മോദിസര്‍ക്കാര്‍ ഇതുവരെ കൈവരിച്ച നേട്ടങ്ങളുടെ പട്ടികയുമായി കേന്ദ്രമന്ത്രിമാര്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിരവധി പ്രചാരണപരിപാടികളില്‍ ഭാഗഭാക്കാകുകയാണ്. നോവല്‍ കൊറോണ വൈറസിന്റെ ആക്രമണം ലോകത്തെ പിടിച്ചുകുലുക്കിയ ഭീതിജനകമായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഒന്നാം വര്‍ഷം പിന്നിടുന്നത്.
അമേരിക്ക, ചൈന, റഷ്യ, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ വന്‍ശക്തികളടക്കമുള്ള ലോകരാഷ്ട്രങ്ങളില്‍ ഈ പകര്‍ച്ചവ്യാധി പടര്‍ന്നിരിക്കുകയാണ്. 5.69 ദശലക്ഷത്തിലധികം പേര്‍ക്ക് ഈ രോഗം ബാധിച്ചു. ലോകത്തിലാകെ 3,52,000 ത്തിലധികം പേര് രോഗബാധമൂലം മരണത്തിനു കീഴടങ്ങി. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് മുന്നില്‍. ലോകരാജ്യങ്ങള്‍ പലതും വൈറസിനുമുന്നില്‍ പകച്ചു നില്ക്കുന്നു. എന്നാല്‍ ഭാരതത്തിലെ സ്ഥിതി വ്യത്യസ്തമാണ്. വൈറസ് വ്യാപനം വലിയതോതില്‍ നമുക്ക് നിയന്ത്രിക്കാനായി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതസര്‍ക്കാര്‍ ഉചിതമായ സമയത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു. വ്യക്തമായ ആസൂത്രണത്തിലൂടെ ദുരന്തഭീതി അകറ്റിയ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നാം നന്ദി പറഞ്ഞേ മതിയാകൂ. മെയ് 28ലെ കണക്കുപ്രകാരം രാജ്യത്തെമ്പാടുമായി 1,58,000 പേര്‍ക്ക് കോവിഡ് 19 ബാധിച്ചു. അതില്‍ 4,531 പേര് മരിച്ചു. 67,692 ലധികം പേര് രോഗമുക്തി നേടി. എണ്ണയിട്ട യന്ത്രം പോലെ കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയും അതിന് രാജ്യത്തെ ജനം പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തില്ലായിരുന്നെങ്കില്‍ ഈ നേട്ടം നമുക്ക് അവകാശപ്പെടാനാകില്ലായിരുന്നു.
ലോകമെമ്പാടുമുള്ള മറ്റു രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരതത്തിലെ കോവിഡ് മരണനിരക്ക് തുലോം തുച്ഛമാണ്. കണക്കുകള്‍ പരിശോധിച്ചാല്‍ നമ്മുടെ രാജ്യത്ത് കോവിഡ് ബാധിതര്‍ നൂറില്‍ നിന്ന് ഒരുലക്ഷത്തിലെത്താന്‍ 65 ദിവസമെടുത്തു. കഴിഞ്ഞ ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കണമെന്ന കര്ശനമാര്ഗനിര്ദ്ദേശം മാര്‍ച്ച് 17ന് തന്നെ സംസ്ഥാനങ്ങള്‍ക്ക് നല്കി. കോവിഡ് 19 നെതിരായ യുദ്ധത്തിന് നേതൃത്വം നല്കാന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് രംഗത്തിറങ്ങി. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി പ്രധാനമന്ത്രിക്കു കീഴില്‍ അണിനിരന്നത് രോഗവ്യാപനത്തെ തടഞ്ഞു.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായി പോലും തങ്ങളുടെ ജന്മനാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായി. അവരുടെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ടു. 3500 ശ്രമിക് തീവണ്ടികള്‍ ഓടിച്ചതിലൂടെ 48 ലക്ഷം പേര്‍ക്ക് ജന്മനാട്ടില് മടങ്ങിയെത്താനായി. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഭാരതീയരെ മടക്കിക്കൊണ്ടുവരാനായി കേന്ദ്രസര്‍ക്കാര്‍ വന്ദേ-ഭാരത് പദ്ധതിക്ക് രൂപം നല്കി. 34 വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ നിരവധിപേര്‍ ഇതിലൂടെ തിരിച്ചെത്തി. അടുത്തഘട്ടത്തില്‍ ഒരുലക്ഷം പേര് മടങ്ങിയെത്തും.
ക്രിയാത്മകമായ ഇത്തരം നടപടികള്‍ പ്രശ്നപരിഹാരത്തിനുള്ള കഴിവും സാധാരണക്കാരന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അര്‍പ്പണബോധവും വ്യക്തമാക്കുന്നു. സമീപകാലത്തെങ്ങും ലോകത്തിലെ വേറെ ഒരു രാജ്യവും വിമാനമാര്‍ഗം ഇത്രയധികം ആള്‍ക്കാരെ സ്വന്തം രാജ്യത്തേക്ക് മടക്കിയെത്തിച്ചിട്ടില്ല.
സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാനുള്ള നടപടി
ചെറുകിട, ഇടത്തരം കര്‍ഷകരുടെ വരുമാനം ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പോലുള്ള പദ്ധതികള്‍ കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ ആത്മാര്‍ഥത വെളിപ്പെടുത്തുന്നു. നാലുമാസത്തിലൊരിക്കര് 2000 രൂപ വീതം മൂന്നു തവണകളായി ഒരുവര്‍ഷം 6000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ടെത്തിക്കുന്നു.
കാര്‍ഷികമേഖലയെ പരിപോഷിപ്പിക്കാന്‍ പ്രഖ്യാപിച്ച അധികപദ്ധതികള് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും. ഭക്ഷ്യവസ്തുക്കളുടെയും ചരക്കുകളുടെയും വിതരണം കാര്യക്ഷമമാക്കിയതോടെ അവയുടെ ശേഖരണത്തിനും പരിപാലനത്തിനും
സര്‍ക്കാര്‍ അധിക പ്രാധാന്യം നല്കി. പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും ഒരു സംസ്ഥാനത്തു നിന്ന് മറ്റു സംസ്ഥാനങ്ങളിലെത്തിക്കാന്‍ ചട്ടങ്ങളില്‍ പ്രത്യേക ഇളവുകള്‍ വരുത്തിയത് സര്‍ക്കാരിന്റെ സൂക്ഷ്മതയ്ക്ക് തെളിവാണ്. അത്തരം നടപടികള്‍ കര്‍ഷകര്‍ക്ക് മികച്ച വില ഉറപ്പുവരുത്തുകയും ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യും.
സമ്പദ്വ്യവസ്ഥയിലുണ്ടായ കുറവു പരിഹരിച്ച് മടക്കിക്കൊണ്ടുവരാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ജിഡിപിയുടെ പത്തുശമാനം വരുന്ന തുകയാണ്. ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയം മുന്നോട്ടുവച്ച് സ്വയംപര്യാപ്തമായ ഭാരതത്തിനാണ് ഇതിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയ സമ്പത്ത്, അടിസ്ഥാനസൗകര്യം, സംവിധാനം, വര്‍ധിച്ച ജനസംഖ്യ, ആവശ്യകത എന്നീ അഞ്ചുതൂണുകള്‍ വരുംദിനങ്ങളില്‍ ഭാരതത്തിന്റെ വികസനം ത്വരിതപ്പെടുത്തും. പ്രാദേശിക വ്യവസായങ്ങളെ വലിയതോതില്‍ പ്രോത്സാഹിപ്പിക്കാനും പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളെ പിന്തുണച്ച് രാജ്യത്തെ ചെറുകിട വ്യവസായ മേഖലയില്‍ രണ്ടുലക്ഷം കോവിഡ് പരിശോധനാ കിറ്റുകളും രണ്ടുലക്ഷം എന്‍ 95 മുഖാവരണങ്ങളും ദിനംപ്രതി ഉത്പാദിപ്പിക്കുന്നു. ഇത് കോവിഡിനെതിരായ പ്രതിരോധത്തില്‍ നമ്മുടെ രാജ്യത്തെ മാത്രമല്ല സഹായിക്കുന്നത്. മറ്റു രാജ്യങ്ങളെയും സഹായിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ
പിന്തുണയും സഹായവും സ്വീകരിച്ച് ഔഷധനിര്‍മാണ കമ്പനികളുമായി ചേര്‍ന്ന് ഐസിഎംആര്‍ കോവിഡിനുള്ള മരുന്ന് വികസിപ്പിക്കാനുള്ള തീവ്രയത്നത്തിലാണ്. ഈ ദുരന്തത്തെയും പ്രതിസന്ധിയെയും അതിജീവിക്കാന്‍ കൈക്കൊണ്ട നടപടികള്‍ നരേന്ദ്രമോദി സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നു. 2019ല്‍ ജനം ബിജെപിക്ക് നല്കിയവ്യക്തമായ ഭൂരിപക്ഷത്തെ അത് ഒരിക്കല്‍കൂടി ബലപ്പെടുത്തുകയും ന്യായീകരിക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രിയിലും അദ്ദേഹത്തിന്റെ കഴിവിലുമുള്ള ജനങ്ങളുടെ വിശ്വാസം, കൈക്കൊണ്ട ജനോപകാരപ്രദമായ നടപടികള്‍ ഇവയൊക്കെയാണ് മികച്ച ഭൂരിപക്ഷം നേടാന്‍ ബിജെപിയെ സഹായിച്ചത്. ഈ മഹത്തായ വിജയമാകട്ടെ ഭരണപരമായ ഉത്തരവാദിത്വത്തെക്കുറിച്ചും ജനാഭിലാഷം സഫലമാക്കാന്‍ അക്ഷീണം പ്രയത്നിക്കുവാനും സര്‍ക്കാരിനെ കൂടുതല്‍ പ്രേരിപ്പിക്കുന്നു. എല്ലാവര്ക്കും ഒപ്പം എല്ലാവരുടെയും പുരോഗതി എല്ലാവരുടെയും വിശ്വാസം എന്ന മന്ത്രം എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും ഒരുപോലെ പിന്തുടരുന്നു.
ജന്‍ധന്‍-ആധാര്‍-മൊബൈല്ജാം ത്രയം രാജ്യത്തെമ്പാടുമുള്ള പൗരന്മാരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തിക്കാന്‍ ഏറ്റവും ഉത്തമമാണെന്ന് തെളിഞ്ഞു. 56 മന്ത്രാലയങ്ങളിലായി 426 പദ്ധതികള്‍ക്കുവേണ്ടി ഈ പണമെത്തിക്കല്‍ നിഷ്പ്രയാസം നടക്കുന്നു. ഇതാകട്ടെ ഇടയ്ക്ക് പണം ചോരുന്ന വഴികള്‍ അടയ്ക്കുകയും ചെയ്തു.
ജനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടുവന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, സിഎഎ ഭേദഗതി എന്നീ ബില്ലുകള്‍ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയതിലൂടെ ശക്തമായ സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയത്. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ഇതിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കി. മാത്രമല്ല തീവ്രവാദപ്രവര്‍ത്തനം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ കശ്മീരും ലഡാക്കും കേന്ദ്രഭരണപ്രദേശങ്ങളാക്കുകയും ചെയ്തു. അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്നതിനാണ് സിഎഎ ഭേദഗതി കൊണ്ടുവന്നത്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോധ്യയില്‍ മനോഹരവും ഭക്തിരസം തുളുമ്പുന്നതുമായ ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മാണത്തിന് സര്‍ക്കാര്‍ പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കി. പവിത്രമായ രാമജന്മഭൂമി ഭാവിയില്‍ വലിയൊരു തീര്‍ഥാടനകേന്ദ്രമാകും വിധമാണ് സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മാണവുമായി മുന്നോട്ടു പോകുന്നത്.
സാമൂഹ്യ-ലിംഗ നീതിക്കായി
മുത്തലാഖ്, നിയമം മൂലം നിരോധിക്കുക—യും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ പെടുത്തുകയും ചെയ്തത് സാമൂഹ്യ-ലിംഗ നീതി ഉറപ്പുവരുത്തുന്ന നടപടിയാണ്. കാലാകാലങ്ങളായി മുസ്ലിം സമൂഹത്തിനിടയില്‍ സ്ത്രീകള്‍ അനുഭവിച്ചിരുന്ന അനധികൃത വിവാഹമോചനവും തുടര്‍ന്നുണ്ടാകുന്ന അനീതിയും ഇതോടെ അവസാനിച്ചു.
സ്ത്രീകളോടുള്ള വിവേചനം ഒരുതരത്തിലും ഈ സര്‍ക്കാര്‍ തുടരാന്‍ അനുവദിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ നില്‍കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി ഉറപ്പുവരുത്താന്‍ നിരവധി നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. പോക്സോ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി. കുറ്റവാളികള്‍ക്ക് ഉചിതമായ ശിക്ഷ ഉറപ്പുവരുത്തി. അതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിച്ചു.
ഭിന്നലിംഗ വ്യക്തികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തി. തൊഴില്‍ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി പരിഷ്കരിച്ചു. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ പാര്‍ലമെന്റില്‍ കാലികപ്രസക്തമായ നിരവധി ബില്ലുകളാണ് അവതരിപ്പിച്ചത്. ലോക്സഭയില്‍ 64 ബില്ലുകളും രാജ്യസഭയില്‍ 57 ബില്ലുകളും ചര്‍ച്ചചെയ്ത് പാസ്സാക്കി.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി വര്‍ഷം മുഴുവന്‍ നീളുന്ന നിരവധി പരിപാടികളാണ് കേന്ദ്രസര്‍ക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതോടനുബന്ധിച്ച് നൂറിലധികം സ്മാരക സ്റ്റാമ്പുകളും പുറത്തിറക്കും. വിവിധ രാജ്യങ്ങളിലായി ഗാന്ധിജിയുടെ 84 പ്രതിമകളും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: