കൊച്ചി: മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടുജോലി ചെയ്യിപ്പിക്കുന്നത് സാധാരണമാണെന്ന് കേരള ഹൈക്കോടതി. കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ എ.എം. ഷഫീഖും മേരി ജോസഫും ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ചാണ് കണ്ണൂര്‍ സ്വദേശിക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഇങ്ങനെ നിരീക്ഷിച്ചത്. മുതിര്‍ന്നവര്‍ ഇളയവരെ ശകാരിക്കുന്നതു സാധാരണമാണെന്നും കോടതി പറഞ്ഞു.
നിരന്തരമായി തന്റെ അമ്മയോടു വഴക്കിടുകയും അതിന്റെ ഭാഗമായി വീട്ടില്‍നിന്നു പിണങ്ങി മാറിത്താമസിക്കുകയും ചെയ്യുന്ന ഭാര്യയില്‍ നിന്നു വിവാഹമോചനം ആവശ്യപ്പെട്ട് കണ്ണൂരിലെ പി.സി. രഞ്ജിത് സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്നലെ ഹൈക്കോടതി പരിഗണിച്ചത്. 2003 ഏപ്രില്‍ 17നായിരുന്നു ഇരുവരും വിവാഹിതരായത്. ഭാര്യയും അമ്മയും തമ്മില്‍ നിരന്തരമായി വഴക്കിട്ടിരുന്നുവെന്നും തുടര്‍ന്ന് 2011ല്‍ അമ്മയോടു പിണങ്ങി ഭാര്യ വീടുവിട്ടിറങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതേതുടര്‍ന്നാണ് രഞ്ജിത് വിവാഹമോചനത്തിനു ഹര്‍ജി നല്‍കിയത്.
തുടര്‍ച്ചയായുള്ള വഴക്കുകള്‍ക്കിടയില്‍ ബലിയാടായത് ഹര്‍ജിക്കാരനാണ്. ഭാര്യയും അമ്മയും തമ്മില്‍ നിരന്തരം വഴക്കടിച്ചിരുന്നുവെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നതെന്നു ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തില്‍ മാറിത്താമസിക്കണമെന്ന ഭാര്യയുടെ ആവശ്യം സ്വാഭാവികമാണ്. മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടുജോലി ചെയ്യിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ല. സംഘര്‍ഷങ്ങളില്ലാത്ത വീടുകളില്ല. ഭാര്യ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതായും കോടതി കണ്ടെത്തി. അമ്മായിയമ്മയുള്ള വീട്ടില്‍ താമസിക്കാനാകില്ലെന്ന മരുമകളുടെ നിലപാട് നീതീകരിക്കാനാവില്ലെന്ന് വിവാഹമോചന ഹര്‍ജി അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: