ല, പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
എല്ലാവര്ക്കും ലഭ്യമല്ലാത്തതാണ് നിലവിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതിയെന്നും ഇതു വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്നും പിബി യോഗശേഷം നടന്ന പത്രസമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എന്നാല്‍ കേരളം നടപ്പാക്കിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയെപ്പറ്റി പാര്‍ട്ടി സെക്രട്ടറി മൗനം പാലിച്ചു. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും നയതന്ത്ര, പ്രതിരോധ മേഖലകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഇതിന് സഹായിക്കുമെന്ന് കരുതുന്നതായും സിപിഎം പിബി പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: