ന്യൂദല്‍ഹി: ശബരിമല, ശിവഗിരി സ്പിരിച്വല്‍ സര്‍ക്യൂട്ട് പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതായി കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്. ശബരിമലയ്ക്കായി 2016-17ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 99.99 കോടിരൂപയുടെ പദ്ധതിയില്‍ ഇതുവരെ ചെലവഴിച്ചത് വെറും ഒരു കോടി രൂപ മാത്രമാണെന്നും കേന്ദ്രപദ്ധതികളുടെ നടത്തിപ്പില്‍ കേരളം വലിയ വീഴ്ചയാണ് വരുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2015-16 മുതല്‍ 2018-19 വരെ 503.83 കോടിരൂപയാണ് ആറു പ്രധാന പദ്ധതികളില്‍ ഉള്‍പ്പെടുത്തി കേന്ദ്രടൂറിസം മന്ത്രാലയം കേരളത്തിന് അനുവദിച്ചത്. എന്നാല്‍ 125 കോടിരൂപയില്‍ താഴെ മാത്രമാണ് കേരളം ഇതുവരെ ചെലവഴിച്ചത്. ഇതില്‍ പ്രളയം ദുരിതം വിതച്ച ശബരിമലയിലെയും പമ്പയിലെയും അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കാന്‍ സാധിക്കുമായിരുന്ന 99.99 കോടി രൂപയുടെ ശബരിമല-പമ്പ-എരുമേലി സ്പിരിച്വല്‍ പദ്ധതിയില്‍ വെറും ഒരു കോടി രൂപ മാത്രമാണ് ചെലവഴിച്ചിരിക്കുന്നത് എന്നത് ഗൗരവകരമാണ്.
2015-16 കാലത്ത് പ്രഖ്യാപിച്ച് നടപ്പാക്കിയ പത്തനംതിട്ട-ഗവി-വാഗമണ്‍-തേക്കടി എക്കോ പദ്ധതി മാത്രമാണ് അനുവദിച്ച തുക പൂര്‍ണ്ണമായും ചെലവഴിച്ചത്. 70.35 കോടി രൂപയുടെ പദ്ധതിക്കായി കേന്ദ്രം നല്കിയ 61.24 കോടിയില്‍ 99 ശതമാനവും ചെലവഴിച്ചിട്ടുണ്ട്.
2016-17 മുതല്‍ 2018-19 വരെയുള്ള കാലയളവില്‍ അനുവദിച്ച 427 കോടി രൂപയുടെ മറ്റ് അഞ്ചു പദ്ധതികളുടെ നടത്തിപ്പില്‍ സംസ്ഥാനസര്‍ക്കാര്‍ വലിയ വീഴ്ച വരുത്തി. 99.99 കോടിയുടെ ശബരിമല പദ്ധതിയുടെ ആദ്യഘട്ടമായി അനുവദിച്ച 20 കോടിയില്‍ വെറും ഒരു കോടിരൂപമാത്രമാണ് ചെലവഴിച്ചത്. ഇതേ തുടര്‍ന്നാണ് രണ്ടാംഘട്ട തുക നല്‍കാതിരുന്നത്.
92.22 കോടിരൂപയുടെ ശ്രീപദ്മനാഭ,ആറന്മുള, ശബരിമല സ്പിരിച്വല്‍ പദ്ധതിക്കായി വിവിവിധ ഘട്ടങ്ങളായി 73.77 കോടിരൂപ നല്‍കിയിട്ടും നാലുവര്‍ഷത്തിന് ശേഷവും 80ശതമാനം മാത്രമാണ് ചെലവഴിച്ചത്. 2018-19ല്‍ പ്രഖ്യാപിച്ച 80.37 കോടിരൂപയുടെ മലനാട് മലബാര്‍ ക്രൂയിസ് പദ്ധതിയില്‍ ആദ്യഘട്ടമായി നല്‍കിയത് 23.77 കോടിരൂപയാണ്. എന്നാല്‍ ഇതുവരെ ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ല.
തുടര്‍ച്ചയായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും ഇത്രയധികം പദ്ധതികളുടെ നടത്തിപ്പ് വൈകിയതോടെയാണ് ശിവഗിരി സ്പിരിച്വല്‍ പദ്ധതിയും ജില്ലകളിലെ ആരാധനാലയങ്ങളെ ഉള്‍പ്പെടുത്തിയുള്ള സ്പിരിച്വല്‍ പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. എന്നാല്‍ ശിവഗിരി പദ്ധതി കേന്ദ്ര ടൂറിസം മന്ത്രാലയം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടാകുമെന്നും വി. മുരളീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: