തിരുവനന്തപുരം: തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു . ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 എംഎം വരെ മഴ) അതിശക്തമായതോ (115 എംഎം മുതല്‍ 204.5 എംഎം വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാന്‍ തയ്യാവണം.ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ച ജില്ലകളില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കൺട്രോൾ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.
അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് അതിതീവ്ര ചുഴക്കലിക്കാറ്റായി നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്ര തീരങ്ങളില്‍ പ്രവേശിക്കും. മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്രഭരണപ്രദേശമായ ദാമിനുമിടയിലെ പ്രദേശങ്ങളില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ചുഴലിക്കാറ്റായി മാറിയ നിസര്‍ഗ വീശുക.
വടക്കന്‍ മഹാരഷ്ട്രയിലെയും ദക്ഷിണ ഗുജറാത്തിലെയും തീരങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലൊഴികെ രാജ്യത്ത് ഈ വര്‍ഷം സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആനന്ദ് ശര്‍മ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: