കൊല്ലം : ഉത്രയെ കൊലപ്പെടുത്തിയത് സ്വത്തിനുവേണ്ടി മാത്രമല്ല ഇന്‍ഷുറന്‍സ് തുക കൂടി കൈക്കലാക്കാനെന്ന് സൂചന. ഉത്രയുടെ പേരില്‍ ഭര്‍ത്താവ് സൂരജ് ഭീമമായ തുകയ്ക്ക് ഇന്‍ഷുറന്‍സ് എടുത്തിരുന്നു. ഈ തുക കൂടി തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു.
ഉത്രയുടെ വീട്ടുകാരുമായി ഇക്കാര്യം പോലീസ് സംസാരിച്ചിട്ടുണ്ട്. ഉത്ര കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് ഇന്‍ഷുറന്‍സ് എടുത്തെതെന്നാണ് സൂചന. കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ലക്ഷ്യംതന്നെയാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് ഇന്‍ഷൂറന്‍സ് സംബന്ധിച്ച സൂചന ലഭിച്ചത്. പോളിസി സംബന്ധിച്ച രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
ലോക്കറിലുണ്ടായിരുന്ന ഉത്രയുടെ സ്വര്‍ണ്ണവും മാതാപിതാക്കളില്‍ നിന്നും കുഞ്ഞിന്റെ പേരില്‍ സ്വത്ത് കൈക്കലാക്കാനുമാണ് സൂരജിന്റെ ശ്രമം നടത്തിയത്. എന്നാല്‍ ലോക്കറിലെ സ്വര്‍ണം പ്രതി എന്ത് ചെയ്തുവെന്ന് അറിയില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
അതേസമയം സൂരജിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും. അഞ്ചു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ പോലീസ് ആവശ്യപ്പെടും. വനംവകുപ്പും പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടും. പ്രതികളുടെ പേരില്‍ വനം വകുപ്പ് നാല് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം നിലവില്‍ പ്രതിപ്പട്ടികയിലുള്ള പാമ്പുപിടിത്തക്കാരന് ചാവരുകാവ് സുരേഷ് കുമാറിനെ മാപ്പുസാക്ഷിയാക്കാനും സാധ്യതയുണ്ട്. സൂരജിന് പാമ്പുകളെ കൈമാറിയ സുരേഷിന്റെ പേരില്‍ കൊലപാതകത്തിനുള്ള ആയുധം നല്‍കിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ആദ്യം അണലിയെ നല്കിയപ്പോള് അറിഞ്ഞിരുന്നില്ലെങ്കിലും മൂര്‍ഖന്‍ പാമ്പിനെ നല്കിയപ്പോള് എന്തിനാണെന്ന ധാരണ സുരേഷിന് ഉണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: