കോഴിക്കോട്: കോവിഡ് 19 കാരണം പാചക തൊഴിലാളികളുടെ ജീവിതം വഴിമുട്ടി. വിവാഹങ്ങളും മറ്റ് സല്‍ക്കാര പരിപാടികളും ലോക്ഡൗണ്‍ കാരണം നടക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാറിന്റെ കനിവ് തേടുകയാണ് ആയിരക്കണക്കിന് വരുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പാചക തൊഴിലാളികള്‍.
ലോക് ഡൗണില്‍ ഇളവ് വരുമ്പോള്‍ പാചക തൊഴിലാളികളുടെ കാര്യങ്ങള്‍ക്കും ഇളവ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. പാചക തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും യാതൊരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല.
സര്‍ക്കാരിന്റെ ഇടപെടലുകളും ഇളവുകളും ലഭിച്ചില്ലെങ്കില്‍ ആത്മഹത്യയുടെ വക്കിലാണ് ഈ മേഖലയിലുള്ളവരെന്ന് കേരള സ്റ്റേറ്റ് കുക്കിങ്ങ് വര്‍ക്കേഴ്സ് യൂണിയന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
യൂണിയന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമൂഹ അടുക്കളയില്‍ സൗജന്യമായി ഭക്ഷണം പാകം ചെയ്യുകയും അത് പാക്ക് ചെയ്ത് വിതരണത്തിന് തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവരുടെ കുടുംബം മുഴുപ്പട്ടിണിയിലാണെന്ന് യൂണിയന് സംസ്ഥാന നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജൂണ്‍ മൂന്നിനകം സംസ്ഥാനത്തെ മുഴുവന്‍ മണ്ഡല കേന്ദ്രങ്ങളും യൂണിയന്റെ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉസ്മാന് പാറയില്‍, സംസ്ഥാന ട്രഷറര്‍ സക്കീര്‍ ഹുസൈന് കാവനൂര്‍, സംസ്ഥാന സെക്രട്ടറി നാസര്‍ കൊടുവള്ളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: