തൃശൂര്‍: സാമൂഹ്യ സേവനത്തിന്റെ ഐതിഹാസിക ഗാഥകള്‍ രചിക്കുന്ന സേവാഭാരതിയുടെ സംസ്ഥാന കാര്യാലയം നാളെ തൃശൂരില്‍ ഉദ്ഘാടനം ചെയ്യും. ട്രെയിനിങ് സെന്റര്‍ ഉള്‍പ്പെടെ അയ്യായിരം ചതുരശ്ര അടിയിലാണ് സ്വന്തമായുള്ള ഓഫീസ് തയാറാക്കിയിട്ടുള്ളത്.
പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനകേന്ദ്രം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള വാര് റൂം, അഡ്മിനിസ്ട്രേഷന്, അക്കൗണ്ട്സ്, പ്രൊജക്റ്റ് വിഭാഗങ്ങള്‍, വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയെല്ലാം പുതിയ ഓഫീസില്‍ സജ്ജമാക്കിയിട്ടുണ്ട്. തൃശൂര്‍ വടക്കേ സ്റ്റാന്‍ഡിനടുത്ത് വടക്കേച്ചിറ റോഡിലാണ് കാര്യാലയം.
കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് തിങ്കള്‍ രാവിലെ പത്തിന് നടക്കുന്ന ലളിതമായ ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് ഉദ്ഘാടനം നിര്‍വഹിക്കും. സേവാഭാരതി കേരള ഘടകം പ്രസിഡന്റ് ഡോ. കെ. പ്രസന്ന മൂര്‍ത്തി അധ്യക്ഷത വഹിക്കും.
സേവാഭാരതി ദേശീയ ഉപാധ്യക്ഷന്‍ ഋഷിപാല്‍ ഡഡ്വാള്‍ സേവാ സന്ദേശം നല്‍കും. ആര്‍എസ്എസ് പ്രാന്ത സഹ സേവാപ്രമുഖ് എം.സി. വത്സന്, സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. ശങ്കരന് നമ്പൂതിരി, സെക്രട്ടറിമാരായ പി. ആര്. സജീവന്, ഡി. വിജയന് എന്നിവരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: