തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ച വൈദികന് എവിടെ നിന്നു രോഗം പിടിപെട്ടു എന്നറിയാതെ ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇതിനു മുന്‍പും ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാസര്‍ഗോഡ് ചക്ക വീണ് പരുക്കേറ്റയാളുടെ സാംപിള്‍ പരിശോധിച്ചപ്പോഴും കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നു. കേരളത്തില്‍ ഇത്തരത്തില്‍ രോഗഉറവിടം കണ്ടെത്താനാകാതെ വരുന്നത് രോഗത്തിന്റെ സാമൂഹികവ്യാപന സാധ്യതയിലേക്കാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.
തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയാണ് മരണപ്പെട്ട ഫാദര്‍ കെജി വര്‍ഗീസ്. ഇദ്ദേഹത്തിന് 77 വയസ്സായിരുന്നു. ഇന്നലെ രാവിലെയാണ് ഫാദര്‍ വര്‍ഗീസ് മരണപ്പെട്ടത്. ഇദ്ദേഹം ശ്വാസകോശത്തില്‍ രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നേരത്തേ പേരൂര്‍ക്കട ജനറല്‍ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇതേത്തുടര്‍ന്ന് പേരൂര്‍ക്കട ആശുപത്രിയിലെ രണ്ടു വാര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ഒപ്പം, ഒമ്പതു ഡോക്റ്റര്‍മാരോടു ക്വാറൈന്റിനിലേക്ക് പോകാനും നിര്‍ദേശിച്ചു. മെഡിക്കല്‍ കോളെജില്‍ വൈദികനുമായി അടുത്ത് ഇടപഴകിയ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സ്രവ പരിശോധന നടത്തും.അതേസമയം, ആശുപത്രികളില്‍ അടക്കം വൈദികനെ കാണാന്‍ നിരവധി ആള്ക്കാര് എത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതും ആശങ്കയ്ക്ക് ഇടനല്‍കുന്നതാണ്.
ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടിയാണ് വൈദികനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന് അപ്പോള്‍ കൊവിഡ് കണ്ടെത്തിയിരുന്നില്ല എന്നാണ് അറിയുന്നത്. ശ്വാസകോശത്തിലെ രോഗബാധ കൂടാതെ ഫാദര്‍ വര്‍ഗീസിന് മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ഉച്ചയോടെയാണ് ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം പുറത്ത് വന്നത്. ഏപ്രില്‍ 20ന് ഫാദര്‍ വാഹനാപടകത്തില്‍പ്പെട്ട് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ചികിത്സയ്ക്ക് ശേഷം മെയ് 20ന് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് മെയ് 30ന് ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അത്.
പനി ഉണ്ടായിരുന്നത് പിന്നീട് മൂര്‍ച്ഛിച്ച് ന്യൂമോണിയ ആയി മാറി. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചത്. മരണശേഷം പുറത്ത് വന്ന പരിശോധനാ ഫലത്തിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്. ഇദ്ദേഹത്തിന്റെ സ്ഥലമായ നാലാഞ്ചിറയില്‍ ഇതുവരെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫാദര്‍ വര്‍ഗീസിന്റെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ് മരണങ്ങള് 11 ആയി ഉയര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: