കീക്കാന്‍: എല്‍എസ്ജിഡി എഞ്ചിനീയറുടെ പിടിവാശി കാരണം പിടിഎ കമ്മിറ്റിക്ക് ലക്ഷങ്ങളുടെ നഷ്ടമെന്ന് ആരോപണം. പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ എല്‍എസ്ജിഡി എന്‍ജിനീയറുടെ നടപടി മൂലം കീക്കാന്‍ രാമചന്ദ്ര റാവു മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ പിടിഎ കമ്മറ്റിയാണ് പുലിവാല് പിടിച്ചിരിക്കുന്നത്. പള്ളിക്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതി 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കീക്കാന്‍ സ്കൂളിന് 2 ക്ലാസ് മുറികള്‍ അനുവദിച്ചിരുന്നു. 12 ലക്ഷത്തി അമ്പതിനായിരം രൂപ എസ്റ്റിമേറ്റ് ഉള്ളതില്‍ ഒരു ലക്ഷം രൂപ ഇലക്ട്രിക്കല്‍ വര്‍ക്കിനായി നീക്കിവെച്ചിരുന്നു. അത് കമ്മറ്റി വര്‍ക്കില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
2018 ഒക്ടോബറില്‍ കമ്മിറ്റി പഞ്ചായത്തുമായി എഗ്രിമെന്റ് വെച്ച് ഡിസംബര്‍ മാസത്തോടെ ആരംഭിച്ച പണി 2020 മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തീകരിക്കുകയും മാര്‍ച്ച് 30ന് ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നു. കോവിഡ് 19 വ്യാപനം മൂലം സമ്പൂര്‍ണ്ണ ലോക്ക്ഡോണ്‍ പ്രഖ്യാപിച്ചതിനാല്‍ ഉദ്ഘാടനം നടന്നിരുന്നില്ല.
12 ലക്ഷത്തില്‍ അധികം തുക ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി അതിന്റെ മുഴുവന്‍ ബില്ലുകളും എഞ്ചിനീയര്‍ക്ക് അംഗീകാരത്തിനായി സമര്‍പ്പിച്ചെങ്കിലും രണ്ടുതവണയായി 5,95,000 രൂപ മാത്രമാണ് കമ്മിറ്റിക്ക് അനുവദിച്ചു കിട്ടിയത്. പിടിഎയുടെ പ്രവൃത്തികള്‍ക്കായി സാധാരണയായി അനുവദിക്കാറുള്ള അഡ്വാന്‍സ് തുകയും ഇവിടെ അനുവദിച്ചിരുന്നില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. മുഴുവന്‍ ബില്‍ തുകയും അനുവദിച്ചു കിട്ടുന്നതിനായി പിടിഎ കമ്മറ്റി ഭാരവാഹികള്‍ പലതവണ അസിസ്റ്റന്റ് എഞ്ചിനീയറെ സമീപിച്ചെങ്കിലും നിഷേധാത്മകമായ നിലപാട് അദ്ദേഹം തുടരുകയാണെന്നാണ് ആരോപണം.
പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി.എം അബ്ദുല്‍ ലത്തീഫിന്റെ വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെട്ടിടം പരിശോധിച്ച് തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് എകെസി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ഭരണസമിതി ഭാരവാഹികളുടെയും പിടിഎ കമ്മറ്റി ഭാരവാഹികളുടെയും അസിസ്റ്റന്റ് എഞ്ചിനീയറുടെയും സാന്നിധ്യത്തില്‍ കെട്ടിടം പരിശോധിക്കുകയും പറയാനുള്ളത് കേള്‍ക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തെറ്റുകള്‍ തിരുത്തി എത്രയും വേഗം ബില്‍ തുക അനുവദിച്ചു കൊടുക്കാന്‍ നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പിടിഎ കമ്മറ്റി ഭാരവാഹികള്‍ എഇയെ സമീപിച്ചപ്പോഴാണ് അവര്‍ ആദ്യം സമര്‍പ്പിച്ച 4,37,023 രൂപയുടെ ബില്‍ ഒഴികെ മുഴുവന്‍ ഒറിജിനല്‍ ബില്ലും മിനുട്ട്സ് ബുക്കും അദ്ദേഹത്തിന്റെ പക്കല്‍ കാണാനില്ലെന്ന് അറിയുന്നത്.
പഞ്ചായത്ത് ഫ്രണ്ട് ഓഫീസില്‍ പിടിഎ കമ്മറ്റി സെക്രട്ടറി മാര്‍ച്ച് മൂന്നിന് സമര്‍പ്പിച്ച മുഴുവന്‍ രേഖകളും മാര്‍ച്ച് അഞ്ചിന് എഇ ഏറ്റുവാങ്ങിയതായി പഞ്ചായത്തില്‍ രേഖയുണ്ട്. പഞ്ചായത്ത് അധികൃതരരുടെ നടപടിക്കെതിരെ സമരപരിപാടികള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പിടിഎ കമ്മറ്റി.
എസ്റ്റിമേറ്റില്‍ പറഞ്ഞതിനേക്കാള്‍ തുക ഉപയോഗിച്ച് ക്ലാസ്മുറികള് മനോഹരമാക്കി നിര്‍മ്മിക്കുകയാണ് പിടിഎ കമ്മറ്റി ചെയ്തതെന്നാണ് അധികൃതര്‍ പറയുന്നത്. കുട്ടികളുടെ എണ്ണ കുറവിന്റെ പേരില്‍ രണ്ട് കന്നട ഡിവിഷനുകള്‍ റദ്ദാക്കിയ ബേക്കല്‍ എഇഒ യുടെ നടപടിക്കെതിരെ ജനകീയ പ്രക്ഷോഭം നയിച്ച് ഡിവിഷന് തിരിച്ചുപിടിച്ച പാരമ്പര്യം ആര്‍ആര്‍എംജി യുപി സ്കൂള്‍ പിടിഎ കമ്മറ്റിക്കുണ്ട്. ഒരു വര്‍ഷം മുമ്പ് എസ്എസ്എ എട്ടര ലക്ഷം രൂപ ചെലവില്‍ അനുവദിച്ച ക്ലാസ് മുറിയും എസ്റ്റിമേറ്റില്‍ ഇല്ലാത്ത സ്റ്റെയര്‍കെയ്സ് അടക്കം മനോഹരമായ പൂര്‍ത്തിയാക്കിയതും ഇതേ പിടിഎ കമ്മറ്റിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: