എന്റെ സഹ ഇന്ത്യക്കാരാ,
കഴിഞ്ഞ വര്‍ഷം ഈ ദിവസം ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഒരു സുവര്‍ണ അധ്യായമാണ് ആരംഭിച്ചത്. നിരവധി പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് രാജ്യത്തെ ജനങ്ങള്‍ സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ കാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിന് വീണ്ടും വോട്ടു നല്കി അധികാരത്തില്‍ എത്തിച്ചത്.
ഒരിക്കല്‍ കൂടി, ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കും നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ക്കും മുന്നില്‍ ഞാന്‍ ശിരസ്സു നമിക്കുന്നു.
സാധാരണ സാഹചര്യങ്ങളില്‍, ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യങ്ങള്‍ അതിന് അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ഈ കത്തിലൂടെ ഞാന്‍ നിങ്ങളുടെ അനുഗ്രഹം തേടുന്നത്.
നിങ്ങളുടെ മമതയും സൗമനസ്യവും സജീവമായ സഹകരണവും പകരുന്നത് പുത്തന്‍ ഊര്‍ജവും പ്രചോദനവുമാണ്. നിങ്ങള്‍ കാട്ടിയ ജനാധിപത്യത്തിന്റെ കൂട്ടായ ശക്തി മുഴുവന്‍ ലോകത്തിനു തന്നെയും ഒരു വഴിവിളക്കാണ്.
2014 ല്‍, രാജ്യത്തെ ജനങ്ങള്‍ വലിയൊരു മാറ്റത്തിനായാണ് വോട്ട് ചെയ്തത്. ഭരണപരമായ ചട്ടക്കൂടുകള്‍ നിലവിലെ അവസ്ഥയില്‍ നിന്നും അഴിമതിയുടെ ചതുപ്പില്‍ നിന്നും ദുര്‍ഭരണത്തില്‍നിന്നും മുക്തമാകുന്നതെങ്ങനെയെന്ന് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ രാഷ്ട്രം കണ്ടു. ‘അന്ത്യോദയ’യുടെ സത്തയ്ക്ക് അനുസൃതമായി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം രൂപാന്തരം പ്രാപിച്ചു.
2014 മുതല്‍ 2019 വരെ ഇന്ത്യയുടെ വളര്‍ച്ച ഗണ്യമായി വര്‍ധിച്ചു. പാവങ്ങളുടെ അന്തസ്സ് ഉയര്‍ത്തി. രാജ്യം സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, സൗജന്യ പാചകവാതക – വൈദ്യുതി കണക്ഷനുകള്‍, സമ്പൂര്‍ണ ശുചിത്വ പരിരക്ഷ എന്നിവ കൈവരിക്കുകയും ‘എല്ലാവര്ക്കും വീട്’ ഉറപ്പാക്കുന്നതില്‍ പുരോഗതി കൈവരിക്കുകയും ചെയ്തു.
സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെയും വ്യോമാക്രമണത്തിലൂടെയും ഇന്ത്യ തങ്ങളുടെ കരുത്ത് വെളിവാക്കി. അതേസമയം, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു റാങ്ക് ഒരു പെന്ഷന്, ഒരു രാജ്യം ഒരു നികുതി – ജി. എസ്. ടി, കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട കുറഞ്ഞ താങ്ങുവില എന്നീ ആവശ്യങ്ങള്‍ നിറവേറ്റി.
2019 ല്‍ ഇന്ത്യയിലെ ജനങ്ങള്‍ വോട്ട് ചെയ്തത് കേവലം ഭരണത്തുടര്‍ച്ചയ്ക്ക് മാത്രമല്ല, ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കുക എന്ന സ്വപ്നത്തോടെയാണ്. ഇന്ത്യയെ ആഗോള നേതൃത്വത്തില്‍ എത്തിക്കാനുള്ള ആഗ്രഹം. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഈ സ്വപ്നം നിറവേറ്റുന്നതിനാണ്.
ഇന്ന് 130 കോടി ജനങ്ങള്‍ക്ക് രാജ്യത്തിന്റെ വികസന പാതയില്‍ തങ്ങള്‍ പങ്കാളികളായിട്ടുണ്ടെന്ന് അനുഭവപ്പെട്ടിരിക്കുന്നു. ‘ജനശക്തി’, ‘രാഷ്ട്രശക്തി’ എന്നിവയുടെ വെളിച്ചം രാജ്യത്തെയാകെ ദീപ്തമാക്കി. ‘എല്ലാവരുടെയുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം’ എന്ന മന്ത്രത്തിന്റെ ശക്തിയില്‍ ഇന്ത്യ എല്ലാ മേഖലകളിലും മുന്നേറുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍, ചില തീരുമാനങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും പൊതു സംവാദങ്ങള്‍ വ്യവഹാരത്തില്‍ ആഴത്തില്‍ തുടരുകയും ചെയ്തു.
ആര്‍ട്ടിക്കിള്‍ 370 ദേശീയ ഐക്യത്തിന്റെയും ഉദ്ഗ്രഥനത്തിന്റെയും സത്ത വര്‍ദ്ധിപ്പിച്ചു. ബഹുമാനപ്പെട്ട സുപ്രീം കോടതി ഏകകണ്ഠമായി നല്കിയ രാമക്ഷേത്ര വിധി നൂറ്റാണ്ടുകളായി തുടരുന്ന വാദപ്രതിവാദങ്ങള്‍ക്ക് സൗഹാര്‍ദ്ദപരമായ സമാപ്തി കുറിച്ചു. മുത്തലാഖെന്ന അപരിഷ്കൃത സമ്പ്രദായം ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ ഒതുങ്ങി. പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ അനുകമ്പയുടെയും സമന്വയ മനോഭാവത്തിന്റെയും പ്രകടനമായിരുന്നു.
എന്നാല്‍ രാജ്യത്തിന്റെ വികസന പാതയ്ക്ക് ആക്കം കൂട്ടിയ മറ്റ് നിരവധി തീരുമാനങ്ങളുമുണ്ട്.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവിയുടെ സൃഷ്ടി സായുധ സേനകള്‍ക്കിടയില്‍ ഏകോപനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള, ദീര്‍ഘകാലം കാത്തിരുന്ന ഒരു പരിഷ്കാരമാണ്. അതേസമയം തന്നെ, ഗഗന്യാന് ദൗത്യത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.
ദരിദ്രര്‍, കര്‍ഷകര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരുടെ ശാക്തീകരണത്തിന് ഞങ്ങള്‍ എല്ലായ്പ്പോഴും പ്രാധാന്യം നല്കുന്നു.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ ഇപ്പോള്‍ എല്ലാ കര്‍ഷകരെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേവലം ഒരു വര്‍ഷത്തിനിടെ, 9 കോടി 50 ലക്ഷത്തിലേറെ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ 72,000 കോടിയിലേറെ രൂപ നിക്ഷേപിച്ചു.
ജല്‍ ജീവന് മിഷനിലൂടെ 15 കോടിയിലധികം ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന് വഴി കുടിവെള്ള വിതരണം ഉറപ്പാക്കും.
നമ്മുടെ 50 കോടി കന്നുകാലികളുടെ മെച്ചപ്പെട്ട ആരോഗ്യത്തിനായി സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന് സംഘടിപ്പിച്ചു വരുന്നു.
നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കൃഷിക്കാര്‍, കര്‍ഷക തൊഴിലാളികള്‍, ചെറുകിട കടയുടമകള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് 60 വയസ്സിനു ശേഷം സ്ഥിരമായി 3000 രൂപ പ്രതിമാസ പെന്ഷന് നല്‍കുമെന്ന് ഉറപ്പാക്കി.
ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സൗകര്യത്തിന് പുറമെ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക വകുപ്പിനും രൂപം നല്കി. മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തുന്നതിന് മറ്റ് നിരവധി തീരുമാനങ്ങളും എടുത്തിട്ടുണ്ട്. ഇത് നീല സമ്പദ്വ്യവസ്ഥയെ പോഷിപ്പിക്കും.
അതുപോലെ, വ്യാപാരികളുടെ പ്രശ്നങ്ങള്‍ യഥാസമയം പരിഹരിക്കുന്നതിനായി ഒരു വ്യാപരി കല്യാണ്‍ ബോര്‍ഡിനു രൂപം നല്‍കാനും തീരുമാനിച്ചു. സ്വയം സഹായ സംഘങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള 7 കോടിയിലധികം സ്ത്രീകള്‍ക്ക് വലിയ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. സ്വയം സഹായ സംഘങ്ങള്‍ക്ക് നല്‍കിയിരുന്ന ഈടില്ലാത്ത വായ്പകള്‍ നേരത്തെയുള്ള 10 ലക്ഷത്തില്‍ നിന്ന് ഇരട്ടിച്ച് 20 ലക്ഷമാക്കി.
ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് 400 ലധികം പുതിയ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളുടെ നിര്‍മ്മാണം നാം ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷം നിരവധി ജനസൗഹൃദ നിയമങ്ങള്‍ നടപ്പാക്കി. ഉല്പാദനക്ഷമതയുടെ കാര്യത്തില്‍, പതിറ്റാണ്ടുകള്‍ പഴക്കമുള്ള റെക്കോര്‍ഡ് നമ്മുടെ പാര്‍ലമെന്റ് തകര്‍ത്തു. ഇതിന്റെ ഫലമായി, ഉപഭോക്തൃ സംരക്ഷണ നിയമം, ചിറ്റ് ഫണ്ട് നിയമ ഭേദഗതി എന്നിവയോ അല്ലെങ്കില്‍ സ്ത്രീകള്‍, കുട്ടികള്‍, ദിവ്യാംഗര്‍ എന്നിവര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിനുള്ള നിയമങ്ങളോ ഒക്കെ പാര്‍ലമെന്റില്‍ ദ്രുതഗതിയില്‍ മുന്നോട്ടു നീക്കി.
സര്‍ക്കാരിന്റെ നയങ്ങളുടെയും തീരുമാനങ്ങളുടെയും ഫലമായി ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യയിലെ ഗ്രാമീണരുടെ എണ്ണം ഇതാദ്യമായി രാജ്യത്തെ നഗരവാസികളുടെ എണ്ണത്തേക്കാള്‍ 10 ശതമാനത്തിലധികമായി.
അത്തരം ചരിത്രപരമായ നടപടികളുടെയും ദേശീയ താല്‍പ്പര്യം മുന്‍ നിര്‍ത്തി എടുത്ത തീരുമാനങ്ങളുടെയും പട്ടിക ഈ കത്തില്‍ വിശദീകരിക്കാനാകാത്ത വിധം ദൈര്‍ഘ്യമേറിയതാണ്. എന്നാല്‍ ഈ വര്‍ഷത്തിലെ എല്ലാ ദിവസവും എന്റെ സര്‍ക്കാര്‍ ഊര്‍ജസ്വലതയോടെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട് എന്നെനിക്ക് പറയാം.
നമ്മുടെ നാട്ടുകാരുടെ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും പൂര്‍ത്തീകരണത്തില്‍ നാം അതിവേഗം മുന്നോട്ട് കുതിക്കുമ്പോഴാണ് കൊറോണ വൈറസ് ആഗോള മഹാമാരി നമ്മുടെ രാജ്യത്തെയും വലയം ചെയ്തത്.
ഒരു വശത്ത് മികച്ച സാമ്പത്തിക സ്രോതസ്സുകളും അത്യാധുനിക ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമുണ്ടെങ്കിലും മറുവശത്ത്, വിശാലമായ ജനസംഖ്യയ്ക്കും പരിമിതമായ വിഭവങ്ങള്‍ക്കുമിടയില്‍ നമ്മുടെ രാജ്യം പ്രശ്നങ്ങളുടെ ഇടയിലാണ്.
കൊറോണ ഇന്ത്യയെ ബാധിക്കുമ്പോള്‍ ഇന്ത്യ ലോകത്തിന് ഒരു വലിയ പ്രതിസന്ധിയാകുമെന്ന് പലരും ഭയപ്പെട്ടു. എന്നാല്‍ ഇന്ന്, പൂര്‍ണ്ണമായ ആത്മവിശ്വാസത്തിലൂടെയും തിരിച്ചുവരവിലൂടെയും ലോകം നമ്മെ നോക്കുന്ന രീതിയെ നിങ്ങള്‍ മാറ്റിമറിച്ചു. ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൈയടിക്കുന്നതിലൂടെയും വിളക്കു കൊളുത്തുന്നതിലൂടെയും, കൊറോണ യോദ്ധാക്കളെ ഇന്ത്യയുടെ സായുധ സേന ആദരിക്കുന്നതിലും , ജനത കര്‍ഫ്യൂ, അല്ലെങ്കില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ സമയത്ത് നിയമങ്ങള്‍ വിശ്വസ്തമായി പാലിക്കുന്നതിലൂടെയാകട്ടെ, എല്ലാ അവസരങ്ങളിലും ശ്രേഷ്ഠ ഭാരതത്തിന്റെ ഉറപ്പാണ് ഏകഭാരതമെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഇത്രയും വലിയ ഒരു മഹാമാരിയുടെ കാലത്ത്, ഒരാള്‍ക്കുപോലും ബുദ്ധിമുട്ടുകളോ, അസ്വസ്ഥതകളോ ഉണ്ടായിട്ടില്ല എന്ന് തീര്‍ച്ചയായും അവകാശപ്പെടാനാവില്ല. തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, ചെറുകിട വ്യവസായ മേഖലകളില്‍ ജോലിയെടുക്കുന്ന വൈദഗ്ധ്യം നേടിയ തൊഴിലാളികള്‍, കരകൗശലവിദഗ്ദ്ധര്‍, സാധനങ്ങള്‍ കൊണ്ടുനടന്ന് വില്‍ക്കുന്ന് ചെറുകിട വ്യാപാരികള്‍ തുടങ്ങിയ നമ്മുടെ സഹോദരങ്ങള്‍ വലിയ കഷ്ടപ്പാടുകളിലൂടെയാണ് ഇക്കാലത്ത് കടന്നുപോകുന്നത്. അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി, നിശ്ചയദാര്‍ഢ്യത്തോടെ, കൂട്ടായ പരിശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്.
എന്നിരുന്നാലും, നാമിപ്പോള്‍ നേരിടുന്ന ഈ ബുദ്ധിമുട്ടുകള്‍ വലിയ ദുരന്തങ്ങളായി മാറില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനാല്‍, രാജ്യത്തെ ഓരോ പൗരനും തനിക്ക് ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും പാലിക്കേണ്ടത് വളരെ പ്രാധാന്യമേറിയ ഒന്നാണ്. നാമിതുവരെ പ്രകടിപ്പിച്ച ക്ഷമ ഇനിയങ്ങോട്ടും തുടരാന്‍ നമുക്കാവണം. കോവിഡ് നാശം വിതച്ച മറ്റു ലോകരാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ടതും, സുരക്ഷിതവുമായ ഒരിടമായി ഇന്ത്യ മാറിയതിന്റെ പ്രധാന കാരണങ്ങളിലൊന്നും ഇത് തന്നെയാണ്. ഇതൊരു ദൈര്‍ഘ്യമേറിയ പോരാട്ടമാണ്, ശരിതന്നെ! പക്ഷെ നാം വിജയത്തിന്റെ പാതയില്‍ യാത്ര തുടങ്ങിക്കഴിഞ്ഞു. കോവിഡിന് മേലുള്ള വിജയം, അതാണ് നമ്മുടെ കൂട്ടായ നിശ്ചയവും.
കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍, പശ്ചിമബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ഒരു സൂപ്പര്‍ സൈക്ലോണ്‍ നാശം വിതച്ചിരുന്നു. എന്നാല്‍ ഇവിടെയും, പൂര്‍വ്വാവസ്ഥ പ്രാപിക്കാന്‍ ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പ്രകടിപ്പിച്ച കഴിവ്, അത് പ്രശംസനീയം തന്നെ. അവര്‍ പ്രകടിപ്പിച്ച ധൈര്യം ഭാരതത്തിലെ ഓരോ പൗരനും പ്രചോദനം നല്‍കുന്നതാണ്.
ഇത്തരമൊരു സന്ദര്‍ഭത്തില്‍, ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകള്‍ എങ്ങനെ തിരിച്ചുവരും എന്നതിനെപ്പറ്റി വലിയ സംവാദങ്ങള്‍ നടക്കുന്നുണ്ട്. ഐക്യത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി കൊറോണ വൈറസിനെതിരെ പോരാടി ലോകത്തെ ആശ്ചര്യപ്പെടുത്തിയവരാണ് നമ്മള്. അതുപോലെ തന്നെ, സാമ്പത്തിക രംഗത്തിന്റെ പുനരുജ്ജീവനത്തിലും, നാം ലോകത്തിനു തന്നെ മാതൃകയാകുമെന്നു എല്ലാവരും വിശ്വസിക്കുന്നു. സാമ്പത്തിക മേഖലകളില്‍, തങ്ങളുടെ കരുത്ത് പ്രകടമാക്കുന്നതിലൂടെ, ലോകത്തെ മുഴുവന്‍ ആശ്ചര്യപ്പെടുത്തുക മാത്രമല്ല, അവരെ മുഴുവന്‍ പ്രചോദിപ്പിക്കാനും 130 കോടി ഭാരതീയര്‍ക്ക് കഴിയും.
നാം സ്വയം പര്യാപ്തത കൈവരിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നമ്മുടെ ശേഷികള്‍ അടിസ്ഥാനമാക്കി, നമ്മുടേതായ വഴികളിലൂടെ നമുക്ക് മുന്നോട്ട് പോയെ തീരൂ. അത് യാഥാര്‍ഥ്യമാക്കാന്‍ ഒരു മാര്‍ഗമേ ഉളളൂ ; ആത്മനിര്‍ഭര്‍ ഭാരത് അല്ലെങ്കില്‍ സ്വയംപര്യാപ്ത ഇന്ത്യ.
ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് വേണ്ടി അടുത്തിടെ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ഈ ദിശയിലുള്ള പ്രധാന കാല്‍വയ്പാണ്.
നമ്മുടെ കര്‍ഷകരാകട്ടെ, തൊഴിലാളികളാകട്ടെ, ചെറുകിട സംരഭകരാകട്ടെ, സ്റ്റാര്‍ട്ട് അപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാക്കളാകട്ടെ, ഓരോ ഭാരതീയനും അവസരങ്ങളുടെ ഒരു പുതുലോകം സൃഷ്ടിക്കാന്‍ ഈ നീക്കം ഗുണം ചെയ്യുമെന്ന് തീര്‍ച്ച.
നമ്മുടെ മണ്ണിന്റെ മണവും, നമ്മുടെ തൊഴിലാളികളുടെ വിയര്‍പ്പും, കഠിനാധ്വാനവും, കഴിവുകളും, പുതിയ ഉത്പന്നങ്ങള്‍ക്ക് ജന്മം നല്‍കും. ഇറക്കുമതിയിന്മേലുള്ള ആശ്രയത്വം കുറച്ച്, സ്വയം പര്യാപ്തമായ ഒരു ഭാരതത്തിലേക്ക് അത് നമ്മെ നയിക്കും.
കഴിഞ്ഞ ആറുവര്‍ഷത്തെ ഈ യാത്രയില്‍ ഉടനീളം, നിങ്ങളുടെ സ്നേഹവും അനുഗ്രഹവും നിങ്ങള്‍ എനിക്കുമേല്‍ ചൊരിഞ്ഞു.
നിങ്ങളുടെ അനുഗ്രങ്ങളുടെ കരുത്തിന്മേലാണ്, കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തന്നെ, ചരിത്രപരമായ തീരുമാനങ്ങള്‍ എടുക്കാനും, വലിയ പുരോഗതി കൈവരിക്കാനും രാഷ്ട്രത്തിനു സാധിച്ചത്. എങ്കിലും, ഇനിയുമേറെ ചെയ്യാനുണ്ടെന്ന ബോധ്യം എനിക്കുണ്ട്. നമ്മുടെ രാജ്യം നേരിടുന്ന വെല്ലുവിളികളും പ്രശ്നനങ്ങളും ഏറെയുണ്ട്. അവ പരിഹരിക്കാനായി അഹോരാത്രം ഞാന്‍ ജോലി ചെയ്യുകയാണ്. എന്നില്‍ കുറവുകളുണ്ടായേക്കാം, പക്ഷെ നമ്മുടെ രാജ്യം എല്ലാം കൊണ്ടും സമ്പന്നമാണ്. അതിനാല്‍, ഞാന്‍ നിങ്ങളില്‍ വിശ്വസിക്കുന്നു, നിങ്ങളുടെ കരുത്തില്‍, നിങ്ങളുടെ കഴിവുകളില്‍ എനിക്ക് വിശ്വാസമുണ്ട്; എന്നില്‍ ഞാന്‍ വിശ്വസിക്കുന്നതിലും ഏറെ!
എന്റ്റെ ദൃഢനിശ്ചയത്തിന്റെ ശക്തിസ്രോതസ്സ് നിങ്ങളാണ്, നിങ്ങള്‍ നല്കുന്ന പിന്തുണ, നിങ്ങളുടെ സ്നേഹം, പ്രാര്‍ഥനകള്‍.
ആഗോള മഹാമാരിയുടെ ഈ കാലം തീര്‍ച്ചയായും ഒരു ദുര്‍ഘടസന്ധി തന്നെയാണ്. പക്ഷെ ഭാരതീയരായ നമുക്കോരോരുത്തര്‍ക്കും ഇത് ശക്തമായ പ്രതിജ്ഞകളുടെ, നിശ്ചയങ്ങളുടെ സമയം കൂടിയാണ്.
നാം എപ്പോഴും ഓര്‍ക്കേണ്ട ഒന്നുണ്ട്. 130 കോടി ഭാരതീയരുടെ വര്‍ത്തമാനമോ, ഭാവിയോ ഒരു വിപത്തിനും നിശ്ചയിക്കാനാവില്ല.
നമ്മുടെ ഇന്നും, നാളെയും നാം തന്നെ തീരുമാനിക്കും.
വളര്‍ച്ചയുടെ പാതയില്‍ നാം മുന്നോട്ട് കുതിക്കും; വിജയം നമ്മുടേതാണ്.
ഇങ്ങനെ പറയാറുണ്ട് – कृतम् मे दक्षिणे हस्ते, जयो मेसव्य आहितः
അതായത്, കര്‍ത്തവ്യവും, പ്രവൃത്തിയും ഒരു കയ്യില്‍ ഉണ്ടെങ്കില്‍, വിജയം മറുകയ്യില്‍ സുനിശ്ചിതം എന്ന്.
നമ്മുടെ രാജ്യത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്, ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ വണങ്ങുന്നു.
നിങ്ങള്‍ക്കും, നിങ്ങളുടെ കുടുംബങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.
ആരോഗ്യത്തോടെ ഇരിക്കൂ, സുരക്ഷിതരായി തുടരൂ!
ഉണര്‍വ്വോടെ ഇരിക്കൂ, അറിവുള്ളവരായി തുടരൂ!
നിങ്ങളുടെ പ്രധാന സേവകന്
നരേന്ദ്ര മോദി
പ്രതികരിക്കാൻ ഇവിടെ എഴുതുക: